അബുദാബി: കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്സിന്‍ അയക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ. എമിറേറ്റ്സ് റെഡ് ക്രെസന്‍റും തമൂഹ് ഹെല്‍ത്ത് കെയറും സംയുക്തമായാണ് നടപടികള്‍ പൂർത്തിയാക്കുക. അബുദാബിയിലെ ഇആർസിയുടെ ആസ്ഥാനത്ത് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇആർസി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ആതിക് അൽ ഫലാഹി, തമൂഹ് ഹെൽത്ത് കെയർ സിഇഒ അബ്ദുല്ല അൽ റാഷിദി എന്നിവർ ഒപ്പുവച്ചു.
മഹാമാരിക്കാലത്ത് യുഎഇ ഭരണാധികാരികള്‍ മുന്നോട്ട് വയ്ക്കുന്ന മനുഷ്യത്വപരമായ സമീപനങ്ങളുടെ കൂടെ ഭാഗമാണ് തീരുമാനമെന്ന് ഇആർസി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ആതിക് അൽ ഫലാഹി പറഞ്ഞു. യുഎഇ പ്രാദേശികമായി സിനോഫാം വാക്സിന്‍ ഹയാത്ത് വാക്സിനെന്ന പേരില്‍ ഉല്‍പാദിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളിലേക്ക് ആവശ്യാനുസരണം വാക്സിനെത്തിക്കുന്നതിനുളള നടപടികളാണ് രാജ്യം കൈക്കൊളളുക.
പ്രതിവർഷം 200 ദശലക്ഷം ഡോസ് ഉൽപാദന ശേഷിയുളളതാണ് കിസാഡിലെ പുതിയ നിർമ്മാണ പ്ലാന്‍റ്. കോവിഡ് രൂക്ഷമായ രാജ്യങ്ങളുടെ ആവശ്യാനുസരണം വാക്സിന്‍ നല്‍കും. രാജ്യത്തിന് അകത്തും പുറത്തുമുളള വാക്സിന്‍റെ വിതരണം മിറേറ്റ്സ് റെഡ് ക്രെസന്‍റും തമൂഹ് ഹെല്‍ത്ത് കെയറും സംയുക്തമായാണ് നടത്തുക. ഇതിന്‍റെ ചെലവുകള്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ തമൂഹ് വഹിക്കും.
സിനോഫാം, ഫൈസർ-ബയോടെക്, അസ്ട്രാസെനെക്ക, സ്പുട്‌നിക് വി എന്നിവയുൾപ്പെടെ നാല് കോവിഡ് -19 വാക്‌സിനുകൾ നിലവിൽ യുഎഇയിൽ അംഗീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.