ആലപ്പുഴ: മലയാളികളുടെ വിപ്ലവ താരകം വലിയ ചുടുകാട്ടിലെ ചുവന്ന ജ്വാലയില്‍ എരിഞ്ഞടങ്ങി. ചെങ്കൊടി പുതച്ച് ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തില്‍ തന്റെ പ്രിയപ്പെട്ട ടി.വി തോമസ് അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ മണ്ണില്‍ തൊട്ടടുത്ത് ഇനി ഗൗരിയമ്മയ്ക്കും അന്ത്യ വിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആ രക്ത നക്ഷത്രം മണ്ണിലേക്ക് മടങ്ങുമ്പോള്‍ കേരളം ഏറ്റു പറഞ്ഞു...വിപ്ലവ താരകമേ...ലാല്‍ സലാം...ലാല്‍ സലാം.
അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു.
കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായക നീക്കങ്ങള്‍ക്കും വേദിയായ ചാത്തനാട്ട് വീട്ടില്‍ അല്‍പസമയം പൊതുദര്‍ശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തില്‍ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തില്‍ വൈകുന്നേരം അഞ്ചു മണിയോടെ സംസ്‌കരിച്ചു.
ഏപ്രില്‍ 22 മുതല്‍ പനിയും ശ്വാസ തടസങ്ങളുമായി ആശുപത്രിയിലായിരുന്നു. ഇടക്ക് തീവ്ര പരിചരണവിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അണുബാധ വീണ്ടും കൂടിയതോടെ സ്ഥിതി ഗുരുതരമായി. മരണ വാര്‍ത്തയറിഞ്ഞതോടെ സ്വകാര്യആശുപത്രിയിലേക്ക് നേതാക്കളെത്തിത്തുടങ്ങി.
സിപിഎമ്മിനോട് ഇണങ്ങിയും പിണങ്ങിയും മുന്നേറിയ ജീവിതത്തില്‍ ആഗ്രഹ പ്രകാരം അവസാനം പാര്‍ട്ടിപ്പതാക പുതപ്പിച്ച് ഗൗരിയമ്മയുടെ മൃതശരീരം രാവിലെ പത്തിന് അയ്യന്‍കാളി ഹാളില്‍ ഒരു മണിക്കൂര്‍ പൊതു ദര്‍ശനത്തിന് വച്ചു. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് അടക്കമുള്ള പ്രമുഖരെല്ലാം അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഗൗരിയമ്മക്ക് ആദരമര്‍പ്പിക്കാനായി അയ്യന്‍കാളി ഹാളിലെ ചടങ്ങിനായി കൊവിഡ് പ്രോട്ടോക്കോളില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. മൂന്നൂറ് പേര്‍ക്ക് പങ്കെടുക്കാനായിരുന്നു അനുമതി. രാഷ്ട്രീയ കേരളത്തിന്റെ തലസ്ഥാനം കരുത്തുറ്റ വനിതക്ക് വിടചൊല്ലി 12 മണിയോടെ അയ്യന്‍കാളി ഹാളില്‍ നിന്നും വിപ്ലവ മണ്ണായ ആലപ്പുഴയിലേക്ക്. അവസാനം രണഭൂമിയില്‍ വിപ്ലവ ജ്വാലയായി എരിഞ്ഞടങ്ങി. കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത പേരായി ഇനി ചരിത്രം അടയാളപ്പെടുത്തും കെ.ആര്‍ ഗൗരിയമ്മയുടെ പേര്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.