പോലീസ് ഉദ്യോഗസ്ഥനെ ശകാരിച്ച മജിസ്‌ട്രേറ്റിന് സ്ഥാനമാറ്റം

പോലീസ് ഉദ്യോഗസ്ഥനെ ശകാരിച്ച മജിസ്‌ട്രേറ്റിന് സ്ഥാനമാറ്റം

തിരുവനന്തപുരം: ഫോണില്‍ വിളിച്ചതിന് പൊലീസുകാരനെ ശകാരിച്ച മജസ്‌ട്രേറ്റിന് സ്ഥാനമാറ്റം. അത്യാവശ്യഘട്ടത്തില്‍ മജിസ്‌ട്രേറ്റിനെ ഫോണില്‍ നേരിട്ടു വിളിച്ച പാറശ്ശാല എ.എസ്.ഐ.യെ മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരി ശകാരിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരി പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഇതുനു പിന്നാലെ ടിയാറ റോസ് മേരിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സ്ഥാനത്തുനിന്നു മാറ്റി നെയ്യാറ്റിന്‍കര അഡീഷണല്‍ മുന്‍സിഫ്-രണ്ട് ആയി നിയമിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി. ഏപ്രില്‍ 24ന് പാറശ്ശാല മുള്ളുവിള തോട്ടിന്‍പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ എം.സുധീറിനെ കാണാതായിരുന്നു. സുധീറിന്റെ അമ്മയുടെ പരാതിയില്‍ പാറശ്ശാല പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. ഏപ്രില്‍ 26ന് സുധീറിനെ കണ്ടെത്തിയ പോലീസ്, വൈദ്യപരിശോധന പൂര്‍ത്തിയാക്കി കേസ് ഡയറിയും അനുബന്ധരേഖകളും മജിസ്‌ട്രേറ്റിന്റെ വാട്ട്‌സാപ്പിലും കോടതിയിലും അയച്ചു. തുടര്‍ന്ന് വീഡിയോ കോളിലൂടെ സുധീറിനെ ഹാജരാക്കി മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ മോചിപ്പിക്കാനാണ് രാത്രി 8.30ന് ഫോണ്‍ചെയ്തത്.

ഫോണ്‍ചെയ്ത എ.എസ്.ഐ.യോട് രൂക്ഷമായാണ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരി പ്രതികരിച്ചത്. ''നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാന്‍. നൂറുതവണ വിളിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം വരില്ലേ. ഒരു മനുഷ്യനെ ഒന്ന് ഫോണ്‍ ചെയ്യാന്‍പോലും സമ്മതിക്കില്ലേ'' എന്ന് തുടങ്ങിയായിരുന്നു ശകാരം. കാണാതായ ആള്‍ തിരിച്ചുവന്നതുകൊണ്ടാണ് വിളിച്ചതെന്ന പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി മജിസ്‌ട്രേറ്റിന്റെ കോപം ശമിപ്പിച്ചില്ല.
''അവന്‍ ഇറങ്ങിപ്പോയപ്പോള്‍ ഒരു കുഴപ്പവുമില്ലല്ലോ. അവന്‍ കുറച്ചുനേരം അവിടെ വെയ്റ്റ് ചെയ്യട്ടേ. ഞാന്‍ ഫ്രീയാകുമ്പോള്‍ വിളിക്കും. ഇനി മേലാല്‍ ഇങ്ങോട്ടു വിളിച്ചാല്‍ വിവരമറിയും. പറഞ്ഞേക്കാം'' എന്ന് പറഞ്ഞാണ് മജിസ്‌ട്രേറ്റ് ഫോണ്‍സംഭാഷണം അവസാനിപ്പിച്ചത്.

ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് 24 മണിക്കൂറും ഡ്യൂട്ടി എന്നാണ് നിലവിലെ രീതി. അത്യാവശ്യഘട്ടങ്ങളില്‍ പോലീസ് മജിസ്‌ട്രേറ്റുമാരെ നേരിട്ട് വിളിക്കാറുമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പ്രതികളെ അധികനേരം സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് പോലീസ് ഉദ്യോഗസ്ഥന് രാത്രി 8.30ന് മജിസ്‌ട്രേറ്റിനെ വിളിക്കേണ്ടി വന്നത്.മജിസ്‌ട്രേറ്റിനെ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ ഒരു ഘട്ടത്തിലും നേരിട്ട് വിളിക്കരുതെന്നും ആവശ്യമുണ്ടെങ്കില്‍ കോടതിയിലെ ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ മുഖേനയോ, ബെഞ്ച് ക്‌ളാര്‍ക്ക് മുഖേനയോ മാത്രമേ ബന്ധപ്പെടാവൂ എന്ന നിര്‍ദേശവും മജിസ്‌ട്രേറ്റ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടിയാറ റോസ് മേരിയെ സ്ഥാനംമാറ്റി ഉത്തരവിറങ്ങിയത്. നെയ്യാറ്റിന്‍കര അഡീഷണല്‍ മുന്‍സിഫ് -ഒന്ന് ശാലിനി ബി.യെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായി പകരം നിയമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.