കോവിഡ് വ്യാപനം; രാജ്യത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടില്ല, മോഡി പരാജയപ്പെട്ടു: സോണിയ ഗാന്ധി

കോവിഡ് വ്യാപനം; രാജ്യത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടില്ല, മോഡി പരാജയപ്പെട്ടു: സോണിയ ഗാന്ധി

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയിൽ മോഡി പരാജയമായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു.

"ജനങ്ങളോട് സഹാനുഭൂതിയില്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വം മൂലം രാജ്യം മുടന്തുകയാണ്. മോഡി സർക്കാരിന്റെ നിസംഗതയുടെയും കഴിവില്ലായ്മയുടെയും ഭാരം മൂലം നാം മുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സേവനത്തിലൂടെ സ്വയം സമർപ്പിക്കേണ്ട സമയമാണ്,'' ഓൺലൈനായി നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

"ഇത് സർക്കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല, പകരം കൊറോണയും നമ്മളും തമ്മിലുള്ള യുദ്ധമാണ്. ഈ പ്രതിസന്ധിയെ നേരിടാൻ ശാന്തവും കഴിവുറ്റതും ദീർഘവീക്ഷണവുമുള്ള ഒരു നേതൃത്വമാണ് ആവശ്യം. "ഇന്ത്യക്ക് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. എന്നാൽ വിഭവങ്ങൾ ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടു", സോണിയ ഗാന്ധി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ വിവേചനപരമായ വാക്സിനേഷൻ നയം ദശലക്ഷക്കണക്കിന് ദളിതർ, ആദിവാസികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ദരിദ്രർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരെ വാക്സിനേഷനിൽ നിന്ന് മാറ്റിനിർത്തും. മോഡി സർക്കാർ അവരുടെ ധാർമ്മിക ബാധ്യതയും ജനങ്ങളോടുള്ള പ്രതിജ്ഞയും നിറവേറ്റാത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

എന്നാൽ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുന്നതിന് ബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയിട്ടും മോഡി സർക്കാർ മൂന്നാം ഘട്ടത്തിൽ വാക്സിനുകൾ വാങ്ങുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.