ഐശ്വര്യയുടെ മരണം; ഓസ്ട്രേലിയയിലെ ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥ തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഐശ്വര്യയുടെ മരണം; ഓസ്ട്രേലിയയിലെ ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥ തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഏഴുവയസുകാരി ഐശ്വര്യ അശ്വത്ത് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ കടുത്ത വീഴ്ച്ച തെളിയിക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ നിരവധി അവസരങ്ങള്‍ പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രി ജീവനക്കാര്‍ നഷ്ടപ്പെടുത്തിയതായി പത്ത് അംഗസമിതി തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു മണിക്കൂറിലധികമാണ് ചികിത്സ കിട്ടാനായി കുടുംബം കാത്തിരുന്നത്.

സംഭവമുണ്ടായ ഏപ്രില്‍ മൂന്നിന് അത്യാഹിത വിഭാഗത്തില്‍ കടുത്ത പനിയുമായി ഐശ്വര്യയെ പ്രവേശിപ്പിച്ച സമയം മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളും 14 ജീവനക്കാരുടെ അഭിമുഖവും അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ ഭാഗത്തുനിന്നു കുടുംബത്തിന് നേരിട്ട കടുത്ത അവഗണന സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

ജീവിതത്തില്‍ ആരും കടന്നുപോകാനാഗ്രഹിക്കാത്ത നിമിഷങ്ങളിലൂടെയാണ് ഐശ്വര്യയും മാതാപിതാക്കളും കടന്നുപോയതെന്നു വെളിപ്പെടുത്തുന്നതാണ് ദൃശ്യങ്ങള്‍. ജീവിതത്തിനും മരണത്തിനുമിടയിലുള്ള മകളെയും കൈയില്‍ പിടിച്ച് മാതാപിതാക്കള്‍ നഴ്സ് ഉള്‍പ്പെടെയുള്ളവരോടു കരഞ്ഞ് അപേക്ഷിക്കുന്നതും അവരുടെ കണ്‍മുന്നില്‍ രോഗം വഷളായി ഐശ്വര്യ മരണത്തിലേക്ക് അടുക്കുന്നതിന്റെ ഓരോ നിമിഷവും കാമറയില്‍ വ്യക്തമാണ്. അസ്വസ്ഥതപ്പെടുത്തുന്ന ഈ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇവയാണ്.

ഏപ്രില്‍ മൂന്ന്, വൈകിട്ട് 5.32

അശ്വത്തും പ്രസീതയും പനി ബാധിച്ച ഐശ്വര്യയെ പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവരുന്നു.

5:33

ട്രിയേജ് ഡെസ്‌കിലുണ്ടായിരുന്ന ഏക നഴ്‌സ് ഗ്ലാസ് കൊണ്ട് മറച്ച സ്‌ക്രീനിന്റെ പിന്നില്‍നിന്ന് ഐശ്വര്യയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ തേടുന്നു. കുട്ടിയെ പരിശോധിക്കുകയോ പള്‍സ് എടുക്കുകയോ ചെയ്തില്ല. മകള്‍ക്ക് തലവേദനയുണ്ടെന്നും കൈകള്‍ തണുത്തു വരുന്നതായും മാതാപിതാക്കള്‍ നഴ്സിനോട് പറയുന്നു. തുടര്‍ന്ന് ഡോക്ടറെ കാണാന്‍ ഒരു മണിക്കൂര്‍ കാത്തിരിക്കണമെന്ന് അറിയിക്കുന്നു. രോഗിയുടെ പള്‍സ് പോലും എടുക്കാത്ത സാഹചര്യത്തില്‍ ഗുരുതരാവസ്ഥ തിരിച്ചറിയാന്‍ ജീവനക്കാര്‍ വൈകി. ഇത് ചികിത്സയുടെ കാലതാമസത്തിന് കാരണമായി.

5:41

മകളുടെ കണ്ണുകളുടെ നിറം മാറുന്നതിനെക്കുറിച്ചുള്ള ആശങ്ക പ്രസീത ഒരു ജീവനക്കാരനോടു പങ്കുവയ്ക്കുന്നു. തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിച്ച് കുട്ടിക്ക് അസാധാരണമായ നിറവ്യത്യാസം ഉണ്ടെന്ന് നിരീക്ഷിച്ചെങ്കിലും മറ്റു പ്രശ്നങ്ങളില്ലെന്ന് അറിയിച്ചു. 20 സെക്കന്‍ഡ് മാത്രമാണ് ഡോക്ടര്‍ പരിശോധിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കൂടുതല്‍ പരിശോധിക്കാത്തതിനാല്‍ രോഗത്തിന്റെ ഗുരുതരാവസ്ഥ ഡോക്ടര്‍ മനസിലാക്കിയില്ല.

