കൊച്ചി: സത്യം സത്യമായി അവതരിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് ശ്രമകരമായ ജോലിയാണെന്നും സത്യത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സിന്യൂസിന് കഴിയുമെന്നും സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ.സി.ബി.സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്‌സിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടല്‍ സിന്യൂസ് ലൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി.
ജനാധിപത്യ രാജ്യത്ത് പാര്‍ലമെന്റ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നീ മൂന്നു തൂണുകളെ ശക്തിപ്പെടുത്തുന്ന നാലാം തൂണാണ് മാധ്യമങ്ങള്‍. ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്നതാണ് മാധ്യമങ്ങള്‍. സത്യം സത്യമായി അവതരിപ്പിക്കുകയെന്നതാണ് സിന്യൂസിന്റെ ലക്ഷ്യം.
വ്യാജ വാര്‍ത്തകള്‍ സത്യമായി അവതരിപ്പിക്കുന്ന കാലത്ത് സത്യത്തെ തിരിച്ചറിയുന്നത് ക്ലേശകരമായ ജോലിയാണ്. ഈ ജോലി ഏറ്റെടുത്ത സിന്യൂസിന്റെ പ്രതിജ്ഞാബദ്ധത പ്രശംസനീയമാണ്. സിന്യൂസ് എന്തു പറയുന്നു എന്ന് സമൂഹം ചോദിക്കുന്ന തലത്തിലേക്കു വളരാന്‍ ഈ സംരംഭത്തിനു കഴിയട്ടെ എന്നും കര്‍ദിനാള്‍ ആശംസിച്ചു.
സിന്യൂസിന്റെ ശ്രമം അഭിനന്ദനാര്‍ഹം: മാര്‍ ക്ലിമിസ് ബസേലിയോസ്
സത്യം സത്യമായി അറിയിക്കുന്നതിനുള്ള സിന്യൂസ് അണിയറ പ്രവര്‍ത്തകരുടെ സമര്‍പ്പണം ഏറെ അഭിനന്ദാര്‍ഹമാണെന്ന് മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ക്ലിമിസ് ബസേലിയോസ് കാതോലിക്കാ ബാവ. ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്‌സിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടല്‍ സിന്യൂസ് ലൈവിന്റെ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിന്യൂസിന്റെ സി എന്ന അക്ഷരം തന്നെ കമ്മ്യുണിറ്റി അല്ലെങ്കില്‍ സമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംരംഭമായി വളരാന്‍ സിന്യൂസിനു കഴിയുമെന്നും മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു.
വാര്‍ത്തകള്‍ അറിയാന്‍ നിരവധി പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇതില്‍ ആശ്രയിക്കാവുന്ന വാര്‍ത്തകള്‍ വളരെക്കുറവാണ്. ഈ സാഹചര്യത്തിലാണ് സത്യം സത്യമായി അവതരിപ്പിക്കാനുള്ള സിന്യൂസിന്റെ ശ്രമം പ്രസക്തമാകുന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കൂട്ടായ്മയുടെ അനുഭവമാണ് സിന്യൂസ് പകരുന്നത്.
വാര്‍ത്തയിലെ സത്യമറിയിക്കാന്‍ സിന്യൂസിനാവട്ടെ: ജസ്റ്റിസ് കുര്യന്‍ ജോസഫ്
സത്യം സത്യമായറിയാന്‍ ഒരു പുതിയ വാര്‍ത്താ ലോകമാണ് സിന്യൂസ് ലൈവ്. ഇപ്പോള്‍ സത്യം പൂര്‍ണ്ണമായി അറിയാന്‍ പറ്റാറില്ല. ഒന്നുകില്‍ അല്‍പം, അല്ലെങ്കില്‍ അര്‍ത്ഥ സത്യം. പൂര്‍ണ്ണമായി സത്യത്തെ അറിയാന്‍ ഒരു പുതിയ മാധ്യമം ഈ കാലഘട്ടത്തില്‍ വന്നു എന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
സിന്യൂസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീരുവിന് ഒരിക്കലും സത്യത്തിന്റെ സാക്ഷിയാകാന്‍ കഴിയില്ല, സത്യം ഒരിക്കലും ഭീരുവും ആയിരിക്കില്ല. വാര്‍ത്ത സത്യമാകണം, സത്യം വാര്‍ത്തയാകണം. സിന്യുസിന് മുഴുവന്‍ സത്യവും വാര്‍ത്തയാക്കാന്‍ കഴിയട്ടെ എന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ആശംസിച്ചു.
സത്യം അറിയാനുള്ള ഒരു നല്ല പ്ലാറ്റ് ഫോം: മന്ത്രി റോഷി അഗസ്റ്റിന്‍
സത്യം അറിയാനുള്ള ഒരു നല്ല പ്ലാറ്റ് ഫോമായി പ്രവര്‍ത്തിക്കാന്‍ സി ന്യൂസ് ലൈവിന് കഴിയട്ടെയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആശംസിച്ചു. കോവിഡ് എന്ന മഹാമാരിക്കാലത്ത് ആര്‍ക്കും ആരേയും കാണുവാനോ, അടുത്ത് ഇടപഴകാനോ കഴിയാത്ത സാഹചര്യമാണ്. സിന്യൂസ് ലൈവിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യത്തില്‍ എല്ലാവരേയും ഒന്നിപ്പിക്കാനും വാര്‍ത്തയിലെ സത്യം അറിയുവാനും ഒരു പുതിയ മാധ്യമം കടന്നു വരുന്നു എന്നതില്‍ അഭിമാനിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ക്ക് സത്യത്തിന്റെ വാര്‍ത്ത അറിയാന്‍ സിന്യൂസ് ലൈവിലൂടെ കഴിയട്ടെയെന്നും റോഷി അഗസ്റ്റിന്‍ ആശംസിച്ചു.
