ബ്ലാക്ക് ആന്‍ഡ് വൈറ്റിന് പിന്നാലെ യെല്ലോ ഫംഗസും; ഇത് കൂടുതല്‍ അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധര്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റിന് പിന്നാലെ യെല്ലോ ഫംഗസും; ഇത് കൂടുതല്‍ അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധര്‍

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ യെലോ ഫംഗസ് ബാധയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 45 വയസുകാരനിലാണ് യെലോ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നേരത്തേ ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും ഈ രോഗിയില്‍ സ്ഥിരീകരിച്ചിരുന്നതായി ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ബി.പി. ത്യാഗി പറഞ്ഞു.

മറ്റു ഫംഗസ് ബാധകളേക്കാള്‍ മാരകമായതിനാല്‍ യെലോ ഫംഗസിനെതിരേ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഫംഗസ് ബാധയുടെ കാര്യത്തില്‍ നിറത്തിന്റെ പേരു പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് യെലോ ഫംഗസ്ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഫംഗസ് ബാധിച്ചാല്‍ ശരീരത്തിലെ മുറിവുകള്‍ പഴുക്കുക, ഉണങ്ങാതെ ഗുരുതര വ്രണമായി മാറുക, കണ്ണുകള്‍ കുഴിയുക, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുക തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും ഡോ. ത്യാഗി ചൂണ്ടിക്കാട്ടി.

ആദ്യം ശരീരത്തിനുള്ളിലാണു ഫംഗസ് ബാധയുണ്ടാവുക. അതുകൊണ്ടുതന്നെ രോഗബാധ തിരിച്ചറിയാന്‍ വൈകും. ലക്ഷണങ്ങളുണ്ടായാല്‍ പെട്ടെന്നുതന്നെ മതിയായ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഫംഗസിനും ബ്ലാക്ക് ഫംഗസിനും നല്‍കുന്ന അതേ ചികിത്സ തന്നെയാണ് യെല്ലോ ഫംഗസിനും നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആം ഫൊടെറിസിന്‍ ബി തന്നെയാണ് യെല്ലോ ഫംഗസിനും ഉപയോഗിക്കുന്ന മരുന്ന്. ഒരു ഡോസിന് 1450 രൂപവരെയാണ് ശരാശരി വില. ഇവയുടെ ലഭ്യതക്കുറവാണ് മറ്റൊരു പ്രശ്നം.

ശുചിത്വമില്ലായ്മയും ശുദ്ധമല്ലാത്ത ഭക്ഷണം, വെള്ളം എന്നിവ ഫംഗസ് ബാധയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈര്‍പ്പമുള്ള പഴയ സാധനങ്ങളില്‍ നിന്ന് മുതല്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വരെ ഫംഗസ് ബാധയ്ക്ക് കാരണമാകാം. വീടിനുള്ളിലെ ഈര്‍പ്പം രോഗബാധ ശക്തമാക്കും.

രാജ്യത്ത് 18 സംസ്ഥാനങ്ങളിലായി ഇതുവരെ 5,424 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കണക്കുകളാണിത്. ഇതിനിടെയാണ് യെല്ലോ ഫംഗസ് കേസും റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.