ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കടുപ്പം: ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും, മേഖല തിരിച്ച് നിയന്ത്രണങ്ങള്‍; വെറുതേ പുറത്തിറങ്ങിയാല്‍ കുടുങ്ങും

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കടുപ്പം: ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും, മേഖല തിരിച്ച് നിയന്ത്രണങ്ങള്‍; വെറുതേ പുറത്തിറങ്ങിയാല്‍ കുടുങ്ങും

കൊച്ചി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മെയ് 23 വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അതാത് ജില്ലാ ഭരണകൂടങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ന് അര്‍ധരാത്രി മുതലാണ് ഈ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നത്. മറ്റ് ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഒരു മേഖലയിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. ജനസഞ്ചാരം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ ജില്ലാ ഭരണകൂടം തുടങ്ങി. ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്‌സിറ്റ് പോയിന്റുകള്‍ ക്രമീകരിക്കുകയാണ്.

ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ലസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രം തുറക്കും. ബാരിക്കേഡുകള്‍ ഇതിനകം നിരത്തിക്കഴിഞ്ഞു. കൂടുതല്‍ കൊവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ചുമതല നല്‍കും. ക്വാറന്റനീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തും.

പാല്‍, പത്ര വിതരണം ആറുമണിക്ക് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ആദ്യം നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും, എട്ട് മണി വരെ ഇളവ് നല്‍കി. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, മാംസം, മത്സ്യം, കാലിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ തിങ്കള്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകള്‍ അടയ്ക്കണം.

റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍ക്ക് ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്‌സല്‍ സര്‍വീസും അനുവദിക്കില്ല.

മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍, അവശ്യവസ്തുക്കള്‍ വീടിനോട് ഏറ്റവും അടുത്തുള്ള കടയില്‍നിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ല.

ബാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ലോക്ഡൗണ്‍ ബാധകമായ ജില്ലകളിലേത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ അനുവാദം. സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രവര്‍ത്തിക്കും. ഇ-കൊമേഴ്‌സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടു ജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധം. ഇലക്ട്രോണിക്, പ്ലമ്പിംഗ്് ജോലികള്‍ ചെയ്യുന്ന ടെക്‌നീഷ്യന്മാര്‍ക്കും പാസ് നിര്‍ബന്ധം. 23 ന് ശേഷവും ലോക്ക്്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ പിന്നീട് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.