ഗാസ സിറ്റി: പതിനൊന്നു ദിവസം നീണ്ട സംഘര്‍ഷത്തിനുശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിനെ വെല്ലുവിളിച്ച് പലസ്തീനിലെ ഹമാസ് തീവ്രവാദി സംഘടനയുടെ മേധാവി ഇസ്മായില്‍ ഹാനിയ. സംഘര്‍ഷത്തില്‍ വിജയം ഹമാസിനാണെന്നും അറബ് രാജ്യങ്ങളുമായി സഹവര്‍ത്തിത്തത്തില്‍ ഏര്‍പ്പെടാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ യുദ്ധം പരാജയപ്പെടുത്തിയതായും ഹമാസ് മേധാവി അവകാശപ്പെട്ടു. ടെമ്പിള്‍ മൗണ്ടിലെ അല്‍-അക്‌സാ പള്ളി മോചിപ്പിക്കപ്പെടുന്നതുവരെ ജറുസലേമില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഹാനിയ മുന്നറിയിപ്പു നല്‍കി. ആയുധങ്ങളും പണവും നല്‍കി സഹായിച്ച ഇറാനുള്ള നന്ദിയും  ഇസ്മായില്‍ പ്രകടിപ്പിച്ചു. സംഘര്‍ഷം അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് വീണ്ടും പ്രകോപനമായി ഹമാസിന്റെ വരവ്. 
യു.എ.ഇ., ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നീ നാല് അറബ് രാജ്യങ്ങളുമായി സഹവര്‍ത്തിത്വം സ്ഥാപിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെയാണ് യുദ്ധം പരാജയപ്പെടുത്തിയത്. ഇസ്രായേലിന്റെ അയല്‍ രാജ്യമായ ജോര്‍ദാന്‍ ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങളില്‍ ഗാസയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. അടുത്തിടെ ഇസ്രയേലുമായി അടുത്ത ബന്ധം സ്ഥാപിച്ച മൊറോക്കോയില്‍ പോലും പലസ്തീന്‍ അനുകൂല റാലികള്‍ നടന്നു. എല്ലാ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളും ജറുസലേമിനും പലസ്തീനും വേണ്ടി നിലനില്‍ക്കുന്നു. 
ഏറ്റവും പുതിയ പോരാട്ടത്തില്‍ ഇസ്രായേലിനെതിരെ ദൈവം ഹമാസിന് നല്‍കിയ വിജയമാണെന്നും ഇസ്മായില്‍ പറഞ്ഞു. ഇതൊരു അനുഗ്രഹീതമായ ദിവ്യവിജയമാണെന്നും അതേസമയം, ഈ കടുത്ത പ്രഹരം ഇസ്രായേലിനെ ആഴത്തില്‍ സ്വാധീനിക്കുമെന്നും ഹാനിയ കൂട്ടിച്ചേര്‍ത്തു. പോരാട്ടത്തിന്റെ ലക്ഷ്യം ജറുസലേമാണ്.  ജറുസലേമിനു വേണ്ടി ഗാസ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ശത്രുവിനെ പാഠം പഠിപ്പിക്കുകയും ചെയ്യും. വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ നടത്തുന്ന അക്രമങ്ങളെയും ലോകമെങ്ങും പലസ്തീന്‍ അനകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെയും ഹാനിയ അഭിനന്ദിച്ചു. 
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിനു സമ്മതിച്ചത്. എന്നാല്‍ യുദ്ധം അവസാനിച്ചത് ഹമാസിന്റെ വിജയമാണെന്ന അവകാശവാദവുമായാണ് ഹമാസ് മേധാവി എത്തിയിരിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.