കൊച്ചി: രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ അധോലോക നായകന്‍ വിന്‍സെന്റ് ഗോമസും ന്യൂഡല്‍ഹിയിലെ പത്രപ്രവര്‍ത്തകന്‍ ജി.കൃഷ്ണമൂര്‍ത്തി എന്ന ജി.കെയും ഇന്നും മലയാള സിനിമാ പ്രേമികളുടെ നെഞ്ചിലുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും സൂപ്പര്‍ താരങ്ങളായി മലയാള സിനിമയില്‍ ഇടം നേടിക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും. സൃഷ്ടിച്ചതാകട്ടെ ഡെന്നീസ് ജോസഫ് എന്ന മാന്ത്രികനായ തിരക്കഥാകൃത്തും.
കരിയറില്‍ തിരിച്ചടി നേരിട്ട കാലത്ത് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും തിരിച്ചുവരവിന് അവസരം നല്‍കിയ കഥാപാത്രങ്ങളായിട്ടാണ് ഇവ വിലയിരുത്തപ്പെടുന്നത്. ഡെന്നീസ് ജോസഫ് എന്ന മാന്ത്രിക തിരക്കഥാകൃത്തിന്റെ തൂലികയില്‍ പിറന്നുവീണ ഈ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ നെറുകയില്‍ വലിച്ചിട്ട കസേരകള്‍ പിന്നീട് ഇളകിയിട്ടേയില്ലെന്നതാണ് ചരിത്രം.
രാജാവിന്റെ മകനിലൂടെ മോഹന്‍ലാലും ന്യൂഡല്‍ഹിയിലൂടെ മമ്മൂട്ടിയും പിന്നീട് മലയാള സിനിമയില്‍ രണ്ടാമത്തേയോ മൂന്നാമത്തേയോ തലമുറയില്‍പെട്ട ആക്ഷന്‍ ഹീറോകളായും എല്ലാത്തരം കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള സൂപ്പര്‍സ്റ്റാറുകളിലേക്കും വളരാന്‍ തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.
മമ്മൂട്ടിയ്ക്ക് സൂപ്പര്‍താര പരിവേഷം സൃഷ്ടിച്ചുകൊടുത്ത സിനിമകളായി വിലയിരുത്തപ്പെടുന്ന ന്യൂഡല്‍ഹിയും നിറക്കൂട്ടും ഡെന്നീസിന്റെ തൂലികയില്‍ നിന്നുമായിരുന്നു. നായര്‍സാബ്, കോട്ടയം കുഞ്ഞച്ചന്‍, മനു അങ്കിള്‍ തുടങ്ങി മമ്മൂട്ടിയ്ക്ക് വേണ്ടി പിന്നീടും അനേകം കഥാപാത്രങ്ങളെ ഡെന്നീസ് ജോസഫ് സൃഷ്ടിച്ചു.
രാജാവിന്റെ മകനും വഴിയോരകാഴ്ചകളും ഭൂമിയിലെ രാജാക്കന്മാരുമൊക്കെയായി മോഹന്‍ലാലും യുവ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷടിച്ചു. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് തിരിച്ചടി നേരിട്ട് ഒരു സൂപ്പര്‍ഹിറ്റ് അനിവാര്യമായി വന്ന ഘട്ടത്തിലായിരുന്നു ന്യൂഡല്‍ഹിയിലൂടെ ഡെന്നീസ് ജോസഫ് സൃഷ്ടിച്ച ജി.കെ. എന്ന പ്രതികാര ദാഹിയായ പത്രപ്രവര്‍ത്തകന്‍ മമ്മൂട്ടിക്ക് പുതുജീവനായത്.
തിരിച്ചടികളുമായി കരിയറില്‍ മോശം കാലത്തിലൂടെ കടന്നു പോകുമ്പോഴായിരുന്നു ഡെന്നീസിന്റെ വിന്റ്സെന്റ് ഗോമസ് എന്ന അധോലോക നായക കഥാപാത്രത്തിലൂടെ മോഹന്‍ലാലിന്റെ ഉജ്വല തിരിച്ചുവരവ് കണ്ടത്. ഇപ്പോഴും ടെലിവിഷനില്‍ രാജാവിന്റെ മകനും ന്യൂഡല്‍ഹിയും ആള്‍ക്കാര്‍ സിനിമ ആസ്വദിക്കുന്നുണ്ടെങ്കില്‍ അതില്‍ നല്ലൊരു പങ്ക് ഡെന്നീസ് ജോസഫിനും അവകാശപ്പെട്ടതാണ്. 80 കളിലും 90 കളിലും മലയാള സിനിമകളുടെ കഥാ രീതികളില്‍ തന്നെ വ്യത്യാസം കൊണ്ടുവന്ന തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. മലയാള സിനിമകള്‍ സഞ്ചരിച്ച പതിവ് പാതയില്‍ നിന്നും തന്റെ നായകന്മാരെ ഡെന്നീസ് ജോസഫ് മാറ്റി നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.