എത്യോപ്യയിലെ ടിഗ്രേയിൽ ക്രിസ്ത്യൻ വംശഹത്യ : ഓർത്തഡോക്സ് സഭാ തലവൻ അബുൻ മത്തിയാസ്

എത്യോപ്യയിലെ ടിഗ്രേയിൽ ക്രിസ്ത്യൻ വംശഹത്യ : ഓർത്തഡോക്സ് സഭാ തലവൻ അബുൻ മത്തിയാസ്

വാഷിംഗ്ടൺ : വംശഹത്യയ്ക്ക് തുല്യമായ അതിക്രമങ്ങളാണ് ടിഗ്രേയിൽ നടക്കുന്നതെന്ന്  എത്യോപ്യൻ  ഓർത്തഡോക്സ് സഭയുടെ തലവൻ അബുൻ മത്തിയാസ്  ആരോപിച്ചു. കഴിഞ്ഞ വർഷം നവംബറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ആയിരക്കണക്കിന് ടിഗ്രേ  വംശജരായ  ക്രൈസ്തവരാണ് മരണപ്പെട്ടത്.

2013 മുതൽ സഭയുടെ തലവനായ പാത്രിയർക്കീസ് മത്തിയാസ് ഇതിന് ഉത്തരവാദികൾ ആരാണെന്ന് പറഞ്ഞിട്ടില്ല. ഒരു അമേരിക്കൻ ചാരിറ്റി പ്രവർത്തകൻ വെള്ളിയാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം സംസാരിച്ചത്. ടിഗ്രേയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയണമെന്ന് പാത്രിയർക്കീസ് ആഗ്രഹിച്ചതിന്റെ വെളിച്ചത്തിലാണ് യുഎസ് ആസ്ഥാനമായുള്ള ബ്രിഡ്ജ് ഓഫ് ഹോപ്പ് ഇന്റർനാഷണൽ എന്ന  ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ഡെന്നിസ് വാഡ്‌ലി, ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെഡറൽ സേനയും ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (ടിപിഎൽഎഫ്) തമ്മിൽ നവംബർ ആദ്യം ടിഗ്രേയിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടിരുന്നു. നവംബർ അവസാനം സർക്കാർ വിജയം പ്രഖ്യാപിച്ചു.  മേഖല സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന്  സർക്കാർ പറയുന്നുവെങ്കിലും  സംഘർഷം കാരണം ടിഗ്രേയുടെ പല ഭാഗങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് സന്നദ്ധസംഘടനകൾ വ്യക്തമാക്കുന്നു.

എല്ലാ എത്യോപ്യക്കാരെയും അന്താരാഷ്ട്ര സമൂഹത്തെയും അഭിസംബോധന ചെയ്തുകൊണ്ട് അബുൻ മത്തിയാസ് വീഡിയോ ആരംഭിക്കുന്നു. എത്യോപ്യയിലുടനീളം, പ്രത്യേകിച്ചും ടിഗ്രേയിൽ, നിരവധി ക്രൂരതകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. സ്ത്രീകളെ ബലാത്സംഗം ചെയ്യുക, ബോംബാക്രമണം, പള്ളികൾ നശിപ്പിക്കുക തുടങ്ങിയ അതിക്രമങ്ങൾ വിവരിക്കുന്നതിനു മുമ്പ് വംശഹത്യയാണ് ടിഗ്രേയിൽ അരങ്ങേറുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ടിഗ്രേയിലെ സർക്കാർ ടാസ്‌ക്ഫോഴ്‌സ് മേധാവി റെഡ്വാൻ ഹുസൈൻ ശനിയാഴ്ച ഈ വീഡിയോയെക്കുറിച്ച് പ്രതികരിച്ചില്ല. യുദ്ധത്തിൽ സാധാരണക്കാർ മരിക്കാനിടയായതിൽ സർക്കാർ അനുശോചിക്കുന്നുവെന്നും ആരോപിക്കപ്പെടുന്ന എല്ലാ സൈനീക ദുരുപയോഗങ്ങളും അന്വേഷിക്കാനും കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാനും പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി അബി അഹമ്മദ്  മുൻപ്  പ്രസ്താവിച്ചിരുന്നു. 

സൈനീക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്ന് ടിഗ്രേയൻ വംശജനും അഡിസ് അബാബ ആസ്ഥാനമായി പ്രവർത്തിക്കുന്ന അബുൻ മത്തിയാസ് വീഡിയോയിൽ പറഞ്ഞു. ആരാണ് സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.  വീഡിയോ പ്രസിദ്ധപ്പെടുത്തിയ ശേഷം പാത്രിയർക്കീസുമായി ബന്ധപ്പെടുവാൻ പുറംലോകത്തിനു സാധിച്ചിട്ടില്ല.

എത്യോപ്യയുടെ വടക്കേ അറ്റത്ത് എറിത്രിയയുടെ അതിർത്തിയിലാണ് ടിഗ്രേ സ്ഥിതി ചെയ്യുന്നത്. എത്യോപ്യയിലെ ജനസംഖ്യയുടെ 6% വരുന്ന ടിഗ്രേ വംശജരാണ് ഇവിടെ അധിവസിക്കുന്നവർ. അതിൽ 90 ശതമാനവും  എത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.