പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ മലയാളി ബാലിക ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി റോജര്‍ കുക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു.
ആശുപത്രി ജീവനക്കാരുടെ വീഴ്ച്ച മൂലം മരണം സംഭവിച്ച ഐശ്വര്യയുടെ കുടുംബത്തോട് ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ പരസ്യമായി മാപ്പ് ചോദിച്ചതിനു പിന്നാലെയാണ് രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്. കുട്ടിയുടെ ദാരുണമായ മരണത്തിലേക്കു നയിച്ച കാരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ ആരോഗ്യമന്ത്രി പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. ഇന്നലെയാണ് ഐശ്വര്യ അശ്വത്തിന്റെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് റോജര്‍ കുക്ക് പാര്‍ലമെന്റില്‍ വച്ചത്.
മകളുടെ മരണം താങ്ങാനാവാത്ത ദുഃഖമാണ് മാതാപിതാക്കള്‍ക്കുണ്ടാക്കിയതെന്നും സര്‍ക്കാരിനു വേണ്ടി കുടുംബത്തോടു മാപ്പു ചോദിക്കുന്നുവെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
ശരിയായി പ്രവര്‍ത്തിക്കാത്ത ആരോഗ്യ സംവിധാനമാണ് ഈ സംസ്ഥാനത്തുള്ളതെന്നു വ്യക്തമാക്കുന്ന സംഭവമാണിതെന്നു പ്രതിപക്ഷ ആരോഗ്യ വക്താവ് ലിബി മെറ്റം പാര്‍ലമെന്റില്‍ പറഞ്ഞു. പെര്‍ത്ത് ചൈല്‍ഡ് ആശുപത്രിയില്‍ അവള്‍ക്ക് ചികിത്സ ലഭിച്ചില്ല. ശരീരത്തിന്റെ താപനില എടുക്കാന്‍ പോലും ജീവനക്കാരുണ്ടായില്ല. മേല്‍നോട്ടത്തിനും ആരുമില്ലാത്ത അവസ്ഥയാണെന്നു ലിബി മെറ്റം കുറ്റപ്പെടുത്തി.
ആശുപത്രി ജീവനക്കാരുടെ വീഴ്ച്ച വ്യക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്ത് സര്‍വീസ് (സിഎഎച്ച്എസ്) ബോര്‍ഡ് ചെയര്‍ ഡെബ് കരാസിന്‍സ്‌കി രാജിവെച്ചതിനെ മാന്യമായ നടപടിയെന്ന് ലിബി മെറ്റം വിശേഷിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മന്ത്രി തയാറായില്ലെങ്കില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ ചുമതല വഹിക്കുന്നത് കഴിവുകെട്ട ഒരു മന്ത്രിയാണെന്ന് ഞങ്ങള്‍ക്കു പറയേണ്ടിവരും.
ഇത്തരമൊരു സംഭവം ആവര്‍ത്തിക്കില്ലെന്നു റോജര്‍ കുക്ക് പാര്‍ലമെന്റില്‍ ഉറപ്പു നല്‍കി. ഇതൊരു ദാരുണമായ അവസ്ഥയാണ്. ഐശ്വര്യയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ നമ്മളെ വേട്ടയാടുമെന്ന് എനിക്കറിയാം. ഐശ്വര്യയുടെ മരണം വെറുതെയാവില്ല. ഈ സംഭവം നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ എല്ലാവരും ഒപ്പമുണ്ടാകണം. ഇനി മറ്റൊരാള്‍ക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാവില്ലെന്നു ഐശ്വര്യയുടെ മാതാപിതാക്കള്‍ക്കു
നല്‍കിയ വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവാനും ഐശ്വര്യയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.
സ്ട്രെപ്റ്റോകോക്കസ് എ അണുബാധ മൂലമുള്ള ആരോഗ്യപ്രശ്നങ്ങളാണ് കുട്ടിയുടെ മരണത്തിലേക്കു നയിച്ചതെന്നാണു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഏപ്രില്‍ മൂന്നിനാണ് കടുത്ത കുട്ടിയെ പനിയെത്തുടര്‍ന്ന് പെര്‍ത്ത് ചൈല്‍ഡ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ചികിത്സ കിട്ടാനായി രണ്ടു മണിക്കൂറിലധികമാണ് കുടുംബം കാത്തിരുന്നത്. ചികിത്സ ലഭിച്ചപ്പോഴേക്കും സ്ഥിതി വഷളായി. മകളെ അടിയന്തരമായി പരിശോധിക്കണമെന്ന് ആശുപത്രി അധികൃതരോട് കരഞ്ഞ് അപേക്ഷിച്ചിട്ടും അവര്‍ പരിഗണിച്ചില്ലെന്ന് ഐശ്വര്യയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വൈകിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിക്കു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതോടെയാണ് അന്വേഷണം അടിയന്തരമായി പൂര്‍ത്തിയാക്കിയത്. പെര്‍ത്തിനു സമീപം മോര്‍ളിയില്‍ താമസിക്കുന്ന അശ്വത്ത് ശശിധരന്റെയും കൊല്ലം സ്വദേശിനി പ്രസീതയുമാണ് ഐശ്വര്യയുടെ മാതാപിതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.