സിഡ്‌നി: വീടുകളുടെ പരിസരങ്ങളിലും കാര്‍ഷിക വിളകള്‍ സൂക്ഷിക്കുന്ന ഗോഡൗണുകളിലും ഓടി നടക്കുന്ന ആയിരക്കണക്കിന് എലികളെ എങ്ങനെ തുരത്തുമെന്ന ആശങ്കയിലാണ് ന്യൂ സൗത്ത് വെയില്‍സിലെ ജനങ്ങള്‍. പൊതുജനാരോഗ്യത്തിനും കാര്‍ഷിക വിളകള്‍ക്കു ഭീഷണിയായി എലികള്‍ വലിയ തോതില്‍ പെരുകുന്നതായി കര്‍ഷകര്‍ പറയുന്നു. ഇത് സാമ്പത്തികമായും വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. എലികള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്കു സര്‍ക്കാര്‍ 25,000 ഡോളര്‍ റിബേറ്റ് നല്‍കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
എന്‍.എസ്.ഡബ്ല്യു ഫാര്‍മേഴ്സ് ലോബി ഗ്രൂപ്പും വിമന്‍സ് അസോസിയേഷനും സഹായം ആവശ്യപ്പെട്ട് രംഗത്തെത്തി. എലികളെ നശിപ്പിക്കാന്‍ ചില കര്‍ഷകര്‍ 150,000 ഡോളര്‍ വരെ ചെലവഴിച്ചിട്ടും ഇവ പെറ്റുപെരുകുകയാണ്. ശൈത്യകാല വിളകള്‍ക്ക് എലികളുടെ കടുത്ത ഭീഷണിയുണ്ടെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു.
ചില കര്‍ഷകരുടെ വേനല്‍ക്കാല വിളകള്‍ പൂര്‍ണമായി നശിപ്പിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതൂകൂടാതെ എലികളിലൂടെ പകരുന്ന രോഗങ്ങള്‍ സമൂഹത്തില്‍ വര്‍ധിക്കാനും സാധ്യതയേറെയാണ്. കര്‍ഷകരുടെ മാനസികാരോഗ്യത്തെയും ഈ പ്രതിസന്ധി ഗുരുതരമായി ബാധിക്കുന്നുണ്ട്. നശിപ്പിക്കാനാവാത്ത വിധം എലികള്‍ പെരുകിയതിന്റെ ദൃശ്യങ്ങള്‍ കര്‍ഷകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കൃഷി മന്ത്രി ആദം മാര്‍ഷല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എലികളെ തുരത്താന്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ എല്ലാ പിന്തുണയും കര്‍ഷകര്‍ക്ക് നല്‍കുമെന്നു മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.