ഒഴുകിയെത്തുന്നത് നിരവധി മൃതദേഹങ്ങള്‍; കണ്ണീരണിഞ്ഞ് ഗംഗയും യമുനയും

ഒഴുകിയെത്തുന്നത് നിരവധി മൃതദേഹങ്ങള്‍; കണ്ണീരണിഞ്ഞ് ഗംഗയും യമുനയും

ലക്‌നൗ: ഗംഗ, യമുനാ നദികളിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് സമീപ വാസികളില്‍ ആശങ്ക പടര്‍ത്തി. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ യമുനാ നദിയിലും ബിഹാറിലെ ബക്‌സറില്‍ ഗംഗാ നദിയിലുമാണ് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് പാതി ദഹിപ്പിച്ചത് അടക്കമുള്ള മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന വിവരം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവ കോവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഉത്തര്‍പ്രദേശിന്റെയും ബിഹാറിന്റെയും അതിര്‍ത്തിയിലുള്ള ചൗസ നഗരത്തില്‍ ഗംഗാ നദിയിലൂടെ 4045 മൃതദേഹങ്ങള്‍ ഒഴുകി വന്നതായി ചൗസ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥനായ അശോക് കുമാര്‍ പറഞ്ഞു. കൂട്ടമായി മൃതദേഹങ്ങള്‍ നദിയില്‍ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടിയെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.

മൃതദേഹങ്ങള്‍ യമുനാ നദിയിലേക്ക് ഒഴുക്കുന്ന ആചാരം തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിലുണ്ട്. പ്രാദേശിക പൊലീസിനോട് ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി ഹാമിര്‍പുര്‍ എഎസ്പി അനൂപ് സിങ് പറഞ്ഞു. ഒഴുകിവന്ന മൃതദേഹങ്ങളില്‍ രണ്ടെണ്ണം പാതി കരിഞ്ഞ നിലയിലായിരുന്നു. സമീപ ജില്ലകള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. ഹാമിര്‍പുര്‍ ജില്ലയില്‍ ശ്മശാനങ്ങളെല്ലാം നിറഞ്ഞതോടെ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ടുണ്ട്.

'കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം വന്നു ജനങ്ങള്‍ കൂടുതലായി മരിക്കുകയാണ്. മറ്റുള്ളവരെ സഹായിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ ഭയപ്പെടുന്ന സാഹചര്യമുണ്ട്. ഈ അവസ്ഥയില്‍ പലരും മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളില്‍ തള്ളുന്നതായാണു വിവരം'- ഹാമിര്‍പുര്‍ നഗര പാലികയിലെ കൗണ്‍സിലര്‍ ദിനേഷ് നിഗം പറഞ്ഞു. ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.