ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70ശതമാനവും പുരുഷന്മാര്‍!

ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70ശതമാനവും പുരുഷന്മാര്‍!

കോവിഡിന് പിന്നാലെ ഇന്ത്യയില്‍ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുള്‍പ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ ഇതുവരെ ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു. ഇന്ത്യയിലുടനീളമുള്ള ആശുപത്രികളിലെ രോഗം ബാധിച്ചതോ രോഗമുക്തരായതോ ആയവരില്‍ മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി കാണുന്നു. കോവിഡിനൊപ്പം പുതിയ രോഗം കൂടി വന്നതോടെ ആശങ്കയിലായിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍. ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു കാര്യം ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70ശതമാനം പേരും പുരുഷന്മാരാണെന്നാണ്. ബ്ലാക്ക് ഫംഗസ് ബാധിച്ച 101 രോഗികളെ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ഇന്ത്യ, അമേരിക്ക, ഇറാന്‍ എന്നീ രാജ്യങ്ങളിലെ രോഗികളെയാണ് പരിശോധിച്ചത്. ഇവരില്‍ 76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവരാണ്. കൂടാതെ 83 പേര്‍ പ്രമേഹ രോഗികളുമാണ്. 89 പേരുടെ മൂക്കിലും സൈനസിലുമാണ് ഫംഗസ് ബാധിച്ചത്.

100 കേസുകളുള്ള ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 15 ദിവസത്തിനിടെ 40 കേസുകളില്‍ രോഗം കണ്ടെത്തി. ഇതില്‍ എട്ട് പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. സൂറത്തിലാണ് ഏറ്റവുമധികം രോഗികള്‍. 52 മരണങ്ങളുമായി മഹാരാഷ്ട്ര പിന്നിലുണ്ട്. സ്ഥിരീകരിക്കാത്തവ വേറെ.
എന്താണ് ബ്ലാക്ക് ഫംഗസ് രോഗം?

മ്യൂക്കോര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗല്‍ ഇന്‍ഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.

ആരെയെല്ലാം രോഗം ബാധിക്കാം ?

ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, മലിഗ്‌നന്‍സി (കോശങ്ങള്‍ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോഗം ബാധിക്കാം.

വൊറികോണസോള്‍ തെറാപ്പിക്ക് വിധേയമായവര്‍, ഡയബെറ്റിസ് മെലിറ്റസ് രോഗികള്‍ ( ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥ), സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍, ഐസിയുവില്‍ ദീര്‍ഘനാള്‍ കഴിഞ്ഞവര്‍ എന്നിവരേയും രോഗം ബാധിക്കുന്നു.

രോഗ ലക്ഷണങ്ങള്‍ ?

കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറം, പനി, തലവേദന, ചുമ, ശ്വാസതടസം, ഛര്‍ദിയില്‍ രക്തത്തിന്റെ അംശം, മാനസിക പ്രശ്‌നങ്ങള്‍


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഹൈപ്പര്‍ഗ്ലൈസീമിയ (ഉയര്‍ന്ന പ്രമേഹം) നിയന്ത്രിക്കുക
സ്റ്റിറോയിഡുകളുടെ ഉപയോഗം ശ്രദ്ധിക്കുക
ഓക്‌സിജന്‍ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോഗിക്കുക
ആന്റിബയോട്ടിക്ക്, ആന്റ് ഫംഗല്‍ മരുന്നുകള്‍ വിവേകത്തോടെ ഉപയോഗിക്കുക
രോഗലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക
എല്ലാ മൂക്കടപ്പും ബാക്ടീരിയല്‍ സൈനസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക.
പ്രത്യേകിച്ച് ഇമ്യൂണോമോഡുലേറ്റര്‍ ഉപയോഗിക്കുന്ന കൊവിഡ് രോഗികള്‍, ഇമ്യൂണോസപ്രസന്റ്‌സ് ഉപയോഗിക്കുന്നവര്‍.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടുക.
മുഖം,മൂക്ക്,കണ്ണ്,തലച്ചോര്‍ എന്നിവയെയാണ് രോഗം ബാധിക്കുന്നത്.

ഇത് എങ്ങനെ തടയാം?

ബ്ലാക്ക് ഫംഗസ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പുറത്തേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക എന്നതാണ്. പ്രത്യേകിച്ചും പൂന്തോട്ടങ്ങളിലേക്കും പൊടിപടലങ്ങളിലേക്കും അല്ലെങ്കില്‍ ചീഞ്ഞ മാലിന്യങ്ങളോ ഭക്ഷണമോ നിങ്ങള്‍ക്ക് ലഭിക്കുന്ന ഇടങ്ങളില്‍ പോകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

രണ്ടാമതായി, ചര്‍മ്മത്തെ വെളിപ്പെടുത്താത്തതോ കഴിയുന്നത്രയും തുറന്നുകാണിക്കാത്തതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക. ഏറ്റവും പ്രധാനമായി, പ്രമേഹത്തിനും മറ്റ് രോഗപ്രതിരോധശേഷിയില്ലാത്തവര്‍ക്കും, പഞ്ചസാരയുടെ അളവും രക്തത്തിലെ ഗ്ലൂക്കോസും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആളുകളെ നിരന്തരം നിരീക്ഷിക്കുകയും നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് അളവ് കുറയ്ക്കുകയും വേണം.












വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.