കുട്ടികളുടെ വായനോത്സവത്തിന് നാളെ ഷാ‍ർജയില്‍ തുടക്കം

കുട്ടികളുടെ വായനോത്സവത്തിന് നാളെ ഷാ‍ർജയില്‍ തുടക്കം

ഷാർജ: ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിലൊരുങ്ങുന്ന ഷാർജ വായനോത്സവത്തിന് (ഷാ‍ർജ റീഡിംഗ് ഫെസ്റ്റിവല്‍) നാളെ എക്സ്പോ സെന്ററില്‍ തുടക്കമാകും. 29 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ കുട്ടികളുടെ ഭാവനയ്ക്കും അറിവിനും ഉതകുന്ന വിവിധ വർക്ക് ഷോപ്പുകളും വിനോദ വിജ്ഞാന പരിപാടികളുമൊരുക്കിയിട്ടുണ്ട്. നാളെ വൈകീട്ട് നാല് മുപ്പതിനാണ് പുസ്തകോത്സവത്തിന് തിരിതെളിയുക.


സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന റോബോട്ട് സെഷന്‍ കുട്ടികള്‍ക്ക് നവജീവിതത്തിന്‍റെ വിവിധ മേഖലകളിലൂടെ സഞ്ചരിക്കാനുളള അവസരമൊരുക്കും. ആ‍ർജ്ജിത ബുദ്ധിയും ഓട്ടോമേറ്റഡ് ഡ്രൈവിംഗും 3ഡി പ്രിന്റിംഗുമെല്ലാം വ‍ർക്ക് ഷോപ്പുകളിലൂടെ കുട്ടികള്‍ക്ക് രസം പകരും.


സിനിമാ അനിമേഷന്‍ താല്‍പര്യമുളളവർക്കായി വീഡിയോ വ‍ർക്ക് ഷോപ്പുകളും സജ്ജമാക്കിയിട്ടുണ്ട്. കലാ നൈപുണ്യമുളളവ‍ർക്കായി നക്ഷത്രങ്ങളുടെ കലയെന്ന ആശയത്തില്‍ വിവിധ കലാപരിപാടികളില്‍ പങ്കെടുക്കാനുളള അവസരവും വായനോത്സവം നല്‍കുന്നു.

വീടുകളിലും മറ്റ് പൊതു ഇടങ്ങളിലും സൈബറിടങ്ങളിലും കുഞ്ഞുങ്ങള്‍ ചൂഷണം ചെയ്യപ്പെടാനുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അത്തരം കാര്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്ന വ‍ർക്ക് ഷോപ്പുകളും പരിപാടികളും സുപ്രീം കൗണ്‍സില്‍ ഓഫ് ഫാമിലി അഫയേഴ്സിലെ കുട്ടികളുടെ സംരക്ഷണ വിഭാഗം ( ചൈല്‍ഡ് സേഫ്റ്റി ഡിപാ‍‍ർട്മെന്റ് ) ഒരുക്കും.

ഫോസിലുകളെ കുറിച്ചുളള അറിവുപകരാന്‍ ഷാർജ പൊതു ലൈബ്രറിയും ഷാ‍ർജ വായനോത്സവത്തില്‍ അവസരമൊരുക്കും. 33 വ‍ർക്ക് ഷോപ്പുകള്‍ ഇത്തവണത്തെ വായനോത്സവത്തെ സമ്പന്നമാക്കും. 15 അറബ് വിദേശരാജ്യങ്ങളില്‍ നിന്നായി 27 എഴുത്തുകാരും 172 പ്രസാധകരും വായനോത്സവത്തിന്റെ ഭാഗമാകും. 537 വിനോദ വിജ്ഞാന പരിപാടികളുമായാണ് വായനോത്സവത്തിന്റെ ഒന്‍പതാമത് എഡിഷനെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.