രോഗികളുടെ എണ്ണവും ടി.പി.ആറും കൂടുന്നു; ലോക്ക്ഡൗണ്‍ നീട്ടിയേക്കും

രോഗികളുടെ എണ്ണവും ടി.പി.ആറും കൂടുന്നു; ലോക്ക്ഡൗണ്‍ നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടി.പി.ആര്‍) കൂടുന്ന സാഹചര്യത്തില്‍ 16 കഴിഞ്ഞും ലോക്ക്ഡൗണ്‍ നീട്ടിയേക്കും. രണ്ട് ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടി വിലയിരുത്തിയാകും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലും കൂടിയ രാജ്യത്തെ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ചവരെ അടച്ചിടണമെന്ന ഐസിഎംആര്‍ നിര്‍ദേശവും സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിക്കും. കോവിഡ് വ്യാപനം ഇപ്പോള്‍ ഉച്ചസ്ഥായിയിലാണെന്നും രണ്ടു ദിവസത്തിനകം കുറഞ്ഞു തുടങ്ങുമെന്നുമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.

ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം. എന്നാല്‍ അതു പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന വാദവുമുണ്ട്. പകരം, പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളില്‍ മാത്രം പൂര്‍ണ ലോക്ക്ഡൗണും മറ്റിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മിനി ലോക്ക്്ഡൗണും മതിയെന്ന നിര്‍ദേശവും സര്‍ക്കാരിനു മുന്നിലുണ്ട്.

നിലവില്‍ 4.32 ലക്ഷം പേരാണി ചികിത്സയിലുള്ളത്. ഇത് അറ് ലക്ഷം വരെയായി ഉയര്‍ന്നേക്കാമെന്നതു മുന്നില്‍ക്കണ്ട് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരും ദിവസങ്ങളില്‍ അറിയാം.

ലോക്ഡൗണ്‍ പെട്ടെന്നു പിന്‍വലിച്ചാല്‍ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ഐസിയു, വെന്റിലേറ്ററുകള്‍ എന്നിവ മിക്ക ജില്ലകളിലും നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.