ഓസ്ട്രേലിയയുടെ അതിര്‍ത്തികള്‍ 2022 പകുതി വരെ തുറക്കില്ലെന്ന സൂചനയുമായി ബജറ്റ്; കോവിഡ് വാക്‌സിനേഷന് 1.9 ബില്യണ്‍

ഓസ്ട്രേലിയയുടെ അതിര്‍ത്തികള്‍ 2022 പകുതി വരെ തുറക്കില്ലെന്ന സൂചനയുമായി ബജറ്റ്; കോവിഡ് വാക്‌സിനേഷന് 1.9 ബില്യണ്‍

സിഡ്നി: ഓസ്ട്രേലിയയുടെ രാജ്യാന്തര അതിര്‍ത്തികള്‍ 2022 പകുതി വരെ തുറക്കില്ലെന്ന മുന്നറിയിപ്പുമായി ഫെഡറല്‍ ബജറ്റ്. രാജ്യാന്തര യാത്രകള്‍ ആംഭിച്ചാലും വിദേശത്തുനിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം പരമിതപ്പെടുത്താനാണ് അതിര്‍ത്തികള്‍ അടച്ചിട്ടത് തുടരാന്‍ ബജറ്റ് നിര്‍ദേശിക്കുന്നത്. രാജ്യത്ത് ഈ വര്‍ഷം അവസാനം വാക്സിനേഷന്‍ പൂര്‍ണമാകുകയും അടുത്ത വര്‍ഷം ഓഗസ്‌റ്റോടെ കാര്യങ്ങള്‍ അനുകൂലമാകുകയും ചെയ്യുമെന്ന് ബജറ്റ് പ്രതീക്ഷ പങ്കുവയ്ക്കുന്നു.

2022 പകുതിക്കുശേഷം കുടിയേറ്റക്കാരുടെ ഒഴുക്ക് വീണ്ടുമുണ്ടാകുകയും വിദേശ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാകുകയും ചെയ്യും. ഈ വര്‍ഷം അവസാനം വിദേശ വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വകാല പദ്ധതികള്‍ ആരംഭിക്കും. ന്യുസിലന്‍ഡുമായുള്ള യാത്ര പുനഃരാരംഭിച്ചതു പോലെ മറ്റു രാജ്യങ്ങളുമായുള്ള യാത്രകള്‍ സുഗമമാക്കാന്‍ നടപടി സ്വീകരിക്കും. അതേസമയം, 2022 പകുതി വരെ രാജ്യാന്തര ടൂറിസം പുനഃരാരംഭിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ മധ്യത്തില്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് കഠിനമാണെന്ന് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബെര്‍ഗ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടേ അതിര്‍ത്തികള്‍ തുറക്കൂ എന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ഓസ്ട്രേലിയയുടെ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിനായി 1.9 ബില്യണ്‍ ഡോളറാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ അവസാനത്തോടെ എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും ആദ്യ ഡോസ് നല്‍കാനാണ് സര്‍ക്കാര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അസ്ട്രാസെനക്ക വാക്സിനുമായി ബന്ധപെട്ട് രക്തം കട്ട പിടിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആ ലക്ഷ്യം ഉപേക്ഷിക്കേണ്ടിവന്നു.

ജനസംഖ്യയുടെ 10 ശതമാനം ആളുകള്‍ക്ക് ആദ്യ ഡോസ് ലഭിച്ചതായി ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു. 70 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ 30 ശതമാനം പേര്‍ക്കും ഒരു ഡോസ് ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26