കോവിഡ് വാക്സിന്‍ വിതരണത്തിലെ ക്രമീകരണങ്ങളില്‍ പാളിച്ച; ജനം വലയുന്നു

കോവിഡ് വാക്സിന്‍ വിതരണത്തിലെ ക്രമീകരണങ്ങളില്‍ പാളിച്ച; ജനം വലയുന്നു

തൃശൂര്‍: കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ക്രമീകരണങ്ങളിലെ പോരായ്മകള്‍ ജനത്തെ വലയ്ക്കുന്നതായുള്ള പരാതി വ്യാപകമാകുന്നു. ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലെയും ഉദ്യോഗസ്ഥരുടെ സംഘാടന മികവനുസരിച്ചു ജനങ്ങളുടെ ബുദ്ധിമുട്ട് ഏറിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥയാണ്.

വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ആയാസരഹിതമാക്കാനുള്ള പൊതു മാര്‍ഗ രേഖകള്‍ ഉണ്ടാവേണ്ടതുണ്ട്. ലോക് ഡൗണ്‍ വാക്സിനേഷന്‍ ഡ്രൈവിനെ ബാധിക്കരുതെന്നു കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഈ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടി വരും.

ടോക്കണ്‍ നല്‍കുന്നതിലും വാക്സിനെടുക്കാന്‍ വരുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഏകീകൃതമായ സംവിധാനം വേണം. മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. വാക്‌സിന്‍ കിട്ടുമോ എന്നറിയാതെ ഏറെ നേരം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് പലയിടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ പോലും പലയിടത്തും ലംഘിക്കപ്പെടുന്നു.

ജനപ്രതിനിധികള്‍, തദ്ദേശ വോളന്റീര്‍മാര്‍ എന്നിവര്‍ വഴി വാക്സിനെടുക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത് ക്രമപ്പെടുത്താനായാല്‍ ബുദ്ധിമുട്ട് വളരെയേറെ കുറയ്ക്കാനാകും. വാക്സിനെടുക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രത്തില്‍ എത്തുന്നതിനുമുന്‍പുതന്നെ അറിയാനുള്ള സംവിധാനം ഉണ്ടാവണം. ഓരോ കേന്ദ്രത്തിലെയും സൗകര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ വാര്‍ഡ് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഓരോ സെന്ററുകളിലെ ക്രമീകരണം എങ്ങനെയാണെന്ന് അറിയിക്കണം.

എങ്ങനെയാണു വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തേണ്ടത്, ആരെയാണ് ബന്ധപ്പെടേണ്ടത്, എവിടെ കാത്തു നില്‍ക്കണം തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചാല്‍ പ്രതിസന്ധി ലഘൂകരിക്കാനാകും. ഇതൊക്കെ ചിലയിടങ്ങളില്‍ നന്നായി നടക്കുമ്പോള്‍ മറ്റിടങ്ങളില്‍ കുത്തഴിഞ്ഞ രീതിയിലാണ്.

ക്രമീകരണങ്ങളിലെ പോരായ്മകള്‍ സംബന്ധിച്ച് മുതിര്‍ന്ന പൗരന്‍ സി ന്യൂസ് ലേഖകന് അയച്ച നല്‍കിയ വാട്‌സാപ്പ് സന്ദേശം ചുവടെ ചേര്‍ക്കുന്നു:

ഇന്ന് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഞാന്‍ അയ്യന്തോള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തി. മണിക്കൂറുകളോളം ക്യൂ നിന്നു. ടോക്കണ്‍ കിട്ടിയില്ല. ആദ്യത്തെ 100 പേര്‍ക്കാണ് ടോക്കണ്‍ കൊടുത്തത്. അതു കഴിഞ്ഞുള്ളവരോട് ഒന്നും അറിയിക്കാതെ അവിടെ നിര്‍ത്തി പേര് എഴുതി എടുക്കാന്‍ തുടങ്ങി. ഒരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ എല്ലാവരും കൂട്ടംകൂടി നിന്നിട്ടും ജീവനക്കാര്‍ അനങ്ങിയില്ല. പോലീസ് വന്നിട്ടും ക്യൂ നിര്‍ത്തുകയായിരുന്നു. രാവിലെ നാലിനും അഞ്ചിനും വന്ന് ക്യൂ നിന്ന ആളുകള്‍ക്കാണ് ഇന്ന് ടോക്കണ്‍ കിട്ടിയത്. ഇങ്ങനെ പോയാല്‍ കൂടുതല്‍ രോഗവ്യാപനത്തിന് ഇത് ഇടയാക്കും. ഇലക്ഷന്‍ കാലത്ത് ആളുകള്‍ കൂടിനിന്ന പോലെ ആണ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൂടി നില്‍ക്കുന്നത്.
ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. അധികൃതരുടെ ഉത്തരവാദിത്തം ഇല്ലാത്ത ഈ നടപടി കൂടുതല്‍ രോഗവ്യാപനത്തിന് കാരണമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.