118 മെട്രിക് ടണ്‍ ഓക്‌സിജനുമായി എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയില്‍ എത്തി; ടാങ്കര്‍ ലോറികളിലേക്ക് നിറച്ച് തുടങ്ങി

118 മെട്രിക് ടണ്‍ ഓക്‌സിജനുമായി  എക്‌സ്പ്രസ് ട്രെയിന്‍  കൊച്ചിയില്‍ എത്തി; ടാങ്കര്‍ ലോറികളിലേക്ക് നിറച്ച് തുടങ്ങി

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. 118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനിലുള്ളത്. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനുമായി തീവണ്ടി വല്ലാര്‍പാടത്ത് എത്തിയത്. ഒഡീഷയിലെ കലിംഗ നഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ദില്ലിയിലേക്കുള്ള ലോഡ് അവിടെ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആറ് പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജന്‍ നിറച്ചു കൊണ്ടുവന്നത്. വാഗണില്‍ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകള്‍ കടന്നുപോകാന്‍ കേരളത്തിലെ ചില റെയില്‍വേ മേല്‍പ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല. വല്ലാര്‍പാടത്തിന് സമീപം വരെ ഇലക്ട്രിക് എഞ്ചിനിലാണ് തീവണ്ടി ഓടിച്ചത്. തുടര്‍ന്ന് ഡീസല്‍ എഞ്ചിനിലേക്ക് മാറ്റി.

ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളിലേക്ക് നിറച്ച് തുടങ്ങി. ഇതിനുശേഷം വിവിധ ജില്ലകളിലേക്ക് എത്തിക്കും. സുരക്ഷക്കായി മൂന്ന് ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് ഫോം ടെണ്ടറുകളും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. സംസ്ഥാനത്തേക്ക് ഓക്‌സിജനുമായി ഒരു തീവണ്ടി അടുത്ത ദിവസമെത്തും.

500 ടാങ്കുകളിലായി 7900 മെട്രിക് ടണ്ണിലധികം ഓക്‌സിജന്‍ റെയില്‍വേ ഇതിനകം വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചു. ഏപ്രില്‍ 24 മുതലാണ് രാജ്യത്ത് ഓക്‌സിജനുമായി തീവണ്ടികള്‍ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകള്‍ തടസമില്ലാതെ ഓടാന്‍ വേണ്ട ക്രമീകരമങ്ങള്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.