വെടിനിര്‍ത്തല്‍ നിലവില്‍ വന്നു; ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തിന് വിരാമമായി

വെടിനിര്‍ത്തല്‍ നിലവില്‍ വന്നു;  ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തിന് വിരാമമായി

ടെല്‍അവീവ്: പതിനൊന്ന് ദിവസം നീണ്ടുനിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമം. ഇസ്രയേല്‍-പാലസ്തീന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്ന മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.

ഇന്നലെ രാത്രി വൈകി ചേര്‍ന്ന സുരക്ഷ സംബന്ധിച്ച ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ നിലവില്‍വന്നുവെന്ന് ഹമാസും അറിയിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനകൂടി മാനിച്ചാണ് വെടിനിര്‍ത്തല്‍ തീരുമാനം.

ഈജിപ്ത് മുന്‍കൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെയും ചാരസംഘടനയായ മൊസാദിന്റെയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ എന്നും ഇസ്രായേല്‍ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചു.

സംഘര്‍ഷങ്ങളില്‍ ഇതുവരെ 232 പലസ്തീന്‍കാരും 12 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസയിലെ ജനങ്ങള്‍ ആഘോഷങ്ങളുമായി തെരുവിലിറങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം നടത്തിയുമാണ് നാട്ടുകാര്‍ സമാധാന അന്തരീക്ഷത്തെ വരവേറ്റത്. ഇസ്രേയല്‍, ഈജിപ്ത് പ്രധാനമന്ത്രിമാരുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സംസാരിച്ചതായും വിവരമുണ്ട്.

അതേസമയം ഇരുവിഭാഗവും വെടിനിര്‍ത്തല്‍ ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ റോക്കറ്റ് ആക്രമണത്തിന്റെ ഭാഗമായുള്ള സൈറണ്‍ ഇസ്രായേലില്‍ മുഴങ്ങിയത് ആശങ്ക പരത്തി. തൊട്ടുപിന്നാലെ ഗാസയില്‍ വ്യോമാക്രമണം നടന്നതായി വിദേശ വാര്‍ത്താ ഏജന്‍സിയുടെ പ്രതിനിധിയും വ്യക്തമാക്കി. ഇതിനോട് ഇരുവിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഗാസയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.