ദുബായ്: തൊഴിലാളികള്‍ക്കും മികച്ച തൊഴില്‍ സ്ഥാപനങ്ങള്‍ക്കും നല്‍കിവരുന്ന തഖ്ദീർ പുരസ്കാര വിതരണം നടന്നു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകർത്വത്തിലാണ് തഖ്ദീർ പുരസ്കാരങ്ങള്‍ നല‍്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങിലാണ് നാലാമത് എഡിഷന്റെ പുരസ്കാര വിതരണം നടന്നത്.
സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തില്‍ ത്രീസ്റ്റാർ, ഫോർസ്റ്റാർ, ഫൈവ് സ്റ്റാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പുരസ്കാരം നല്‍കുന്നത്. നാല് സ്ഥാപനങ്ങളാണ് ഇത്തവണ ഫൈവ് സ്റ്റാർ പുരസ്കാരത്തിന് അർഹത നേടിയത്. അല്‍ നബൂദ കണ്‍സ്ട്രക്ടിംഗ് ഗ്രൂപ്പ്,നെസ്ലെ ദുബായ് മാനുഫാക്ചറിംഗ്, ഇമാദ് എല്‍ എല്‍ സി, കിമോഹ എന്റർ പ്രീണേഴ്സ് എന്നികമ്പനികളാണ് മികവിന്റെ പഞ്ചനക്ഷത്രം നേടിയത്.
ദുബായില്‍ നിന്ന് പഠിച്ചതിന്‍റെ ഒരു ഭാഗം ഞങ്ങളുടെ തൊഴിലാളികളിലൂടെ ഈ രാജ്യത്തിന് തന്നെ തിരിച്ചുനല്‍കുകയാണെന്ന് കിമോഹ എന്റർ പ്രീണേഴ്സ് എം ഡി വിനേഷ് ഭീമാനി പറഞ്ഞു. തൊഴിലാളികള്‍ക്ക് യുഎഇ നിയമപ്രകാരമുളളതിനേക്കാള്‍ അധികസമയവേതനം നല്‍കിയും, ഇന്ത്യയിയുളള അവരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്തും നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും കിമോഹയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മികച്ച തൊഴിലാളിക്കുളള പുരസ്കാരം നേടിയ ആന്ധ്രപ്രദേശില്‍ നിന്നുളള ആനന്ദകുമാർ കല്ലകുന്റയും കിമോഹയുടെ ജീവനക്കാരനാണ്. 1998 ല്‍ സാധാരണ തൊഴിലാളിയായി ജീവിതം തുടങ്ങിയ ആനന്ദകുമാർ ഇന്ന് മെഷിന്‍ ഓപ്പറേറ്ററാണ്. മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞു. ഇന്ന് സൗദി ജർമന്‍ ആശുപത്രിയിലെ നഴ്സാണ് മകള്‍ സുസ്മിത. പിതാവിനൊപ്പം പുരസ്കാരം സ്വീകരിക്കാന്‍ സുസ്മിതയുമെത്തിയിരുന്നു.
കൊല്ലം സ്വദേശി പി.കെ. സജീവിന്റെ ഉടമസ്ഥതയിലുള്ള അരോമ ഇന്റർനാഷനൽ ബിൽഡിങ് കോൺട്രാക്റ്റിങ് കമ്പനിയുള്‍പ്പടെ 11 കമ്പനികള്‍ ഫോർ സ്റ്റാർ റേറ്റിംഗോടെ പുരസ്കാരം നേടി. തുടർച്ചായ നാലാം വർഷമാണ് തഖദീർ പുരസ്കാരം അരോമയെത്തേടിയെത്തുന്നത്.ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ കൺസ്ട്രക്ഷൻ സ്ഥാപനമാണിത്.
14 കമ്പനികള്‍ മികവിന്റെ ത്രീ സ്റ്റാർ റേറ്റിംഗും സ്വന്തമാക്കി. ദുബായിലെ റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റി ആർടിഎ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ദുബായ് മുനിസിപ്പാലിറ്റി, ജി.ഡി.ആർ.എഫ്.എ എന്നീ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 35 സ്ഥാപനങ്ങളും വ്യക്തികളും മികച്ച നേട്ടം കൈവരില്‍ ഉള്‍പ്പെടുന്നു.
വിവിധ വിഭാഗങ്ങളില്‍ നിന്നായി ജീവനക്കാരും സ്ഥാപനങ്ങളും ഉള്‍പ്പടെ 77 തഖ്ദീർ പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്.ഈ വർഷം പുരസ്കാരത്തിന് അർഹത നേടാന്‍ കഴിയാത്തവർ നിരാശരാകേണ്ടതില്ലെന്നും വീണ്ടും പരിശ്രമിക്കണമെന്നും അവാർഡ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ ഒബയ്ദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
തൊഴിലാളികള്‍ക്ക് സമ്മാനമായി ലേബർ എക്സലന്‍സ് കാർഡുകള്‍
തഖ്ദീർ പുരസ്കാര വിതരണത്തോട് അനുബന്ധിച്ച് തൊഴിലാളികൾക്ക് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ആനുകൂല്യങ്ങൾ ലഭിക്കുന്ന ലേബർ എക്സലൻസ് കാർഡുകൾ പുറത്തിറക്കി. ദുബായിലെ സർക്കാർ ഏജന്‍സികളിലും വ്യാപാരസ്ഥാപനങ്ങളിലും മാളുകളിലുമെല്ലാം ഇളവുകള്‍ ലഭിക്കുന്ന കാർഡുകള്‍ മികച്ച കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് ലഭിക്കുക.
ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ റേറ്റിംഗ് ലഭിച്ച കമ്പനികളിലെ തൊഴിലാളികള്‍ക്ക് ആദ്യ ഘട്ടത്തില്‍ കാർഡുകള്‍ നല്‍കും. ആർടിഎ, ദീവ,ജിഡിആർഎഫ്എ,ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയിടങ്ങളില്‍ കാർഡുപയോഗിച്ച് ആനുകൂല്യം ലഭിക്കുമെന്നത് തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകും. 25 മുതല്‍ 50 ശതമാനം വരെ ഫീസിളവാണ് ലഭിക്കുക. ഈ കമ്പനികളില്‍ എക്സലന്‍സിന്റെ ഗോള്‍ഡ് കാർഡാണ് ലഭിക്കുകയെങ്കില്‍ സ്വകാര്യകമ്പനികളില്‍ ബ്ലൂ കാർഡാണ് ലഭ്യമാക്കുക. രണ്ട് വർഷത്തിലൊരിക്കലാണ് തഖ്ദീർ പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഈ കാലയളവില്‍ കാർഡ് ഉപയോഗിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.