മരിച്ചവര്‍ക്കും അവകാശങ്ങളുണ്ട്; അവ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം വേണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

മരിച്ചവര്‍ക്കും അവകാശങ്ങളുണ്ട്; അവ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം വേണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അശ്രദ്ധമായും അനാദരവോടെയും കൈകാര്യം ചെയ്യുന്നതായുളള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. മരണപ്പെട്ടവരുടെ അന്തസും അവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിച്ചിരിക്കുന്നവരുടെ മാത്രമല്ല മരിച്ചവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും മൃതദേഹങ്ങള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ തടയേണ്ടതും ഭരണകൂടത്തിന്റെ കടമയാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു.

മരിച്ചവരുടെ അന്തസിന് ക്ഷതമേല്‍പ്പിക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നത് ഒഴിവാക്കണമെന്നുളള നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് വിശദമായ നിര്‍ദേശങ്ങള്‍ മനുഷ്യാവകാശ കമ്മിഷന്‍ അയച്ചിട്ടുണ്ട്.

കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അധികൃതരോട് താല്ക്കാലിക ശ്മശാനങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വലിയതോതില്‍ ചിത കത്തുന്നതിലൂടെ ഉയരുന്ന പുക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാതിരിക്കാനായി വൈദ്യുത ശ്മശാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.

മൃതദേഹങ്ങളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നത് ഉറപ്പാക്കുന്നതിനായി മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ശ്മശാനത്തിലെ ജീവനക്കാര്‍ ബോധവാന്മാരായിരിക്കണം. അവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണം. കുടുംബാംഗങ്ങളും കോവിഡ് ബാധിതരായതിനാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി അന്ത്യകര്‍മങ്ങള്‍ നടത്താനുളള നടപടികള്‍ പ്രദേശിക ഭരണകൂടം സ്വീകരിക്കണം.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായുളള നടപടികള്‍ സ്വീകരിക്കണം. ദുരന്തങ്ങളില്‍ മരിച്ചവരേയും കാണാതായവരേയും കുറിച്ചുളള വിവരങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന അധികൃതര്‍ ഉറപ്പുവരുത്തണം. അമിതചാര്‍ജ് ഈടാക്കുന്ന ആംബുലന്‍സുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.