വെടി നിര്‍ത്തില്ലെന്ന് ഇസ്രയേലും ഹമാസും; ഗാസയിലെ ആക്രമണങ്ങളെ യു.എന്‍ യോഗം അപലപിക്കാത്തത് ഇസ്രയേല്‍ വിരോധികള്‍ക്ക് തിരിച്ചടിയായി

വെടി നിര്‍ത്തില്ലെന്ന് ഇസ്രയേലും ഹമാസും;  ഗാസയിലെ ആക്രമണങ്ങളെ യു.എന്‍ യോഗം അപലപിക്കാത്തത്  ഇസ്രയേല്‍ വിരോധികള്‍ക്ക് തിരിച്ചടിയായി

ഗാസ: ആക്രമണം നിര്‍ത്തണമെന്ന ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ആവശ്യം ഇസ്രയേലും ഹമാസും തള്ളിയതോടെ യുഎന്‍ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും വെര്‍ച്വല്‍ യോഗത്തില്‍ ഉണ്ടായില്ല എന്നത് ഹമാസിനെ പിന്തുണയ്ക്കുന്ന ഇസ്രയേല്‍ വിരോധികളായ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി.

സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് വ്യക്തമാക്കി. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ഹമാസ് പ്രകോപനം തുടരുന്നതിനാല്‍ മുഴുവന്‍ സൈന്യത്തേയും ഉപയോഗിച്ച് പലസ്തീനില്‍ ആക്രമണം നടത്തുമെന്ന് നെതന്യാഹു പറഞ്ഞു.

അദ്ദേഹം സംസാരിച്ച് മണിക്കൂറുകള്‍ പിന്നിട്ടതും ഇസ്രയേലി യുദ്ധ വിമാനങ്ങള്‍ വീണ്ടും ഗാസ മുനമ്പിലെ ഭീകര താവളങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കി. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ നെതന്യാഹു ന്യായീകരിക്കുകയും ചെയ്തു.

ഗാസ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കെട്ടിട സമുച്ചയങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 197 ആയി. മരണസംഖ്യ ഉയരുമ്പോഴും ഹമാസ് തീവ്രവാദികളുടെ കടുംപിടുത്തം സമാധാന ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കുകയാണ്.

യുദ്ധവിമാനങ്ങള്‍ എണ്‍പത് തവണ ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ വൈദ്യുത വിതരണ ശൃംഖല തകര്‍ന്നു. ഹമാസ് ചീഫ് യഹിയ അല്‍ സിന്‍ഹറിന്റെ വീടും വ്യോമാക്രമണത്തില്‍ തകര്‍ത്തതായി സൈന്യം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.