ബ്രിസ്ബന്‍: ലോകത്ത് ആദ്യമായി കോവിഡ് വൈറസുകളെ നശിപ്പിക്കുന്ന ആന്റിവൈറല്‍ ചികിത്സാരീതി ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ക്വീന്‍സ് ലന്‍ഡിലെയും യു.എസിലെയും ഗവേഷകര്‍ സംയുക്തമായാണ് കോവിഡിനെതിരേ ആന്റി വൈറല്‍ ചികിത്സ വികസിപ്പിച്ചെടുത്തത്. എലികളിലാണ് പരീക്ഷണം വിജയകരമായി നടത്തിയത്.
രോഗബാധിതരായ എലികളിലെ 99.9 ശതമാനം കോവിഡ് വൈറസുകളെയും ഈ ചികിത്സയിലൂടെ നശിപ്പിച്ചു. കോവിഡ് ബാധിച്ചവര്‍ക്ക് നേരിട്ടുള്ള ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണു കരുതുന്നത്. അടുത്ത ഘട്ടത്തിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കൂടി വിജയിച്ചാല്‍ 2023-ല്‍ ഈ ചികിത്സ രോഗികള്‍ക്കു ലഭ്യമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്വീന്‍സ് ലന്‍ഡിലെ മെന്‍സീസ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും യു.എസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായ സിറ്റി ഓഫ് ഹോപ്പിലെയും ശാസ്ത്രജ്ഞരുടെ സംഘം സംയുക്തമായാണ് കഴിഞ്ഞ ഏപ്രിലില്‍ ഗവേഷണം ആരംഭിച്ചത്. ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ പ്രൊഫസര്‍ നിഗല്‍ മക്മില്ലനാണ് നേതൃത്വം നല്‍കിയത്.
ജീന്‍ സൈലന്‍സിംഗ് ആര്‍.എന്‍.എ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കോവിഡ് വൈറസിന്റെ ജനിതഘടനയെ ആക്രമിക്കുകയാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. ഇതിലൂടെ ശരീരത്തില്‍ വൈറസ് വ്യാപിക്കുന്നത് തടയുന്നു. എലികളുടെ ശരീരത്തില്‍ നാനോകണങ്ങള്‍ കുത്തിവച്ചപ്പോള്‍ രക്തപ്രവാഹത്തിലൂടെ അവ സഞ്ചരിച്ച് വൈറസിനെ തിരഞ്ഞുപിടിച്ച് കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു. ഒരു മിസൈലിന്റെ പ്രവര്‍ത്തനം പോലെ-പ്രൊഫസര്‍ മക്മില്ലന്‍ പറഞ്ഞു.
ശ്വാസകോശത്തിലേക്കും അവ പ്രവേശിക്കും. ഈ ചികിത്സാരീതിയുടെ പ്രത്യേകത വൈറസ് ഉള്ള കോശങ്ങള്‍ മാത്രമേ നശിക്കൂ എന്നതാണ്. സാധാരണ കോശങ്ങള്‍ക്ക് യാതൊരു കേടുപാടും സംഭവിക്കില്ല. ശ്വാസകോശത്തിലെ രോഗം ബാധിച്ച വൈറസിന്റെ തോത് 99.9 ശതമാനം കുറയ്ക്കാന്‍ കഴിയുന്ന ചികിത്സാരീതിയാണിതെന്നു പ്രൊഫസര്‍ മക്മില്ലന്‍ പറഞ്ഞു. അതിനാല്‍ ഇത് ഒരു രോഗശമനം പോലെ ഫലപ്രദമാണ്.
വാക്‌സിന്‍ ലഭിക്കാത്ത കോവിഡ് ഗുരുതരമായ രോഗികള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. ഈ ചികിത്സാ രീതി വൈറസ് വ്യാപിക്കുന്നത് തടയുന്നതിനാല്‍ ശരീരത്തിന് സ്വയം രോഗത്തില്‍നിന്നു മുക്തി നേടാന്‍ സാധിക്കും. രോഗം ബാധിച്ച് ഉടന്‍ തന്നെ ചികിത്സിച്ചാല്‍ കൂട്ടമരണങ്ങള്‍ ഉണ്ടാകുന്നത് തടയാനുമാകും. കോവിഡ് മൂലം പ്രതീക്ഷ നഷ്ടപ്പെടുന്നവര്‍ക്ക് ഈ ചികിത്സാ രീതിയിലൂടെ ആരോഗ്യം വീണ്ടെടുക്കാനാകും. ഈ ചികിത്സാ രീതിയില്‍ ഐ.സി.യുവിലുള്ള ഒരാള്‍ക്ക് നാലോ അഞ്ചോ ദിവസം കുത്തിവയ്പ്പ് നല്‍കും. രോഗം ബാധിച്ച ഉടനെയാണെങ്കില്‍ ഒരു കുത്തിവയ്പ്പ് മതി.
കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ഉണ്ടെങ്കിലും വൈറസിനെതിരേ നേരിട്ടുള്ള ചികിത്സ ഇപ്പോഴും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.