തിരുവനന്തപുരം: കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ ഇന്നലത്തെ കണക്കു പ്രകാരം 1249 കോവിഡ് രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ആശുപത്രികളില്‍ കളിയുന്നത്. 2528 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതിനാല്‍ ഐസിയു, വെന്റിലേറ്റര്‍ ക്ഷാമം വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ആശങ്ക.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2857 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെന്റിലേറ്ററിലാകുന്ന രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ഓക്‌സിജന്‍ കിടക്കകളുടെയും ഐസിയുവിന്റെയും ക്ഷാമം മൂലം കൃത്യസമയത്തു വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ ഡല്‍ഹിയിലേതിന് സമാനമായി ഗുരുതരാവസ്ഥയിലാകുന്ന രോഗികളും ഒട്ടേറെയുണ്ട്. കോവിഡ് ഇതര രോഗങ്ങളുമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്കും പ്രതിസന്ധിയുണ്ട്.
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല സമിതി സ്ഥിരീകരിക്കാന്‍ വൈകുന്നതിനാല്‍ ദിവസേനയുള്ള കണക്കുകളില്‍ പ്രതിഫലിക്കുന്നില്ല. ഇന്നലെ സ്ഥിരീകരിച്ച 68 പേരുടെ പട്ടികയില്‍ ഏപ്രില്‍ 30 മുതലുള്ള മരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് ആയ ശേഷമുള്ള മരണങ്ങള്‍ ഇപ്പോഴും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല.
അതിനിടെ സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രവര്‍ത്തി ദിവസമായതിനാല്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ റോഡുകള്‍ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 3065 പേര്‍ക്കെതിരെയാണ് കേസെടുത്തത്. വിവിധ യാത്രാ ആവശ്യങ്ങള്‍ക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ എണ്‍പത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു.
അതേസമയം, കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കും. അടിയന്തര ആവശ്യങ്ങളൊഴികെ സംസ്ഥാനാന്തര യാത്രകള്‍ വിലക്കി. 14 ദിവസത്തേക്കാണ് സമ്പൂര്‍ണ അടച്ചിടല്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ തമിഴ്‌നാട്ടില്‍ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ണ്ണാടകത്തില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ പത്ത് വരെ തുറക്കും. കേരള, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.