കഞ്ഞിക്ക് 1353 രൂപ !! ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപ !..സ്വകാര്യ ആശുപത്രി കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കഞ്ഞിക്ക് 1353 രൂപ !! ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപ !..സ്വകാര്യ ആശുപത്രി കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പന്‍ തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. നീതികരിക്കാന്‍ കഴിയാത്ത തരത്തില്‍ സ്വകാര്യ ആശുപത്രികള്‍ ബില്ല് ഈടാക്കിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടേ തീരൂ എന്ന സാഹചര്യമുണ്ടായതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ഇന്നലെ മാത്രം ലഭിച്ച ബില്ലുകള്‍ ഉയര്‍ത്തിക്കാണിച്ച കോടതി, കഞ്ഞി നല്‍കാനായി 1353 രൂപ ഈടാക്കിയെന്ന് പറഞ്ഞു. ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയാണ് വാങ്ങിയത്. ആലുവയിലെ അന്‍വര്‍ ആശുപത്രിയില്‍ അമിത ഫീസ് ഈടാക്കിയ സംഭവത്തില്‍, ഡിഎംഒയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കോടതി പറഞ്ഞു.

എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഉത്തരവിലെ പല നിര്‍ദേശങ്ങളെയും കോടതിയില്‍ എതിര്‍ത്തു. പല നിര്‍ദേശങ്ങളും പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു സബ്‌സിഡിയും നല്‍കുന്നില്ലെന്നും ആശുപത്രികള്‍ വാദിച്ചു. എംഇഎസ് ആശുപത്രി, സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് കോടതിയെ അറിയിച്ചു. നഷ്ടം സഹിക്കേണ്ടി വരുമെങ്കിലും സേവനം എന്ന നിലയില്‍ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറാണെന്നും എംഇഎസ് വ്യക്തമാക്കി.

എന്നാല്‍ മഹാമാരിക്കാലത്ത് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളില്‍ വന്ന ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ ലഭിച്ചവരുണ്ടെങ്കില്‍ അതുമായി ഡിഎംഒയെ സമീപിച്ചാല്‍ അതില്‍ നടപടി ഉണ്ടാവണം എന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.