ലണ്ടന്‍: കൊറോണ വൈറസിന്റെ ഉല്‍ഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍. കേംബ്രിജ് യൂണിവേഴ്‌സിറ്റി ക്ലിനിക്കല്‍ മൈക്രോ ബയോളജിസ്റ്റ് രവീന്ദ്ര ഗുപ്ത, ജെസ് ബ്ലൂം എന്നിവരുടെ നേതൃത്തിലുള്ള 18 ശാസ്ത്രജ്ഞന്‍മാരാണ് കോവിഡ് മഹാമാരിയുടെ ഉല്‍ഭവത്തെപ്പറ്റി വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുള്ളത്.
വുഹാനിലെ ലബോറട്ടറിയില്‍ നിന്നും വൈറസ് പുറത്തുപോയതാണോ എന്ന കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ ഈ കൂട്ടായ്മ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ചൈനീസ് ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നാല് ആഴ്ച വുഹാനില്‍ പഠനം നടത്തിയിരുന്നു.
വവ്വാലുകളില്‍നിന്നുള്ള വൈറസ് മറ്റു മൃഗങ്ങളിലൂടെ മനുഷ്യരിലേക്ക് പടരാനാണ് സാധ്യതയെന്നാണ് ആ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ലാബില്‍ നിന്നാണോ മൃഗങ്ങളില്‍ നിന്നാണോ വൈറസ് മനുഷ്യരിലെത്തിയതെന്ന് ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
വൈറസുകളുടെ ഉല്‍ഭവത്തെക്കുറിച്ച് പഠനം നടത്തുന്നവരാണ് ഇവര്‍. ലാബില്‍ നിന്നും പുറത്തു പോകാനും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാനും സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രഫസര്‍ ഡേവിഡ് റെല്‍മാന്‍ പറഞ്ഞു.
രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈനീസ് ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പുറത്തുവിട്ട വിവരങ്ങളും പരിഗണിക്കണമെന്ന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു. 2019ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതുവരെ 3.34 ദശലക്ഷം ആളുകളുടെ മരണത്തിന് ഇടയാക്കി. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും കോവിഡ് വ്യാപനത്തില്‍ നട്ടം തിരിയുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.