വിഷാദ രോഗം – part 3
വിഷാദ രോഗം സ്ത്രീകളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങള്‍ എന്തോക്കെയാണെന്നു കഴിഞ്ഞ ആഴ്ച്ചയില്‍ നമ്മള്‍ കണ്ടു. ടെസ്സിയുടെ ജീവിതത്തിൽ വില്ലനായി വന്നത് ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ അല്ലായിരുന്നു. ശാരീരിക പ്രശ്നങ്ങളേക്കാൾ അപകടകരമാണ് മാനസിക പ്രശ്നങ്ങള്‍.
ഹോർമോൺ വ്യതിയാനവും ഉറക്കത്തിലുള്ള ഏറ്റക്കുറവും നമ്മളെ മാനസിക അസ്വസ്ഥത, ഉത്ക്കണ്ട , മറവി, ശ്രദ്ധകുറവ്, മുഴുമിപ്പിക്കാനാവാത്ത ഉത്തരവാദിത്വങ്ങൾ, തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെ പല അവസ്ഥകളിലൂടെ കൊണ്ട് പോകും. ഇതെല്ലാം നമുക്ക് തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്. പക്ഷേ, വേറെ ചില ചിന്താഗതികൾ അല്പം ഗൌരവത്തോടെ നോക്കി കാണേണ്ടതാണ്.
ആർത്തവവിരാമം വന്നാൽ പിന്നെ “ജീവിതം തീർന്നു” എന്നു ചിന്തിക്കുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. നല്ല ഒരു ശതമാനം ആളുകളില്‍ കണ്ടുവരുന്ന ഒരു ചിന്താഗതി ആണ് “ഇനി എന്റെ ഭർത്താവിന് എന്നോടു താല്പര്യം അല്ലെങ്കിൽ ഇഷ്ടം ഉണ്ടാകില്ല” എന്നത്. പല കുടുംബങ്ങളുടെ തകർച്ചയുടെ തുടക്കം ഇവിടെയാണ്. ഈ ഒരു ചിന്ത കടന്നു വരുന്നതോടെ സംശയവും കുടുംബ ജീവിതത്തിൽ സ്ഥാനം പിടിക്കുന്നു. ഒരു കുടുംബജീവിതം തകരാൻ വേറെ എന്താണിനി വേണ്ടത്? ജീവിതനൈരാശ്യം മൂലം ആത്മഹത്യാചിന്താഗതിയിലേക്ക് എത്തുന്നവരും ഉണ്ട്.
ഇതിൽ നിന്ന് രക്ഷയുണ്ടോ ?
തീർച്ചയായും. ടെസ്സിയുടെ ജീവിതം തന്നെ ഉദാഹരണം. സമയത്തുള്ള ജോണിയേട്ടന്റെ ഇടപെടലും തുറന്നു പറയാൻ തയ്യാറായ ടെസ്സിയും നല്ല മാതൃകകളായി നമുക്കു കാണാം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാകുമ്പോൾ, ശരീരത്തിന്റെ പ്രത്യേകതകളാണ് ഇവയെന്ന് അറിയുമ്പോൾ, സ്വയം കുറ്റപ്പെടുത്തി വിഷാദവസ്ഥയിലേക്ക് കൂപ്പുകുത്തുന്നതിന് പകരം, ഇത് എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതാണെന്നും എനിക്കും ഇതിൽകൂടെ കടന്നു പോകേണ്ടി വരും എന്നു മനസ്സിലാക്കികഴിയുമ്പോൾ ഈ അവസ്ഥയെ സന്തോഷത്തോടെ സ്വീകരിക്കുവാൻ നമുക്ക് സാധിക്കും.
ഇവിടെയാണ് ജീവിതപങ്കാളിയുടെ സഹായം അത്യാവശ്യമാകുന്നത്. ഇത് ജീവിതത്തിലെ മറ്റൊരു നാഴികക്കല്ല് ആണെന്നും ജീവിതത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നും ഭാര്യക്ക് മനസ്സിലാക്കി കൊടുക്കാൻ ഭർത്താവിന് പറ്റിയാൽ യാതൊരു ചികിത്സയും കൂടാതെ ഈ ഒരു ഘട്ടത്തെ വളരെ എളുപ്പത്തില്‍ തരണം ചെയ്യാൻ സാധിക്കും. ധ്യാനം, മെഡിറ്റേഷൻ തുടങ്ങിയവ മനസ്സിനെ കടിഞ്ഞാണിടാൻ സഹായിക്കും. പരസ്പരം താങ്ങും തണലും ആയി മുമ്പോട്ടു പോകുമ്പോൾ ജീവിതത്തിലെ ഏത് കടമ്പകളും മറികടക്കാൻ ഒരു ചികിൽസയുടെയും ആവശ്യം വരില്ല.
ബിന്ദു കുരുവിള
അസോസിയെറ്റ് നേഴ്സ് യൂണിറ്റ് മാനേജര്‍ (ഓസ്‌ട്രേലിയ)
വിഷാദ രോഗം - 2 വായിക്കുവാനായി ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.