ചരിത്രനേട്ടവുമായി ചൈനയുടെ ചൊവ്വാ ദൗത്യം; സൂറോങ് റോവര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി

ചരിത്രനേട്ടവുമായി ചൈനയുടെ ചൊവ്വാ ദൗത്യം; സൂറോങ് റോവര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി

ബീജിങ്: ചൊവ്വയില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതായി ചൈന. ടിയാന്‍വെന്‍ 1 ദൗത്യത്തിന്റെ ഭാഗമായ സുറോങ് റോവര്‍ ചൊവ്വയില്‍ ശനിയാഴ്ച്ച രാവിലെ സുരക്ഷിതമായി ഇറക്കിയതായി ചൈനീസ് ബഹിരാകാശ വകുപ്പിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അമേരിക്കയ്ക്കു പിന്നാലെ ചൊവ്വയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന മാറി. ചൊവ്വയില്‍ ജീവനെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സമുദ്രം ആയിരുന്നുന്നെന്ന് അനുമാനിക്കുന്ന ഉട്ടോപ്യ പ്ലാനീഷ്യയില്‍ ആണ് ചൈന പര്യവേഷണ വാഹനം ഇറക്കിയത്. 3,300 കിലോമീറ്റര്‍ വീതിയുള്ള ചൊവ്വയിലെ ഏറ്റവും വലിയ ഗര്‍ത്തമാണിത്. ലാന്‍ഡിങ്ങിനു മുമ്പുള്ള ഏഴു മിനിറ്റായിരുന്നു നിര്‍ണായകം. പേടകവുമായുള്ള വിനിമയബന്ധം നിലച്ചു പോയേക്കുമെന്ന ആശങ്ക മറികടന്ന് പാരച്യൂട്ടിലാണ് സുറോങ് ചൊവ്വയില്‍ ഇറങ്ങിയത്.



ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന രാജ്യം എന്ന അപൂര്‍വ നേട്ടവും ചൈനയ്ക്ക് സ്വന്തമായി. കഴിഞ്ഞവര്‍ഷം ജൂലൈ 23-ന് വെന്‍ചാങ് സ്‌പേസ്‌ക്രാഫ്റ്റ് ലോഞ്ച് സൈറ്റില്‍നിന്നു വിക്ഷേപിച്ച ദൗത്യം ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൊവ്വ ഭ്രമണപഥത്തില്‍ എത്തിയിരുന്നു. മൂന്ന് മാസത്തെ ദൗത്യ കാലാവധി ആണ് റോവറിന് നല്‍കിയിരിക്കുന്നത്.

240 കിലോ ഭാരമുള്ള റോവറിന് ആറ് ചക്രമാണുള്ളത്. പുരാതന ചൈനീസ് അഗ്‌നിദേവന്റെ പേരാണ് സുറോങ്. ഉയര്‍ന്ന റെസല്യൂഷനുള്ള ടോപ്പോഗ്രാഫി ക്യാമറ ഉള്‍പ്പെടെ ആറ് ശാസ്ത്രീയ ഉപകരണങ്ങള്‍ ഇതിലുണ്ട്.

മുന്‍പ് ചൈന വിജയകരമായി ചന്ദ്രനില്‍ റോവര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചൊവ്വയില്‍ സമാനമായ പരീക്ഷണം. എന്നാല്‍ ചാന്ദ്ര ദൗത്യത്തെ അപേക്ഷിച്ച് ചൊവ്വയുടെ ഗുരുത്വാകര്‍ഷണത്തെയും ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്കു കടക്കുമ്പോഴുള്ള ചൂടിനെയും പ്രതിരോധിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണ്. ഇതുകൊണ്ടാണ് ചൊവ്വാദൗത്യം ഏറെ സങ്കീര്‍ണമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.