മാതാവിന്റെ വണക്കമാസ വിചിന്തനം പതിനാലാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം പതിനാലാം ദിവസം

ലൂക്കാ 1 :45 കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.

എലിസബത്ത് പരിശുദ്ധാത്മാവിൽ നിറഞ്ഞു മറിയത്തിനോട് പറഞ്ഞതാണിത്. ദൈവത്താൽ അയയ്ക്കപ്പെട്ട ഗബ്രിയേൽ ദൂതന്റെ വാക്കുകൾ മറിയം വിശ്വസിക്കുന്നു, ഇപ്രകാരം വിശ്വസിക്കുകയും നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ എന്ന് പറഞ്ഞുകൊണ്ട് മറിയം ദൈവത്തെ അനുസരിക്കുകയും ചെയ്യുന്നു.

ദൈവത്തിന്റെ വചനത്തിലൂടെയോ, അഭിഷിക്തരിലൂടെയോ ദൈവം നമ്മോടു സംസാരിക്കുമ്പോൾ നാം അത് വിശ്വസിക്കാനും അനുസരിക്കാനും തയ്യാറാകണം. ഒരു പക്ഷെ അത് ഒരു വാഗ്ദാനമാകാം, അനുഗ്രഹമാകാം, നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലും മേഖലയെ ക്രമപ്പെടുത്താനാകാം, വിശുദ്ധ ജീവിതം നയിക്കുവാനാകാം, ദൈവാരാജ്യത്തിലേക്ക് അനേകരെ നേടാനാകാം, എന്തുതന്നെ ആയാലും അമ്മയെ പോലെ അത് വിശ്വസിക്കുവാനും നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ എന്ന് പറയുവാനും നമുക്ക് കഴിയട്ടെ.

വിശുദ്ധലിഖിതമെല്ലാം ദൈവ നിവേശിതമാണ് അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു ( 2തിമോ 3 :16).

ഞാൻ നിങ്ങളോടു പറഞ്ഞ വാക്കുകൾ ആത്മാവും ജീവനും ആണ് (യോഹ 6.63).

വചനം ദൈവമാണ്. ദൈവവചന വായന നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം ആക്കാം. അനുദിനം വചനം വായിക്കുവാൻ, ധ്യാനിക്കുവാൻ, ദൈവത്തിനു നമ്മോട് പറയുവാനുള്ളത് കേൾക്കുവാൻ അല്പസമയം മാറ്റിവയ്ക്കാം. ഇതിലൂടെ നാമും നമ്മുടെ കുടുംബവും അനുഗ്രഹം പ്രാപിക്കും.

അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എന്റെ കണ്ണുകൾ തുറക്കേണമേ (സങ്കീ 119 :18) എന്ന്, വചനമായ ദൈവത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മ വഴി കാരുണ്യവാനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.