ഐശ്വര്യയുടെ പിതാവ് അശ്വത്ത്

5:42

പ്രസീത രണ്ടാമതും മറ്റൊരു ജീവനക്കാരനോടു ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പശ്ചാത്തലത്തില്‍ ഐശ്വര്യ കൂടുതല്‍ അവശയായതായി കാണാം. മാതാപിതാക്കള്‍ കുട്ടിയുടെ കണ്ണു തുറക്കാന്‍ ശ്രമിക്കുന്നു. 5:45-ന് പ്രസീത മൂന്നാമത്തെ ജീവനക്കാരനുമായി സംസാരിക്കുന്നു. ജീവന്‍ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം പാഴാകുന്നതിന്റെ സംഘര്‍ഷം മാതാപിതാക്കളുടെ മുഖത്ത് പ്രകടമാണ്. നാലാം തവണ അഭ്യര്‍ഥിക്കുമ്പോഴാണ് ഡോക്ടറെ ഉടന്‍ കാണാമെന്ന് ജീവനക്കാരന്‍ അറിയിക്കുന്നത്.

5:52

വെയിറ്റിംഗ് റൂമിലെ നഴ്സ് ഐശ്വര്യയെ പരിശോധിച്ച് ശരീര താപനില 38.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 38.5 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുള്ള രോഗികളില്‍ രക്തത്തില്‍ അണുബാധയ്ക്കുള്ള (സെപ്്സിസ്) സാധ്യത പരിശോധിക്കാന്‍ നഴ്‌സ് നിര്‍ദേശിച്ചിട്ടും അതുണ്ടായില്ല. ജീവനക്കാര്‍ തമ്മിലുള്ള ക്ലിനിക്കല്‍ ആശയവിനിമയത്തിലെ കാലതാമസം ചികിത്സ വൈകാന്‍ കാരണമായി.

7:06

അശ്വത്തിന്റെ കൈകളില്‍ താങ്ങിപ്പിടിച്ച ഐശ്വര്യയുടെ തല പിന്നിലേക്കു മറിയുന്നതും കൈകാലുകള്‍ തളരുന്നതായും കണ്ട ജീവനക്കാരന്‍ നഴ്സിനെ അറിയിച്ചു. ഐശ്വര്യ ഗുരുതരാവസ്ഥയിലാണെന്നു തിരിച്ചറിഞ്ഞ നഴ്സ് അത്യാഹിത വിഭാഗത്തിലെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ക്ക് വിവരം കൈമാറി

7:09

ഡോക്ടര്‍ ഐശ്വര്യയുടെ മാതാപിതാക്കളോട് സംസാരിച്ച് കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുന്നു.

7.14

കൂടുതല്‍ നഴ്സുമാര്‍ എത്തുന്നു. ഈ സമയത്തോടെ സ്ഥിതി അതീവ ഗുരുതരമായി. വായ വരണ്ട് ശ്വസനം മന്ദഗതിയിലാവുകയും കൈകള്‍ തണുത്തു മരവിക്കുകയും കണ്ണുകളുടെ നിറം മഞ്ഞയാവുകയും ചെയ്തു. സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് 7.18-ന് കൂടുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘം ഐശ്വര്യയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നു. രോഗിക്ക് രക്തത്തില്‍ അണുബാധ ഉണ്ടായെന്നു തിരിച്ചറിയുന്നു.

7.30

അത്യാഹിത വിഭാഗത്തിലെ ഒരേയൊരു ബ്ലഡ് ഗ്യാസ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു. മറ്റൊന്ന് അടിയന്തരമായി മറ്റെവിടെ നിന്നെങ്കിലും ലഭ്യമാക്കണം. രണ്ടാമതൊരു മെഷീനില്ലാത്തതു ഗുരുതര വീഴ്ച്ചയായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ചികിത്സ വൈകുന്നു. കുഞ്ഞിന്റെ സ്ഥിതി കൂടുതല്‍ വഷളാവുന്നു.

8:21

ഐശ്വര്യയ്ക്കു കാര്‍ഡിയാക് അറസ്റ്റുണ്ടാകുന്നു. അവസാന ശ്രമമമെന്ന നിലയില്‍ സി.പി.ആര്‍ ആരംഭിച്ചു. മൂന്ന് തവണയെങ്കിലും ഹൃദയസ്തംഭനമുണ്ടായി.

രാത്രി 9:04

സി.പി.ആര്‍ നിര്‍ത്തി. ഏറ്റവും സങ്കടകരമായ വാര്‍ത്ത പുറത്തുവന്നു. ഐശ്വര്യ മരിച്ചതായി മാതാപിതാക്കളെ അറിയിച്ചു.

ഐശ്വര്യയ്ക്ക് ഗ്രൂപ്പ് എ സ്ട്രെപ്റ്റോക്കസ് (സെപ്സിസ്) അണുബാധ ഉണ്ടായെന്ന് പിന്നീട് ഒന്നിലധികം പരിശോധനകളില്‍ കണ്ടെത്തി. ഇത് ശരീരത്തിന്റെ വേഗത്തിലുള്ള തളര്‍ച്ചയ്ക്ക് കാരണമാവുകയും മരണത്തിലേക്കു നയിച്ചതായും റിപ്പോര്‍ട്ട് കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ ഈ ഭാഗം തിങ്കളാഴ്ച്ചയാണ് കുടുംബം പുറത്തുവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.