ഇസ്രായേൽ - ഹമാസ് വെടിനിറുത്തൽ വെള്ളിയാഴ്ച ?

ഇസ്രായേൽ - ഹമാസ് വെടിനിറുത്തൽ  വെള്ളിയാഴ്ച ?

വാഷിംഗ്ടൺ: ഇസ്രയേലും ഹമാസും വെള്ളിയാഴ്‌ച വെടിനിർത്തൽ കരാറിലെത്തുമെന്ന് അമേരിക്കൻവൃത്തങ്ങൾ വ്യക്തമാക്കി. പത്തുദിവസമായി തുടർന്നുവരുന്ന ഏറ്റുമുട്ടലുകൾക്ക് ഈ ആഴ്ച അറുതി വരുമെന്ന് ബൈഡൻ ഭരണകൂടം പ്രതീക്ഷിക്കുന്നു.

മധ്യസ്ഥരാജ്യങ്ങളിൽ ഒന്നായ ഈജിപ്ത് , പോരാട്ടത്തിൽ നിന്നും പിന്മാറാൻ ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയേയ്ക്ക് മുന്നിൽ നിരവധി ഓപ്ഷനുകൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുതിർന്ന ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിലൊന്ന് നിബന്ധനകളില്ലാത്ത വെടിനിർത്തലാണ്. മറ്റൊന്ന് ഒരു ദീർഘകാല കരാറിനായി ചർച്ചകൾ നടത്തുന്ന സാഹചര്യത്തിൽ പോരാട്ടം താൽക്കാലികമായി നിർത്തുക എന്നതാണ്.

യുദ്ധം നിർത്താൻ ഇസ്രായേലിന് മേലുള്ള സമ്മർദ്ദം യുഎസിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ശക്തമായിരുന്നു. വെടിനിറുത്തൽ പരിശ്രമങ്ങളിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ബുധനാഴ്ച ഫോൺ സംഭാഷണത്തിൽ പറഞ്ഞു.

ഇസ്രായേൽ സൈന്യം തങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് അടുത്തെത്തിയെന്ന് നയതന്ത്ര വിദഗ്‌ധർ കരുതുന്നു. ഗാസയിൽ ഹമാസ് സൈനികാവശ്യങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന തുരങ്കങ്ങൾ നശിപ്പിക്കുന്നതിലാണ് ഇസ്രായേൽ സൈന്യം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നാലായിരത്തിലധികം റോക്കറ്റുകൾ ഹമാസ് ഇസ്രായേലിലേക്ക് ഇതിനകം വിക്ഷേപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.