ബംഗ്ലൂരൂ: ജീവിതവിജയത്തിന് കുറുക്കുവഴിയില്ലെന്ന് കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞത് അനർത്ഥമാക്കുകയാണ് നവീൻ എന്ന യുവാവ്. പതിനെട്ട് വർഷത്തോളം പല ബഹുരാഷ്ട്ര ഐടി കമ്പനികളിൽ പണിയെടുത്തിട്ടും നവീൻ്റെ തലവര മാറ്റിയത് തൊടിയിൽ ഉപേക്ഷിക്കപ്പെട്ടകിടന്ന വാഴപ്പിണ്ടിയും ഇടിചക്കയുമാണെന്ന് പറയാം. നമ്മുടെ തനത് വിഭവങ്ങൾ പലതും സംസ്ക്കരിച്ച് പാകപ്പെടുത്തിയെടുക്കുക ദുർഘടം പിടിച്ച പണിയാണെന്ന തിരിച്ചറിവാണ് എൻജിവി നാച്വറൽ ഇൻഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന് തുടക്കമിടാൻ നവീന് പ്രേരകമായത്.
പിണ്ടി വെട്ടിയെടുത്ത് അരിഞ്ഞു നുറുക്കുക. ചക്കവെട്ടി തൊലി കളഞ്ഞ് കൂഞ്ഞിലും കുരുവും മാറ്റി ചുള എടുക്കുക. പശ പോലെ ഒട്ടിപിടിക്കുന്ന കറ. പുതു തലമുറയ്ക്ക് ഇതിലൊന്നും ബുദ്ധിമുട്ടാനോ, മാറ്റിവെക്കാൻ സമയമോ സാവകാശമോയില്ലല്ലോ. എന്നാൽ അല്പം കഷ്ടപ്പെട്ടാൽ ജീവിതം മാറുമെന്ന് തെളിവാണ് നവീൻ എന്ന യുവാവ്. കഠിനാധ്വാനം ചെയ്യാൻ തയ്യാറായാൽ ജീവിത വിജയം നേടുമെന്ന് നവീൻ തെളിയിച്ചു.
വിജയത്തിന് കുറുക്കുവഴിയില്ലെന്ന് അമ്മ പറഞ്ഞു തന്ന യാഥാർത്ഥ്യം മനസ്സിലാക്കി നവീൻ തൻ്റെ സംരംഭത്തിന് തുടക്കമിട്ടു. 2019 മാർച്ചിൽ. ജീവിത സഖി പവിത്ര കോ-ഫൗണ്ടറായി കൂടെ നിന്നു. ഒരു വർഷത്തോളം ഇരുവരും നന്നായി പഠിച്ച ശേഷമാണ് സംരംഭം തുടങ്ങിയത്. നല്ല ഹോം വർക്ക്.ആദ്യം കറിവെക്കാൻ പാകത്തിന് വാഴപ്പിണ്ടി നുറുക്കാണ് പാക്കറ്റിലാക്കി മാർക്കറ്റിൽ എത്തിച്ചത് . ഇതിനായി യന്ത്രങ്ങൾ വികസിപ്പിച്ചെടുത്തു.
ബാംഗ്ലൂരുവിലെ ഈ യൂണിറ്റിൽ ഇന്ന് ഒരു ദിവസം ഒരു ടൺ വാഴപ്പിണ്ടി സംസ്ക്കരിച്ചെടുക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇടിയൻ ചക്ക സംസ്ക്കരണത്തിലേക്ക് കടന്നു. അതിനും യന്ത്രങ്ങളായി. ഇപ്പോൾ 500 കിലോ ഒരു ദിവസം ഇവിടെ സംസ്ക്കരിച്ചെടുക്കും. പ്രിസർവേറ്റീവ്സ് ഉപയോഗിക്കാതെ പരമാവധി ഷെൽഫ് ലൈഫ് കിട്ടാൻ ഗവേഷണങ്ങൾ നടത്തി. ഇടിയൻ ചക്കയ്ക്ക് പറ്റിയ ഇനങ്ങൾ തേടിപ്പിടിച്ചാണ് സംഭരണം.
വീടുകൾക്ക് പുറമെ വൻകിട ഹോട്ടലുകൾ, കേറ്ററിങ് യൂണിറ്റുകൾ, ചെറിയ റസ്റ്റോറന്റുകൾ എല്ലാം ഉത്പന്നം വാങ്ങുന്നു.ഐടി കമ്പനികളിലെ കഫെകളിലും നവീൻ്റെ ഉത്പന്നങ്ങളെത്തി. ബാംഗ്ലൂർ, മംഗലാപുരം, ചെന്നൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വിപണനം. ബാംഗ്ലൂരുവിൽ മാത്രം 150 ഹോട്ടലുകൾ നവീൻ്റെ ഉത്പന്നം വാങ്ങുന്നു.
കോവിഡ് കാലത്ത് ബിസിനസ്സിൻ്റെ 80 ശതമാനവും ഓൺലൈനായി. സ്റ്റാർട്ടപ്പ് ഇന്ത്യ, കർണ്ണാടക സ്റ്റാർട്ടപ്പ്, കേന്ദ്ര വാണിജ്യ മന്ത്രാലയം, നീതി അയോഗ്, അടൽ ഇന്നവേഷൻ മിഷൻ , ഐസിഎആർ എന്നീ ഏജൻസികളുടെ കലവറയില്ലാത്ത പിന്തുണ കിട്ടിയെന്ന് നവീൻ പറയുന്നു.
തൊടിയിലെ കുലച്ച വാഴകളിലും വെറുതെ വീണു പോകുന്ന ചക്കകളിലും ഒക്കെ നിങ്ങളുടെ തലവര മാറ്റാനുള്ള കഴിവുണ്ട്. യൗവനത്തിന്റെ പ്രസരിപ്പ് വെറുതെ കളയാതെ ഒരല്‍പം കഠിനാധ്വാനം ചെയ്യാൻ തയ്യാറായാൽ ജീവിതം മാറുമെന്നുു നവീന്റെ കഥ തെളിയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.