ജെറുസലേം: 'ഇസ്രയേലിന്റെ മാലാഖ' സൗമ്യയുടെ വേര്‍പാട് ഒരു വലിയ നോവായി മലയാളികളുടെ മനസില്‍ അവശേഷിക്കുകയാണ്. റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രിയ കൂട്ടുകാരിക്കായി ഇസ്രയേലിലെ മലയാളികള്‍ അവരവര്‍ താമസിക്കുന്ന ഇടങ്ങളില്‍നിന്ന് ആദരാഞ്ജലി അര്‍പ്പിച്ചത് കണ്ണ് നനയിക്കുന്ന കാഴ്ച്ചയായി.
ജറുസലേമിലെ 'അഹുസാത് ബൈത് ഹക്കേരണ്‍' എന്ന വൃദ്ധസദനത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഇസ്രയേല്‍, ഇന്ത്യന്‍ പതാകകളേന്തി അനുശോചന റാലി നടത്തി. വിവിധ കിബൂത്‌സുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഒരുമിച്ച് അനുശോചനം അറിയിച്ചതും സൗമ്യ എത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു എന്ന് വിളിച്ചോതി.
തങ്ങളുടെ സഹോദരിക്കായി ഒറ്റദിവസം കൊണ്ട് ഷൈനി ബാബു വരികളെഴുതി ലിയോ പോള്‍ സംഗീതം നല്‍കി, ആഷ്ബിന്‍ ബാബു ആലപിച്ച്, സ്മാര്‍ട്ടിന്‍ ഫിലിപ്പും സജീഷ് ലോറന്‍സും ചേര്‍ന്ന് എഡിറ്റ് ചെയ്ത 'ഓര്‍മ്മതന്‍... വാടിയില്‍ ' എന്ന അനുശോചന ഗാനം ഇസ്രയേല്‍ മലയാളികളുടെ മനസിന്റെ നോവ് വ്യക്തമാക്കുന്നു. സൗമ്യയുടെ സംസ്‌ക്കാരച്ചടങ്ങ് സ്വദേശത്തു നടന്ന സമയത്തു തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഈ ഗാനത്തിനൊപ്പം നാനൂറോളം മലയാളികള്‍ തിരി തെളിച്ച് ഒത്തുചേര്‍ന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ഇസ്രായേലും പലസ്തീന്‍ തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. ഇസ്രായേലില്‍ ഏകദേശം പതിനയ്യായിരത്തോളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മമാദ് എന്ന രക്ഷാകേന്ദ്രം ഒരുക്കുന്ന സുരക്ഷിതത്വത്തില്‍ കഴിയുന്നവരാണ് ഇസ്രായേലിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍. ഹമാസിന്റെ തുടര്‍ച്ചയായുള്ള ഷെല്‍ ആക്രമണത്തില്‍ ഭയന്നു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ദിവസം പല തവണ സുരക്ഷിത താവളങ്ങളില്‍ അഭയം പ്രാപിക്കേണ്ട അവസ്ഥയാണെന്നു മലയാളിയായ ഷൈനി ബാബു പറയുന്നു. മിസൈല്‍ ആക്രമണം അറിയിക്കുന്ന സൈറണ്‍ മുഴങ്ങിക്കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സുരക്ഷിത താവളങ്ങളിലേക്കു മാറണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ജീവന്‍തന്നെ നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും ഷൈനി കൂട്ടിച്ചേര്‍ത്തു.
എട്ടു വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ഗിവറായി ജോലി നോക്കുകയായിരുന്ന ഇടുക്കി സ്വദേശിനി സൗമ്യ ഹമാസിന്റെ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സൗമ്യയുടെ മൃതദേഹം എല്ലാ ഔപചാരികതകളും പൂര്‍ത്തിയാക്കി, ഇന്ത്യന്‍ എംബസിയും ഇസ്രായേല്‍ സര്‍ക്കാരും ചേര്‍ന്ന് മൂന്നു ദിവസത്തിനുള്ളില്‍ പ്രത്യേക വിമാനത്തില്‍ നാട്ടില്‍ എത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.