ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ഫ്രെയ്‌സര്‍ ദ്വീപിലെത്തുന്നവര്‍ക്ക് ഇനി ഡിങ്കോ നായ്ക്കളെ പേടിക്കാതെ മനോഹര കാഴ്ച്ചകള്‍ ആസ്വദിക്കാം. ദ്വീപിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പിനു ചുറ്റും നായ്ക്കള്‍ കടക്കാത്ത വിധത്തില്‍ വലിയ ഡിങ്കോ പ്രൂഫ് വേലി സ്ഥാപിക്കുകയാണ് അധികൃതര്‍. കാട്ടുനായ്ക്കളുടെ വിഭാഗത്തില്‍പെടുന്ന ഡിങ്കോ ദ്വീപിലെത്തുന്ന വിനോദസഞ്ചാരികളെ പതിവായി ആക്രമിക്കുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മാസം നായയുടെ ആക്രമണത്തിന് ഇരയായ പിഞ്ചുകുഞ്ഞിന് മാരകമായി പരുക്കേറ്റിരുന്നു. ഏഴു കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന വേലി ഓര്‍ക്കിഡ് ബീച്ചിനു ചുറ്റുമാണ് സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ടു മില്യണ്‍ ഡോളര്‍ ചെലവഴിക്കും.
സന്ദര്‍ശകരെ ആക്രമിച്ച മൂന്നു സംഭവങ്ങളാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നു പരിസ്ഥിതി മന്ത്രി മെഗാന്‍ സ്‌കാന്‍ലോണ്‍ പറഞ്ഞു. നിരവധി സഞ്ചാരികള്‍ എത്തുന്ന ദ്വീപില്‍ നൂറുകണക്കിനു ഡിംഗോകളാണ് അലഞ്ഞുനടക്കുന്നത്. അവയുടെ ആവാസ കേന്ദ്രമാണിവിടം. സന്ദര്‍ശകരുടെയും താമസക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള പരിഹാരങ്ങളാണ് തേടുന്നത്. സംരക്ഷണ വേലി പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും ദ്വീപില്‍ സുരക്ഷിതമായി നടക്കാം. അവിടുത്തെ ജനതയായ ബുച്ചുള്ള അബോര്‍ജിനുകളുമായി ചേര്‍ന്നാണ് വേലയുടെ രൂപകല്‍പ്പന തയാറാക്കിയത്-സ്‌കാന്‍ലോണ്‍ പറഞ്ഞു.
അതേസമയം, പദ്ധതിക്കെതിരേ വിമര്‍ശനവുമായി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. വേലിയുടെ ഘടന മൃഗങ്ങളുടെ കുടിയേറ്റത്തെ തടസപ്പെടുത്തുമെന്നും അവയുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിഷയത്തില്‍ ക്വീന്‍സ്ലന്‍ഡ് സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും സാധ്യമായ മറ്റു ബദലുകള്‍ പരിഗണിക്കണമെന്നും ഓസ്ട്രേലിയന്‍ വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പീറ്റര്‍ ഹൈലാന്‍ഡ് ആവശ്യപ്പെട്ടു. ഒരു ജീവിവര്‍ഗത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ മാറ്റുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഹൈലാന്‍ഡ് പറഞ്ഞു. വേലിക്കുള്ളില്‍ കുടുങ്ങുന്ന മൃഗങ്ങള്‍ കൊല്ലപ്പെടുകയാണ് പതിവ്. അല്ലെങ്കില്‍ വിശന്നു മരിക്കും. വന്യജീവി സംരക്ഷണത്തിന് ക്വീന്‍സ്ലന്‍ഡ് സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും ഹൈലാന്‍ഡ് കുറ്റപ്പെടുത്തി.
ക്വീന്‍സ് ലന്‍ഡിന്റെ കിഴക്കന്‍ തീരത്തോടു ചേര്‍ന്നു കിടക്കുന്ന ദ്വീപാണ് ഫ്രെയ്‌സര്‍. ലോകത്തിലെ ഏറ്റവും വലിയ മണല്‍ദ്വീപാണിത്. 122 കിലോമീറ്ററാണ് നീളം. ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ദ്വീപിന് 184,000 ഹെക്ടര്‍ വിസ്തൃതിയുണ്ട്. നിരവധി സസ്യജാലങ്ങളും ശുദ്ധജല തടാകങ്ങളുമുള്ള ദ്വീപ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.