വ്യാവസായിക മാലിന്യങ്ങള്‍ക്കുള്ള ബിന്നില്‍ കിടന്നുറങ്ങിയ പതിമൂന്നുകാരന്‍ ട്രക്കിനടിയില്‍പെട്ട് ദാരുണമായി മരിച്ചു

വ്യാവസായിക മാലിന്യങ്ങള്‍ക്കുള്ള ബിന്നില്‍ കിടന്നുറങ്ങിയ പതിമൂന്നുകാരന്‍ ട്രക്കിനടിയില്‍പെട്ട് ദാരുണമായി മരിച്ചു

ആഡലേയ്ഡ്: വ്യാവസായിക മാലിന്യങ്ങള്‍ ശേഖരിക്കുന്ന വലിയ ബിന്നില്‍ രാത്രി രണ്ടു കൂട്ടുകാര്‍ക്കൊപ്പം കിടന്നുറങ്ങിയ 13 വയസുകാരന്‍ ഗാര്‍ബേജ് ട്രക്കിനടിയില്‍പെട്ട് മരിച്ചു. രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടു. സൗത്ത് ഓസ്‌ട്രേലിയയിലെ പോര്‍ട്ട് ലിങ്കണില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് അതിദാരുണമായ സംഭവം. ഗാര്‍ബേജ് ട്രക്കിന്റെ ഡ്രൈവര്‍ കുട്ടികളുണ്ടെന്നറിയാതെ വേസ്റ്റ് ബിന്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

ലിവര്‍പൂള്‍ സ്ട്രീറ്റിലെ മക്‌ഡൊണാള്‍ഡ് ഔട്ട്ലെറ്റിനു സമീപമുള്ള കാര്‍പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നിലാണ് പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ക്കൊപ്പം 13 വയസുകാരനും ഇന്നലെ രാത്രി കിടന്നുറങ്ങിയത്. പതിവായി മാലിന്യങ്ങള്‍ നീക്കുന്ന ഗാര്‍ബേജ് ട്രക്ക് പുലര്‍ച്ചെ എത്തിയപ്പോഴാണ് അപകടം. ബിന്നിനുള്ളില്‍ കുട്ടികള്‍ ഉണ്ടെന്നറിയാതെ ഡ്രൈവര്‍ വേസ്റ്റ ബിന്‍ ഉയര്‍ത്തി. ഒരാള്‍ ബിന്‍ ഉയര്‍ത്തുന്നതിനിടെ ചാടി പുറത്തേക്കു രക്ഷപ്പെട്ടു. ഒരാള്‍ ട്രക്കിലേക്കു വീണെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ ട്രക്കിനടിയില്‍പെട്ട 13 വയസുകാരന് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവനങ്ങള്‍ സംഭവ സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക്കല്‍ സ്റ്റാഫ് തീവ്രമായി പരിശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സൗത്ത് ഓസ്‌ട്രേലിയ പോലീസ് പറഞ്ഞു.

ആദ്യം പുറത്തിറങ്ങിയ കുട്ടി ബിന്നില്‍ കൂട്ടുകാരുണ്ടെന്ന് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ട്രക്കിന്റെ ക്യാബിനില്‍ മുട്ടിവിളിച്ചെങ്കിലും അപ്പോഴേക്കും അപകടമുണ്ടായിക്കഴിഞ്ഞിരുന്നു. മൂന്ന് ആണ്‍കുട്ടികളും പോര്‍ട്ട് ലിങ്കണില്‍ നിന്നുള്ളവരാണ്. അപകടം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ഇപ്പോഴും മുക്തരായിട്ടല്ലെന്നു പോലീസ് സൂപ്രണ്ട് പോള്‍ ബഹര്‍ പറഞ്ഞു. സംഭവത്തില്‍ പോര്‍ട്ട് ലിങ്കണ്‍ മേയര്‍ ബ്രാഡ് ഫ്‌ളാഹെര്‍ട്ടി ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി. ഇതൊരു ഭയാനകമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

ട്രക്ക് ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റിയതായി സൂപ്രണ്ട് ബഹര്‍ പറഞ്ഞു. പോര്‍ട്ട് ലിങ്കണില്‍ േവസ്റ്റ് ബിന്നുകളില്‍ കുട്ടികള്‍ ഉറങ്ങുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26