1500 റോക്കറ്റുകളില്‍ നിലംതൊട്ടത് വിരലിലെണ്ണാവുന്നവ; ഇസ്രയേലിന്റെ അയണ്‍ ഡോം ആന്റി റോക്കറ്റ് സംവിധാനം ലോകത്തിന് അത്ഭുതം

1500 റോക്കറ്റുകളില്‍ നിലംതൊട്ടത് വിരലിലെണ്ണാവുന്നവ; ഇസ്രയേലിന്റെ അയണ്‍ ഡോം ആന്റി റോക്കറ്റ് സംവിധാനം ലോകത്തിന് അത്ഭുതം

ജെറുസലേം: ഹമാസിന്റെ നേതൃത്വത്തില്‍ ആയിരത്തിലധികം മിസൈലുകള്‍ തുടരെത്തുടരെ വിക്ഷേപിക്കുമ്പോഴും എന്തുകൊണ്ടാണ് ഇസ്രയേലില്‍ കനത്ത ആള്‍നാശം കുറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച രാത്രി മുതല്‍ ഹമാസ് വിക്ഷേപിച്ചത് 1,500-ല്‍ അധികം റോക്കറ്റുകളും മോര്‍ട്ടാറുകളുമാണ്. ഇവയില്‍ ഭൂരിഭാഗവും ആകാശത്തുവച്ചുതന്നെ നശിപ്പിച്ച അയണ്‍ ഡോം ആന്റി റോക്കറ്റ് സംവിധാനമാണ് ഇസ്രയേലിനു തുണയാകുന്നത്. അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് അയണ്‍ ഡോം സാങ്കേതിക വിദ്യ.

ഇസ്രായേലും ഗാസ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള റോക്കറ്റ് ആക്രമണത്തില്‍ പ്രധാന ശ്രദ്ധാകന്ദ്രം ഇസ്രായേലിന്റെ ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം സാങ്കേതിക വിദ്യയാണ്. ഇങ്ങനെയൊരു സാങ്കേതിക വിദ്യ ഇസ്രയേലിന് ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ കൂടുമെന്നതില്‍ സംശയമില്ല.

ഈ മിസൈല്‍വേധ സംവിധാനം ഇസ്രായേല്‍ വിന്യസിച്ചിട്ട് 2021 മാര്‍ച്ചില്‍ ഒരു ദശകമാകുന്നു. ഈ കാലയളവില്‍ 2500-ല്‍ അധികം റോക്കറ്റുകളെയും മിസൈലുകളെയും വിവിധ കാലാവസ്ഥാ സാഹചര്യങ്ങളില്‍ തടഞ്ഞുനിര്‍ത്തുകയും ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്.


അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഈ സംവിധാനത്തെ വളരെ സൂക്ഷമമായാണ് നിരീക്ഷിക്കുന്നത്. ഇതിന്റെ ഗവേഷണ-നിര്‍മ്മാണ സംരംഭത്തില്‍ അമേരിക്ക നടത്തിയ നിക്ഷേപം പദ്ധതിയുടെ ഗണ്യമായ വികസനത്തിന് സഹായകമായി. ഇന്നുവരെ രണ്ട് അയണ്‍ ഡോം സംവിധാനം അമേരിക്ക ഇസ്രായേലില്‍നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. മറ്റ് പല രാജ്യങ്ങളും ഈ സംവിധാനം വാങ്ങുന്നതിനുള്ള കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ചെറിയ പരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കാന്‍ ഇസ്രയേലിന്റെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് രൂപകല്‍പന നല്‍കിയ സംവിധാനമാണ് അയണ്‍ ഡോം. എഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിനു തകര്‍ക്കാനാകും.

റഡാറുകള്‍, നിയന്ത്രണ കേന്ദ്രം, മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയേണ്‍ ഡോം. റഡാറുകള്‍ റോക്കറ്റുകളുടെ സഞ്ചാരപഥം ട്രാക്ക് ചെയ്ത് നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. തുടര്‍ന്ന് നിയന്ത്രണ കേന്ദ്രത്തില്‍നിന്ന് മിസൈല്‍ വിക്ഷേപിച്ച് പരമാവധി ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തിനു മുകളില്‍ വച്ച് റോക്കറ്റിനെ നശിപ്പിക്കും. അയണ്‍ ഡോം വികസിപ്പിച്ചതിലൂടെ മിസൈല്‍ പ്രതിരോധ രംഗത്തു ചോദ്യം ചെയ്യപ്പെടാത്ത സാങ്കേതിക വിജയമാണ് ഇസ്രയേല്‍ നേടിയത്.

അതേസമയം, അയണ്‍ ഡോം ഇസ്രയേലിന് സംഘര്‍ഷങ്ങളില്‍ ആധിപത്യം നേടിക്കൊടുക്കുന്നതു മൂലം പലപ്പോഴും ലോകരാജ്യങ്ങളുടെ മുന്നില്‍ ഇസ്രായേലാണ് ആക്രമണകാരിയെന്നു മുദ്ര കുത്തപ്പെടാറുണ്ട്. ഹമാസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തുന്ന റോക്കറ്റ് ആക്രമണങ്ങള്‍ കണക്കിലെടുക്കാതെ വരുന്ന അവസ്ഥയും സംജാതമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.