തൊഴിൽത്തട്ടിപ്പ്: യുഎഇയിൽ കുടുങ്ങിയ 90 മലയാളി നഴ്‌സുമാർക്ക് ജോലി നൽകി വിപിഎസ് ഹെൽത്ത്കെയർ

തൊഴിൽത്തട്ടിപ്പ്: യുഎഇയിൽ കുടുങ്ങിയ 90 മലയാളി നഴ്‌സുമാർക്ക് ജോലി നൽകി വിപിഎസ് ഹെൽത്ത്കെയർ

ദുബായ്: കഴിഞ്ഞ മൂന്നു മാസമായുള്ള അനിശ്ചിതത്വത്തിന് വിരാമമായത്തിന്‍റെ ആശ്വാസത്തിലാണ് കേരളത്തിൽ നിന്നെത്തി യുഎഇയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ആരോഗ്യപ്രവർത്തക അമ്പിളി എം ബി.


അമ്പിളി

കേരളത്തിൽ എഴുവർഷമായി സർജിക്കൽ വാർഡിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്ന അമ്പിളി വലിയ പ്രതീക്ഷയോടെയാണ് കഴിഞ്ഞ മാർച്ചിൽ യുഎയിലേക്ക് എത്തിയിരുന്നത്. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തവർ ഒഴിഞ്ഞുമാറിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു തൊഴിൽതട്ടിപ്പിന് ഇരയായി യുഎഇയിൽ കുടുങ്ങിയ മറ്റു നിരവധി നഴ്സുമാരെപ്പോലെ അമ്പിളിയും. ഇതിനിടെയാണ് നഴ്‌സുമാരുടെ ദുരവസ്ഥ മനസിലാക്കി യുഎഇയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെൽത്ത്കെയർ ഇവർക്ക് കൈതാങ്ങായത്.

ജോലി അനിശ്ചിതത്വത്തിലായതോടെ നഴ്‌സുമാർ സ്വന്തം നിലയിൽ വിപിഎസ് ഹെൽത്ത്കെയർ ഹ്യുമൻ റിസോഴ്‌സ് വിഭാഗത്തിന് അപേക്ഷകൾ അയച്ചിരുന്നു. അപേക്ഷിച്ച ഇരുന്നൂറോളം പേരിൽ നിന്ന് യോഗ്യരായവരെ പ്രത്യേക അഭിമുഖത്തിലൂടെയാണ് ഗ്രൂപ്പ് തിരഞ്ഞെടുത്തതെന്ന് വിപിഎസ് ഹെൽത്ത്കെയർ ചീഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജർ സഞ്ജയ് കുമാർ അറിയിച്ചു.


ഏറെനാളായി കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും മനസിലാക്കി ഇവർക്ക് പ്രത്യേക പരിഗണനയാണ് നൽകിയത്. പിസിആർ പരിശോധനയും മറ്റ് ചട്ടപ്രകാരമുള്ള നടപടികളുമെല്ലാം സൗജന്യമായി ഗ്രൂപ്പ് ഏർപ്പെടുത്തി. തുടർന്ന് 41 ആരോഗ്യപ്രവർത്തകരാണ് വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ദുബായ്, ഷാർജ, അബുദാബി എമിറേറ്റുകളിലെ ആശുപത്രികളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജോലിയിൽ പ്രവേശിച്ചത്.

മെഡിക്കൽ ലൈസൻസ് ഇല്ലാത്ത ആരോഗ്യ പ്രവർത്തകർ രോഗികളുടെ സഹായി / സർവീസ് അസിസ്റ്റന്റ് തസ്‌തികകളിലാണ് തൽക്കാലം പ്രവർത്തിക്കുക. യോഗ്യതയുള്ള ട്രെയിനി നഴ്സുമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ഗ്രൂപ്പിലെ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ സഹായം വാഗ്ദാനം ചെയ്ത വിപിഎസ് ഹെൽത്ത് കെയറിന് ആരോഗ്യ പ്രവർത്തകർ നന്ദി പറഞ്ഞു. റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് നൽകിയ രണ്ടു ലക്ഷം രൂപയിൽ ഒരു രൂപ പോലും തിരിച്ചു തന്നിട്ടില്ലെന്ന് അമ്പിളി പറഞ്ഞു.

തൊഴിൽ തട്ടിപ്പുകളെപ്പറ്റി ജാഗ്രത പാലിക്കണമെന്ന് വിപിഎസ് ഹെൽത്ത്കെയർ അധികൃതർ ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. ഉദ്യോഗാർഥികൾ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് പരസ്യത്തിന്റെ ആധികാരികത സ്ഥിരീകരിച്ചതിനുശേഷം മാത്രമേ അപേക്ഷിക്കാവൂവെന്ന് ഗ്രൂപ്പ് ചീഫ് നഴ്സിംഗ് ഓഫീസർ റാണി എൽസ ഉമ്മൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.