യേശുവിന്റെ സ്വര്‍ഗാരോഹണം ദുഃഖിക്കാനല്ല ആഹ്ലാദിക്കാനാണ്; അത് ഉപേക്ഷിക്കലല്ല നമ്മെ വീണ്ടെടുക്കലാണ്: ഫ്രാന്‍സിസ് പാപ്പാ

യേശുവിന്റെ സ്വര്‍ഗാരോഹണം ദുഃഖിക്കാനല്ല ആഹ്ലാദിക്കാനാണ്; അത് ഉപേക്ഷിക്കലല്ല നമ്മെ വീണ്ടെടുക്കലാണ്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: യഥാര്‍ഥ ദൈവവും യഥാര്‍ഥ മനുഷ്യനുമായുള്ള യേശുവിന്റെ സ്വര്‍ഗാരോഹണവും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വാഗ്ദാനവും ആഹ്‌ളാദിപ്പാനുള്ള കാരണങ്ങളാണെന്നു ഫ്രാന്‍സീസ് പാപ്പാ. ഞായറാഴ്ച്ച ഉയിര്‍പ്പുകാലത്ത് ചൊല്ലുന്ന 'സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും' എന്ന പ്രാര്‍ഥന നയിക്കുന്നതിനിടെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികള്‍ക്കു സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.

യേശു സ്വര്‍ഗത്തില്‍ പ്രവേശിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്ക് നഷ്ടപ്പെടലിന്റെയോ ഉപേക്ഷിക്കപ്പെടുന്നതിന്റെയോ ദുഃഖമുണ്ടായില്ലെന്നു മാര്‍പാപ്പ പറഞ്ഞു. കര്‍ത്താവ് വേര്‍പിരിഞ്ഞിട്ടും, അവര്‍ ദുഃഖിതരായി കാണപ്പെട്ടില്ല, പകരം, സന്തോഷവാന്മാരും സുവിശേഷ വേലയ്ക്കായി പോകാന്‍ തയാറാവുകയും ചെയ്തു.

എന്തുകൊണ്ടാണു ശിഷ്യന്മാര്‍ ദുഃഖിക്കാത്തത്? മാര്‍പ്പാപ്പ ചോദിച്ചു. യേശുവിന്റെ സ്വര്‍ഗാരോഹണം കണ്ട് നാമെല്ലാവരും ആഹ്‌ളാദിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്-സ്വര്‍ഗാരോഹണത്തിലൂടെ നമുക്കിടയിലുള്ള യേശുവിന്റെ ദൗത്യം പൂര്‍ത്തിയായിരിക്കുന്നു.

ഇറ്റലിയിലും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഈസ്റ്ററിനുശേഷം ആറാമത്തെ ഞായറാഴ്ചയാണ് സ്വര്‍ഗാരോഹണം ആരാധനാപൂര്‍വ്വം ആചരിക്കുന്നത്. യേശു മനുഷ്യനിലേക്ക് ഇറങ്ങി അവനെ വീണ്ടെടുത്ത ശേഷം, സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുന്നു. നമ്മുടെ മാംസം അവനോടൊപ്പം കൊണ്ടുപോകുന്നു. സ്വര്‍ഗത്തില്‍ പ്രവേശിച്ച ആദ്യത്തെ മനുഷ്യനാണ് യേശു. കാരണം അവന്‍ യഥാര്‍ഥ ദൈവവും യഥാര്‍ഥ മനുഷ്യനുമാണ്. നമ്മുടെ മാംസം സ്വര്‍ഗത്തിലാണ്, ഇത് നമുക്ക് സന്തോഷം നല്‍കുന്നു-മാര്‍പ്പാപ്പ പറഞ്ഞു.

അവന്റെ സ്വര്‍ഗാരോഹണം ഉപേക്ഷിക്കലല്ല. പ്രാര്‍ഥനയിലൂടെ യേശു ശിഷ്യന്മാര്‍ക്കും നമുക്കുമിടയില്‍ എന്നേക്കും നിലനില്‍ക്കുന്നു. നമ്മെ വീണ്ടെടുത്തതിന്റെ മുറിവുകള്‍ യേശു പിതാവിനു കാണിച്ചുകൊടുക്കുന്നു. ഇത് സുരക്ഷിതത്വവും വലിയ സന്തോഷവും നല്‍കുന്നു.

ആഹ്‌ളാദത്തിന്റെ രണ്ടാമത്തെ കാരണം, പരിശുദ്ധാത്മാവിനെ അയയ്ക്കാനുള്ള യേശുവിന്റെ വാഗ്ദാനമാണ്. സ്വര്‍ഗാരോഹണത്തിനുശേഷം യേശു പരിശുദ്ധാത്മാവിനെ നമുക്കായി അയച്ചു. സുവിശേഷീകരണത്തിനായി പുറപ്പെടുന്നതിനായി പരിശുദ്ധാത്മാവിനെ അവന്‍ വാഗ്ദാനം ചെയ്യുന്നു. ഇന്നത്തെ ദിവസത്തെ സന്തോഷത്തിന്റെ കാരണം ഇതാണ്, സ്വര്‍ഗാരോഹണത്തിന്റെ സന്തോഷം.

ജീവിതത്തിന്റെ ദൃഢമായ സാഹചര്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ടവന്റെ ധീര സാക്ഷികളായി ലോകത്തില്‍ ജീവിക്കാന്‍ സ്വര്‍ഗരാജ്ഞിയായ മറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.