വിജയത്തിന്റെ ക്രെഡിറ്റ് വിജയന് മാത്രമല്ല; കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സിപിഎം

വിജയത്തിന്റെ ക്രെഡിറ്റ് വിജയന് മാത്രമല്ല; കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സിപിഎം

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്ന് സി പി എം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായി ആധിപത്യമെന്നും വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ഡല്‍ഹിയിലെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം കുറ്റുപ്പെടുത്തുന്നത്.

കേരളത്തിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ ഫലത്തില്‍ സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലാണ് ഇത്.

പരമാധികാരിയായ കരുത്തനായ നേതാവിന്റെ ഉദയമായി തിരഞ്ഞെടുപ്പ് ഫലത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. ഭരണത്തില്‍ പിണറായി മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. എന്നാല്‍ വിജയം വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമാണെന്നും സിപിഎം ഓര്‍മ്മിപ്പിക്കുന്നു.

മാധ്യമങ്ങളെയാണ് പഴിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ട എന്ന വ്യക്തമായ സന്ദേശം തന്നെയാണ് സിപിഎം ഈ നിലപാടിലൂടെ നല്‍കുന്നത്. വരാന്‍ പോകുന്ന നാളുകളില്‍ പാര്‍ട്ടിയും സര്‍ക്കാരും പിണറായിയിലേക്ക് ചുരുങ്ങുമോ എന്ന ആശങ്കയും കേന്ദ്ര നേതൃത്വത്തിനുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ സിപിഎം കേന്ദ്ര നേതാക്കള്‍ ക്യാപ്റ്റന്‍ എന്ന വിശേഷണം തള്ളിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.