'കോവിഡ് രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ നമ്മൾ പോരാടണം': നഴ്സുമാർക്ക് ആശംസയർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത വിമൻസ് ഫോറം

'കോവിഡ് രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ നമ്മൾ പോരാടണം': നഴ്സുമാർക്ക് ആശംസയർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത വിമൻസ് ഫോറം

ലോക നഴ്സസ് ദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം സ്ഥാപക പ്രസിഡന്റ് ജോളി മാത്യു ലോകത്താകമാനം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ നേഴ്സുമാർക്കും ആശംസകൾ അറിയിച്ചു. രൂപതയുടെ അഡ്-ഹോക് പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി, സി.സി ഗ്ലോബൽ മെഡിക്കൽ കൗൺസിൽ മെമ്പർ. നോർത്ത് കുമ്പ്രിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീഷ്യനർ എന്നീ മേഖലകളിലും അവർ സേവനമനുഷ്ഠിക്കുന്നു.

ജോളി മാത്യുവിന്റെ വാക്കുകൾ

സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തെയും പ്രതിരൂപം. മാനവികതയുടെ മനുഷ്യത്വത്തിന്റെയും സ്വയംവൽക്കരണം. അർപ്പണ ബോധത്തിന്റെയും ഉൾക്കൊണ്ട് മനോഭാവത്തിന്റെയും പ്രയോക്താവ്. നേഴ്സുമാരെക്കുറിച്ചുള്ള വിശേഷണങ്ങൾ ഇനിയുമേറെയുണ്ട്. തീർച്ചയായും അവർ അത് അർഹിക്കുന്നതാണ്.

കോവിഡ് മഹാമാരി കാലഘട്ടത്തിൽ എല്ലാം മറന്ന് സ്വയം ഹോമിക്കുവാൻ മനസാ തയ്യാറായി. ജീവന്റെ വിലയറിഞ്ഞ് സമാനതകളില്ലാതെ കർമ്മനിബന്ധരായ സഹോദരിമാരെ, നമ്മളിലെ ദൈവാംശം പ്രതിഫലിക്കുകയായിരുന്നു. ഏത് പ്രതിസന്ധിഘട്ടങ്ങളിലും സമ്മർദ്ദങ്ങളിലും തളരാത്ത ചോരാത്ത നിശ്ചയദാർഢ്യവും അതിജീവനത്തിന്റെ കരുത്തും നമ്മളെ നമ്മളാക്കി വേറിട്ട് നിർത്തുന്നു.

ഈ കർമ്മ മണ്ഡലത്തിലെ പ്രിയ മാലാഖമാരെ, നമ്മൾ തളരാൻ പാടില്ല. പോരാടണം. സൂര്യനായും ചന്ദ്രനായും എന്നും പ്രകാശിക്കണം. വേദനിക്കുന്നവർക്ക് വെളിച്ചമാകണം. സ്നേഹത്തിന്റെ ഒരു തൂവലെങ്കിലും കൊഴിച്ചിട്ടിട്ടേ ഈ ഭൂമിയിൽ നിന്ന് മടങ്ങാവു..

ഇന്ന് ലോക നേഴ്സസ് ദിനം. ലോകം നമ്മളെ ആദരിക്കുന്നു. മൂവായിരത്തോളം സഹപ്രവർത്തകരുടെ ജീവൻ കോവിഡ് എടുത്തു. എങ്കിലും നമ്മൾ തളരാൻ പാടില്ല. അവസാന ശ്വാസം വരെയും നമ്മൾ കൂടെയുണ്ടാവണം. രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ നമ്മൾ പോരാടണം. ആതുര സേവന രംഗത്തെയ്ക്ക് കടന്നുവരുന്നവർക്ക് നമ്മൾ പ്രചോദനമാകണം. നമ്മൾ എടുത്ത പ്രതിജ്ഞയിൽ ഉറച്ചു നിൽക്കാം.

ലോകത്തിലാകമാനം ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സഹോദരിമാർക്കും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആശംസകളും പ്രാർത്ഥനകളും നേരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.