ഓസ്‌ട്രേലിയയില്‍ വൃദ്ധരുടെ ക്ഷേമത്തിനും മാനസികാരോഗ്യ മേഖലയ്ക്കും ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍; തൊഴിലവസരങ്ങളും നിരവധി

ഓസ്‌ട്രേലിയയില്‍ വൃദ്ധരുടെ ക്ഷേമത്തിനും മാനസികാരോഗ്യ മേഖലയ്ക്കും ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍; തൊഴിലവസരങ്ങളും നിരവധി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പ്രായമായവരുടെ ക്ഷേമത്തിനും മാനസികാരോഗ്യ മേഖലയ്ക്കും വന്‍ പ്രഖ്യാപനങ്ങളുമായി ഫെഡറല്‍ ബജറ്റ്. വയോജനങ്ങള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് 17.7 ബില്യണ്‍ ഡോളറാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 80,000 ഹോം കെയര്‍ പാക്കേജുകളാണ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അനുവദിച്ചിട്ടുള്ളത്.

മാനസികാരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് 2.3 ബില്യണ്‍ ഡോളര്‍ അധികമായി അനുവദിച്ചു. ആത്മഹത്യകള്‍ തടയാനുള്ള നടപടികള്‍ക്കും മാനസികാരോഗ്യ ചികിത്സാ ക്രേന്ദങ്ങള്‍ക്കുമാണ് കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്.

ഓസ്ട്രേലിയയിലെ പ്രായമായവരില്‍ മൂന്നില്‍ ഒരാള്‍ കടുത്ത അവഗണനയും ശാരീരിക, വൈകാരിക ചൂഷണവും നേരിടുന്നതായി, വയോജനങ്ങളുടെ പരിചരണം സംബന്ധിച്ച് അന്വേഷണം നടത്തിയ റോയല്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

2023 ആകുമ്പോഴേക്ക് മുതിര്‍ന്ന ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് 275,000 ഹോം കെയര്‍ പാക്കേജുകള്‍ ലഭ്യമാക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. വൃദ്ധരുടെ പരിചരണത്തിന് ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഉള്ള തൊഴിലാളികള്‍ക്ക് ശമ്പളം കുറവാണെന്നും മികച്ച പരിശീലനത്തിന്റെ അഭാവമുണ്ടെന്നും കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദിവസം മൂന്നു മണിക്കൂര്‍ 20 മിനിറ്റ് വീതം വ്യക്തിഗത പരിചരണം ഉറപ്പാക്കുന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇതില്‍ 40 മിനിറ്റെങ്കിലും ഒരു രജിസ്‌റ്റേഡ് നഴ്‌സിന്റെ സേവനം ലഭ്യമാക്കണം. അടുത്ത വര്‍ഷം ജൂലൈ മുതല്‍, വയോജന കേന്ദ്രങ്ങളില്‍ രജിസ്‌റ്റേഡ് നഴ്‌സിന്റെ സേവനം കുറഞ്ഞത് 16 മണിക്കൂറെങ്കിലും ലഭ്യമാക്കണം.

വൃദ്ധരുടെ പരിചരണത്തിനുള്ള സര്‍ക്കാര്‍ ധനസഹായം അപര്യാപ്തമായതിനാല്‍ ഇത് സേവനത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു കമ്മിഷന്‍ വിലയിരുത്തിയിരുന്നു. അതിനാല്‍ വൃദ്ധസദനങ്ങളിലെ ഓരോ അന്തേവാസികളുടെയും പരിചരണത്തിന് ദിവസം 10 ഡോളര്‍ വീതം അധികമായി നല്‍കാന്‍ ബജറ്റ് ശിപാര്‍ശ ചെയ്യുന്നു. ജീവനക്കാര്‍ക്കു പരിശീലനം നല്‍കാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 33,800 പരിശീലന കേന്ദ്രങ്ങള്‍ സൃഷ്ടിക്കും. ബജറ്റിലെ പ്രഖ്യാപനങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണു കരുതുന്നത്.

പ്രായമായവര്‍ക്ക് മികച്ച പരിചരണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബെര്‍ഗ് പറഞ്ഞു.

അതേസമയം, മാനസികാരോഗ്യ മേഖലയില്‍ അനുവദിച്ച 2.3 ബില്യണ്‍ ഡോളറില്‍ ആത്മഹത്യാ പ്രതിരോധ നടപടികള്‍ക്കായി 298 ദശലക്ഷം ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. ചികിത്സ കഴിഞ്ഞാലും മികച്ച പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. 1.4 ബില്യണ്‍ ഡോളര്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കു ലഭിക്കും. ഓണ്‍ലൈനായി കൗണ്‍സലിംഗും പിന്തുണയും ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ 249 ദശലക്ഷം ഡോളര്‍ അനുവദിച്ചു. നഴ്സുമാര്‍ക്കും സൈക്കോളജിസ്റ്റുകള്‍ക്കും പരിശീലനം നല്‍കാന്‍ 202 ദശലക്ഷം ഡോളര്‍.  തദ്ദേശീയ ഓസ്ട്രേലിയക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ 107 മില്യണ്‍ ഡോളറും വകയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.