ലൂക്കാ 1:52 ശക്തൻമാരെ സിംഹാസനത്തിൽ നിന്ന് മറിച്ചിട്ടു എളിയവരെ ഉയർത്തി.
ബൈബിളിൽ തുടക്കം മുതൽ നോക്കിയാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കാണാം. ഒരു വ്യക്തിയെ തിരഞ്ഞെടുക്കുമ്പോൾ നാം ഈ ലോകപ്രകാരം കാണുന്ന കഴിവുകൾ അല്ല ദൈവം നോക്കുന്നത്.
ഒരു ജനതയെ തിരഞ്ഞെടുക്കാൻ ദൈവം വിളിക്കുന്നത് മക്കൾ ഇല്ലാതിരുന്ന, 75 വയസ് പ്രായമായ അബ്രഹാമിനെ, തന്റെ ജനത്തെ ഈജിപ്തിൽ നിന്ന് കാനാൻ ദേശത്തേക്ക് നയിക്കുവാൻ തിരഞ്ഞെടുത്തത് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന മോശയെ. ഇസ്രായേലിന്റെ രാജസിംഹാസനം നൽകിയത് ആട്ടിടയാനായിരുന്ന ദാവീദിന്, തന്റെ ശക്തരായ പ്രവാചകന്മാരിൽ പലരും കർഷകരും, ഇടന്മാരും ഒക്കെയായ സാധാരണക്കാരായ മനുഷ്യർ ആയിരുന്നു.
പുതിയനിയമത്തിലേക്ക് വന്നാൽ ദൈവമാതാവായി തിരഞ്ഞെടുത്തത് ഒരു പാവപ്പെട്ട ഭവനത്തിലെ കന്യകയെ. തന്റെ ശിഷ്യന്മാരാകട്ടെ മീൻപിടിത്തക്കാർ.
നിരവധി അതിശക്തരും, പ്രഗത്ഭരുമായ രാജാക്കന്മാരും പ്രഭുക്കൻമാരും പണ്ഡിതരും ഒക്കെ ഉള്ളപ്പോഴാണ് ദൈവത്തിന്റെ ഈ തിരഞ്ഞെടുപ്പ് എന്ന് നാം ഓർക്കണം. ദൈവം ഇവിടെയെല്ലാം ശക്തരെ അല്ല, എളിയവരെ ആണ് തിരഞ്ഞെടുത്തത്. എന്നാൽ ഇവരിലേക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവ് വന്നു കഴിഞ്ഞപ്പോൾ ഈ സാധാരണക്കാർ ലോകത്തെ കീഴ്മേൽ മറിക്കുന്നവരായി തീർന്നു.
ചില സ്ഥാനങ്ങളിലേക്ക് ചില വ്യക്തികൾ കടന്നുവരുമ്പോൾ, ഇതിലും മികച്ച ഒരാളെയാണ് നാം പ്രതീക്ഷിച്ചിരുന്നതെങ്കിൽ ഓർക്കുക, ദൈവത്തിന്റെ തിരഞ്ഞെടുപ്പൊന്നും ഒരിക്കലും തെറ്റിയിട്ടില്ല. എന്നാൽ ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക്, സഹായകനായ പരിശുദ്ധാത്മാവ് ഇല്ലാതെ വിശുദ്ധിയിലും തീഷ്ണതയിലും നിലനിൽക്കാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് യേശു ശിഷ്യന്മാരോട് പറയുന്നത് ഉന്നതത്തിൽ നിന്ന് ശക്തി ലഭിക്കുന്നതുവരെ നഗരത്തിൽ തന്നെ വസിക്കുവിൻ (ലൂക്കാ 24:49) എന്ന്.
സഭയിലും സമൂഹത്തിലും തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകം ഉണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം. ഹൃദയത്തിൽ എളിമയുള്ള ഒരു വ്യക്തിക്ക് മാത്രമേ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കാൻ കഴിയൂ, നമ്മിൽ എളിമ എന്ന പുണ്യം നിറയുവാൻ പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്ക് പ്രാർത്ഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.