തൃശൂര്‍: കൊടകരയില്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം വാഹനാപകടമുണ്ടാക്കി കവര്‍ന്ന കേസില്‍ ബി.ജെ.പി. നേതാക്കള്‍ക്കു വീണ്ടും പോലീസ് നോട്ടീസ്. ചോദ്യംചെയ്യലിനു ഹാജരായില്ലെങ്കില്‍ തുടര്‍നടപടിയുണ്ടാകുമെന്നു വ്യക്തമാക്കി ബി.ജെ.പി. സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ്, സംസ്‌ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവര്‍ക്കാണ് രണ്ടാംവട്ടവും നോട്ടീസ് അയച്ചത്.
ആലപ്പുഴ ജില്ലാ മുന്‍ ട്രഷറര്‍ കെ.ജി. കര്‍ത്തയോടും മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു. ഫണ്ട് കൈകാര്യം ചെയ്‌തിരുന്നത് സംഘടനാ സെക്രട്ടറിയാണെന്ന മൊഴിയില്‍ വ്യക്‌തതവരുത്താനാണ് ഗണേഷിനെ വിളിച്ചുവരുത്തുന്നത്.
കഴിഞ്ഞദിവസം ചോദ്യംചെയ്‌ത ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, മേഖലാ സെക്രട്ടറി ജി. കാശിനാഥന്‍, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ എന്നിവരെ വീണ്ടും വിളിച്ചുവരുത്തിയേക്കും. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.
പണം എത്തിയത് കര്‍ണാടക ബന്ധത്തിലൂടെയാണെന്ന് മുമ്പ് ചോദ്യംചെയ്‌തപ്പോള്‍ ആര്‍.എസ്.എസ്. ബന്ധമുള്ള പരാതിക്കാരന്‍ കൂടിയായ ധര്‍മരാജനും യുവമോര്‍ച്ച സംസ്‌ഥാന മുന്‍ ട്രഷറര്‍ സുനില്‍ നായിക്കും മൊഴി നല്‍കിയിരുന്നു.
തുക ആലപ്പുഴയിലെ കെ.ജി. കര്‍ത്തയ്‌ക്കു നല്‍കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പറഞ്ഞിരുന്നു. കര്‍ത്ത ഇത് ആര്‍ക്കാണ് നല്‍കുകയെന്ന കാര്യത്തില്‍ കൂടുതല്‍ വിശദീകരണം പോലീസ് തേടും.
പണം നഷ്‌ടമായെന്നു പരാതി നല്‍കിയ ധര്‍മരാജന് അന്യസംസ്‌ഥാനങ്ങളില്‍ ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ധര്‍മരാജന്‍ ആദ്യം പരാതി നല്‍കിയപ്പോള്‍ 25 ലക്ഷം രൂപ നഷ്‌ടമായെന്നാണ് പറഞ്ഞത്. പിന്നീട് മൂന്നര കോടിയാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഉപയോഗിക്കാന്‍ കൊണ്ടുപോയതാണെന്ന് മറ്റു രാഷ്‌ട്രീയപാര്‍ട്ടികള്‍ ആക്ഷേപിച്ചിരുന്നു.
അതിനിടെ, പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ടി.എന്‍. മുകുന്ദന്‍ ഹര്‍ജി നല്‍കി. അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ പോലീസ് അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്‌തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.