ഐ ബി എം വെറും രണ്ടു നാനോ മീറ്റർ മാത്രം കനമുള്ള ട്രാൻസിസ്റ്റർ ചിപ്പ് നിർമ്മിച്ചു

ഐ ബി എം വെറും രണ്ടു നാനോ മീറ്റർ മാത്രം കനമുള്ള ട്രാൻസിസ്റ്റർ ചിപ്പ് നിർമ്മിച്ചു

ഇന്നത്തെ ഏറ്റവും ആധുനിക പ്രൊസസറുകളുമായി വരുന്ന മൊബൈൽ ഫോൺ മോഡലുകൾ പോലും 7 എൻ.എം കനമുള്ള പ്രോസസ്സറുകൾ ആണ് ഉപയോഗിക്കുന്നത്. ഈ സമയത്താണ് 2 എൻ. എം പ്രൊസസ്സറുകളിലേക്ക് ഉള്ള പ്രധാന വഴിത്തിരിവായ ഈ ടെക്നോളജി ഉപയോഗിച്ച് ഐ ബി എം ഏറ്റവും കനം കുറഞ്ഞ ട്രാൻസിസ്റ്റർ ചിപ്പ് നിർമ്മിച്ച് ലോകത്തെ ഞെട്ടിച്ചത്.

ഐ ബി എം തങ്ങളുടെ അമേരിക്കയിലുള്ള വാട്സൻ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച 2 എൻ.എം ടെക്നോളജിക്ക് 5000 കോടി ട്രാൻസിസ്റ്ററുകളെ ഒരു നഖത്തിന്റെ വലുപ്പത്തിലുള്ള ചിപ്പിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഏറ്റവും കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് കൂടുതൽ കണക്ക് കൂട്ടലുകൾ നടത്തുന്ന പ്രൊസസ്സർ നിർമ്മാണത്തിന് ഇത് സഹായിക്കും. ഇപ്പോൾ നിലവിലുള്ള 7 എൻ.എം ചിപ്പുകളെ അപേക്ഷിച്ച് പുതിയ 2 എൻ എം ചിപ്പുകൾ 45 ശതമാനം കൂടിയ പ്രകടനം കാഴ്ചവക്കുന്നതോടൊപ്പം 75 ശതമാനം കുറഞ്ഞ ഊർജ്ജം മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഐബിഎം അവകാശപ്പെട്ടു.

ഓരോ ദിവസവും ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഉപയോഗം കൂടി കൂടി വരുകയാണ്. മനുഷ്യന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇലക്ട്രോണിക് ഉപകരണങ്ങൾ . ഓരോ ദിവസവും കൂടുതൽ കാര്യക്ഷമതയുള്ള ഉപകരണങ്ങൾ നിർമിക്കുവാനായി കോടികളാണ് വിവിധ കമ്പനികൾ ചിലവിടുന്നത്. അതിനാൽ തന്നെ ഈ കണ്ടു പിടുത്തം വലിയ ഒരു കുതിച്ച് ചാട്ടമായാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. ഐ ടി മേഖലയിലും മൊബൈൽ ഫോൺ നിർമാണത്തിലും ഇത് വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്നത് തീർച്ചയാണ്.

ചില പ്രധാനപ്പെട്ട ഗുണങ്ങൾ പരിശോധിക്കാം. മുൻപുള്ള ചിപ്പുകളെ അപേക്ഷിച്ച് 75 ശതമാനം കുറഞ്ഞ ഊർജ്ജം ഉപയോഗിക്കൂ എന്നതിനാൽ തന്നെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ 2 എൻ എം ചിപ്പ് മികച്ച പ്രകടനം കാഴ്ചവക്കും. ബാറ്ററി ബാക്കപ്പ് നാലിരട്ടി സമയം വരെ ലഭിക്കും. അതോടൊപ്പം കൂടിയ കമ്പ്യൂട്ടിംഗ് ശേഷി മൊബൈലുകളുടെയും ലാപ്ടോപ്പിന്റെയും പ്രവർത്തനം വളരെ വേഗത്തിലാക്കും. ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് അതിവേഗം തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് സഹായിക്കും. ഇത് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുവാനും മികച്ച സേവനം നൽകാനും സഹായിക്കും.

എന്നാൽ ഈ ചിപ്പിനെ വ്യവസായിക അടിസ്ഥാനത്തിലുള്ള പ്രൊസസ്സറുകളാക്കി രൂപപ്പെടുത്താൻ ഒന്നോ രണ്ടോ വർഷത്തെ സമയം കൂടി വേണ്ടി വരും എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കുകൂട്ടൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.