കോവിഡ് വ്യാപനം അതിതീവ്രം: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4092 മരണം, 4,03,738 രോഗികള്‍

കോവിഡ് വ്യാപനം അതിതീവ്രം: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4092 മരണം, 4,03,738 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകള്‍. 4,092 പേര്‍ മരണത്തിന് കീഴടങ്ങി.

തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,83,17,404 പേര്‍ ഇതു വരെ രോഗമുക്തരായി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 2,42,362 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് മരണസംഖ്യ നാലായിരത്തിന് മുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

16,94,39,663 പേര്‍ ഇതു വരെ വാക്സിന്‍ സ്വീകരിച്ചു. രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വാക്സിന്റെ ലഭ്യതക്കുറവ് പലയിടങ്ങളിലും വിതരണം മന്ദഗതിയിലാക്കിയിട്ടുണ്ട്.

ആദ്യമായി രാജ്യത്ത് ഐസിയുകളിലും വെന്റിലേറ്ററുകളിലും ഉള്ള രോഗികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു
രാജ്യത്ത് 50,000 -ത്തില്‍ അധികം രോഗികള്‍ ഐസിയുവിലും 14,000 -ത്തില്‍ അധികം പേര്‍ വെന്റിലേറ്ററുകളിലുമാണ്. കഴിഞ്ഞ ദിവസം മഹരാഷ്ട്രയില്‍ 56,578 പുതിയ കേസുകളും കര്‍ണാടകയില്‍ 47,563 കേസുകളും സ്ഥിരീകരിച്ചു. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗ ബാധിതര്‍.

അതേസമയം കേസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇന്നലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ മേയ് 24 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.