പരസ്യങ്ങള്‍ ഇല്ലാതെ വാര്‍ത്തകള്‍ എത്തിക്കുന്ന സിന്യൂസിന് ആശംസകള്‍: മാര്‍ ജോസഫ് കരിയില്‍
സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന വേദപ്രമാണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിന്യൂസിന് എല്ലാ ആശംസകളും അറിയിക്കുന്നതായി കേരള ലത്തീന്‍ കത്തോലിക്കാ സഭാ മേലധ്യക്ഷനും കെ.ആര്‍.എല്‍.സി.ബി.സി പ്രസിഡന്റുമായ ബിഷപ് മാര്‍ ജോസഫ് കരിയില്‍ പറഞ്ഞു. ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്‌സിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടല്‍ സിന്യൂസ് ലൈവിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നല്ല വാര്‍ത്ത അപൂര്‍വമായ കാലത്താണ് നാം ജീവിക്കുന്നത്. അപവാദ പ്രചാരണങ്ങള്‍ക്കാണ് വാര്‍ത്താപ്രാധാന്യം കൂടുതല്‍. അതിനു വിപരീതമായി പരസ്യങ്ങളുടെ അകമ്പടിയില്ലാതെ സത്യസന്ധമായ വാര്‍ത്തകള്‍ എത്തിക്കാന്‍ ശ്രമിക്കുന്ന സിന്യൂസിന് എല്ലാ ആശംസകളും നേരുന്നതായും ബിഷപ് ജോസഫ് കരിയില്‍ പറഞ്ഞു.
സിന്യൂസ് സത്യത്തിന്റെ നേര്‍ക്കാഴ്ചയാകട്ടെ: മാര്‍ ജോസഫ് പാപ്ലാനി
സത്യം സത്യമായി പറയേണ്ടത് ലോകത്തിന്റെ ആവശ്യമാണ്. അതിന് സി ന്യൂസിന് കഴിയട്ടെയെന്ന് കെ.സി.ബി.സി മീഡിയാ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി ആശംസിച്ചു . നുണയുടെ മുകളില്‍ പണിതുയര്‍ത്തുന്ന ഒന്നിനും നിലനില്‍പ്പില്ല. സത്യത്തോട് നീതി പുലര്‍ത്തുന്നതായിരിക്കട്ടെ വാര്‍ത്തകള്‍. സി ന്യൂസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരെ കൈ പിടിച്ച് ഉയര്‍ത്താന്‍ മുന്നിട്ടിറങ്ങുന്നവരെ വ്യാജ വാര്‍ത്തകളിലൂടെ പിന്നിലേയ്ക്ക് വലിക്കുന്ന ദുഷ്ട ശക്തികള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ സിന്യൂസ് എന്ന സത്യത്തിന്റെ മുഖത്തിന് കഴിയട്ടെ. സത്യം സത്യമായറിയിക്കാന്‍, അതിജീവനത്തിന്റെ വക്താക്കളായി മാറുവാന്‍ ശ്രമിക്കുന്ന സിന്യൂസിലെ എല്ലാവരേയും അഭിനന്ദിക്കുന്നു. സിന്യൂസ് വലിയ സത്യത്തിന്റെ നേര്‍ക്കാഴ്ചയാകട്ടെ എന്നും മാര്‍ ജോസഫ് പാംപ്ലാനി ആശംസിച്ചു.
ഇന്ത്യന്‍ സമയം വൈകുന്നേരം ആറിന് ആരംഭിച്ച ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ സിന്യൂസ് ലൈവ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോ കാവാലം സ്വാഗതം വിശിഷ്ടാഥിതികളെ സ്വാഗതം ചെയ്തു. ഗ്ലോബല്‍ മീഡിയ ചീഫ് കോര്‍ഡിനേറ്റര്‍ ലിസി ഫെര്‍ണാണ്ടസ് ആമുഖ പ്രസംഗം നടത്തി. ഡോ. തീയോഡോഷ്യസ് മാര്‍ തോമാ മെത്രാപ്പൊലീത്ത, ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഡോ. റോബര്‍ട്ട് മുഹൈര്‍വ, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, ശശി തരൂര്‍ എംപി, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്, ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്‌സ് ചെയര്‍മാന്‍ വര്‍ഗീസ് തോമസ്, ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്‌സ് എക്‌സിക്യൂട്ടീവ് അംഗം സജി വര്‍ഗീസ്, ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍, ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്റിയന്‍, ഷെവലിയാര്‍ ബെന്നി പുന്നത്തറ, ഷെവലിയാര്‍ സിറിള്‍ ജോണ്‍, സിനിമാ താരങ്ങളായ ജഗദീഷ്, സിജോയ് വര്‍ഗീസ്, മിഥുന്‍ രമേശ്, കേരള വിഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, ബ്രദര്‍ സന്തോഷ് കരുമാത്ര, എ.കെ.സി.സി പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, സിന്യൂസ് ലൈവ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജയ്മോന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബെന്നി ആന്റോ, രാജേഷ് കൂത്രപ്പള്ളി, സിസിലി ജോണ്‍, വിനോ പീറ്റേഴ്‌സണ്‍, അഭിലാഷ് തോമസ്, വിപിന്‍ വര്‍ഗീസ്, വിവിധ രാജ്യങ്ങളിലെ സിന്യൂസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിന്യൂസ് ലൈവ് അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് നന്ദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.