അഡിസ് അബാബ: എത്യോപ്യയിലെ സംഘർഷബാധിത പ്രദേശമായ ടിഗ്രേ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. താറുമാറായിരിക്കുന്ന ആരോഗ്യ മേഖല, പട്ടിണി മരണങ്ങൾ, വ്യാപകമായ ബലാൽസംഗങ്ങൾ എന്നിവ നടമാടുന്ന ടിഗ്രേയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ ടിഗ്രേയിൽ ഭരണം നടത്തിയിരുന്ന ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എത്യോപ്യൻ പ്രധാനമന്ത്രിയെ ധിക്കരിച്ച് പ്രാദേശിക തെരഞ്ഞെടുപ്പുകളുമായി മുന്നോട്ട് പോയതും എത്യോപ്യൻ പാർലമെന്റ് ഒക്ടോബറിൽ ഈ മേഖലയിലേക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതും എത്യോപ്യയും ടിഗ്രേയും തമ്മിലുള്ള സംഘർഷത്തിന് ആക്കം കൂട്ടി. ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്, എത്യോപ്യൻ ഫെഡറൽ ആർമി ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി അബി അഹമ്മദ് നവംബറിൽ സൈന്യത്തെ ടിഗ്രേയിലേക്ക് അയച്ചു. നരനായാട്ടും കൂട്ടപലായനവുമാണ് പിന്നീട് അവിടെ അരങ്ങേറിയത്. എത്യോപ്യൻ സേനയും അയൽരാജ്യമായ എറിത്രിയയിൽ നിന്നുള്ള സൈനികരും കൂടിച്ചേർന്ന് കൂട്ടക്കൊല, ബലാത്സംഗം എന്നീ അക്രമങ്ങൾ വ്യാപകമായി നടത്തി. ഇവിടെ നടമാടിയത് വംശീയ ഹത്യയാണെന്ന് എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ ആബൂൻ മത്തിയാസ് ഒരു അഭിമുഖത്തിൽ പ്രസ്താവിച്ചിരുന്നു
ഈ മേഖലയിലെ അഞ്ച് ദശലക്ഷം ആളുകൾക്ക് ഇപ്പോൾ മാനുഷിക സഹായവും പ്രത്യേകിച്ച് ഭക്ഷ്യസഹായവും ആവശ്യമാണെന്ന് ടെഡ്രോസ് ചൂണ്ടിക്കാട്ടി. “വിശപ്പ് കാരണം പലരും മരിക്കാൻ തുടങ്ങി, കഠിനമായ പോഷകാഹാരക്കുറവ് വർദ്ധിച്ചുവരികയാണ് ” അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും 60,000 ത്തിലധികം പേർ സുഡാനിലേക്ക് പലായനം ചെയ്യുകയും ചെയ്തു.
അതേസമയം, ആരോഗ്യ സേവന കേന്ദ്രങ്ങൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതിനാൽ അവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. കൂട്ടകൊലപാതകങ്ങളെയും ലൈംഗികാതിക്രമങ്ങളെയും യുദ്ധമാർഗമായി വ്യാപകമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യ സംഘടന മേധാവി അപലപിച്ചു.
എത്യോപ്യൻ സർക്കാർ ടിഗ്രേ മേഖലയിലെ ഗ്രാമപ്രദേശങ്ങളിൽ അന്തർദേശീയ സഹായങ്ങൾ എത്തുന്നതിൽ നിന്ന് തടയുന്നു. വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ ഈ മേഖലയ്ക്കുള്ള സഹായം തടയുന്നതിനെ അപലപിച്ചു. മരുന്നുകൾ പോലും തടയുന്ന എത്യോപ്യൻ സർക്കാരിന്റെ നടപടികൾ മൂലം കോളറ, മീസിൽസ്, മറ്റ് പകർച്ചവ്യാധികൾ എന്നിവ പടരുവാനുള്ള അപകടസാധ്യതയെക്കുറിച്ച് യുഎൻ ആരോഗ്യ ഏജൻസി ആശങ്കാകുലരാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമെർജൻസി ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.