യാത്രാനിയന്ത്രണങ്ങള്‍ അവസാനിച്ചു; വ്യോമയാന വാതില്‍ തുറന്ന് സൗദി അറേബ്യ

യാത്രാനിയന്ത്രണങ്ങള്‍ അവസാനിച്ചു; വ്യോമയാന വാതില്‍ തുറന്ന് സൗദി അറേബ്യ

ദമാം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുളളവർക്ക് പ്രവേശനം അനുവദിച്ചില്ലെങ്കിലും സൗദി അറേബ്യ യാത്രാനിയന്ത്രണങ്ങള്‍ നീക്കിയെന്നുളളത് പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാണുന്നത്. 14 മാസങ്ങളുടെ യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് 17 ന് പുലർച്ചെ ഒരുമണിയോടെ രാജ്യത്തേക്കുളള അന്താരാഷ്ട്ര യാത്രാക്കാർക്ക് സൗദി സ്വാഗതമോതി.


കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് പോകാനും മടങ്ങിവരാനുമുള്ള അനുമതിയോടെയാണ് അതിർത്തികൾ തുറക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ കര കടല്‍ വ്യോമ യാത്രാ നിയന്ത്രണങ്ങള്‍ ഇതോടെ സാധാരണ നിലയിലേക്കാവുമെന്നാണ് പ്രതീക്ഷ.


ഇന്ത്യയുള്‍പ്പടെ ഗുരുതര കോവിഡ് സാഹചര്യങ്ങളുളള 13 രാജ്യങ്ങളില്‍ നിന്നുളളവർക്ക് നേരിട്ടോ അല്ലാതെയോ സൗദിയിലേക്ക് പ്രവേശനനുമതി നല്‍കിയിട്ടില്ല. വാക്സിനേഷന്‍ പൂർത്തിയായവർക്കുള്‍പ്പടെയാണ് നിലവില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്. വാക്സിനേഷന്‍ പൂർത്തിയായവർക്ക് ക്വാറന്റീനോ ടെസ്റ്റോ ഇല്ലെന്നും രാജ്യത്തെ പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്ന് മുതല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്ന് 385 വിമാനങ്ങള്‍ സ‍ർവ്വീസ് നടത്തുമെന്ന് വിമാനത്താവള അതോറിറ്റി വക്താവ് വ്യക്തമാക്കി. ഫൈസർ ബയോടെക്, ഓക്സ്ഫ‍ർഡ് അസ്ട്രാ സെനക്കാ, മൊഡേ‍ർനാ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിനെടുത്തവരായിരിക്കണം യാത്രികർ.

വാക്സിന്റെ ഒരു ഡോസ് മാത്രമെടുത്തവരാണെങ്കില്‍ രാജ്യത്തെത്തി ഏഴ് ദിവസത്തെ ക്വാറന്‍റീന്‍ സ്വന്തം ചെലവില്‍ കഴിയണം.കുട്ടികള്‍ക്കും ക്വാറന്റീനുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വിദേശികളാണെങ്കില്‍ നാടുകടത്തലുള്‍പ്പടെയുളള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവർ 200000 റിയാല്‍ പിഴയും രണ്ട് വർഷം തടവും ഇതുരണ്ടുമോ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. രാജ്യത്ത് 825 പേരിലാണ് കോവിഡ് 19 ഇന്നലെ സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.