ആരെങ്കിലും ഇതൊന്നു പറഞ്ഞു തന്നിരുന്നെങ്കിൽ

ആരെങ്കിലും ഇതൊന്നു പറഞ്ഞു തന്നിരുന്നെങ്കിൽ

വിഷാദ രോഗം - 2

വീട്ടില്‍ നേരത്തെ എത്തിയ ജോണി, സാധാരണയായി തന്നെ കാത്തിരിക്കാറുള്ള ടെസ്സിയെ അന്ന് വാതിൽക്കൽ കണ്ടില്ല. അന്വേഷിച്ചു ചെന്നപ്പോൾ കിടപ്പു മുറിയിൽ ദൂരത്തേക്ക് കണ്ണും നട്ടിരിക്കുന്നു ടെസ്സി. “എന്തുപറ്റി ടെസ്സി, നീ കുറച്ചു നാളായി വല്ലാതെ അസ്വസ്ഥയാണല്ലോ” ആ ചോദ്യത്തിന് മുമ്പിൽ ഒരു കരച്ചിലോടെ താന്‍ ഇത്രയും നാൾ കൊണ്ടുനടന്ന വേദന അവൾ ഏറ്റുപറഞ്ഞു. ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്തതും, അകാരണമായി ഉണ്ടാകുന്ന ദേഷ്യവും, ജോണിയേട്ടൻ അകന്നു പോകുമോ എന്ന സംശയവും എല്ലാം കരച്ചിലിനിടയിൽ അവൾ മനസ്സ് തുറന്നു. കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കിയ ജോണി തന്റെ കൂട്ടുകാരൻ തന്ന പുസ്തകം വായിക്കാന്‍ ടെസ്സിയ്ക്കു കൊടുത്ത് കൊണ്ട് പറഞ്ഞു “നീ ഇതൊന്നു വായിച്ചേ, ഇതെല്ലാം എല്ലാ സ്ത്രീകള്‍ക്കും സംഭവിക്കുന്നതാണ്”. ഹോർമോണുകൾ സ്ത്രീകളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പലതരത്തിലുള്ള വ്യത്യാസങ്ങള്‍ വിവരിച്ചിരിക്കുന്നതു ആവേശത്തോടെ അവള്‍ വായിച്ചു തീർത്തു. തനിക്ക് ഇതാരെങ്കിലും നേരത്തെ പറഞ്ഞു തന്നിരുന്നുവെങ്കിൽ.

ടെസ്സിക്ക് അവളുടെ ജീവിതം കയ്പ് നിറഞ്ഞതായി തോന്നാനുള്ള കാരണം ഈ ഹോർമോൺ വ്യതിയാനവും അതിനോടനുബന്ധിച്ചുണ്ടായ വിഷാദരോഗവും ആണ്. കഴിഞ്ഞ ആഴ്ച്ചയില്‍ വിഷാദരോഗം എന്ന തലക്കെട്ടിൽ നാം കണ്ടത് പ്രസവാനന്തര വിഷാദരോഗം എന്നതായിരുന്നു. അടുത്തതായി നാം കാണാന്‍ പോകുന്നതു ആർത്തവവിരാമവും അതിനോടു ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷാദരോഗവും ആണ്. എന്താണ് ആർത്തവ വിരാമം അല്ലെങ്കില്‍ മെനോപോസ്.


                 ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രത്യുല്പാദന ശേഷിയുടെ അവസാനം എന്നു വിളിക്കാവുന്ന ഈ സമയം പല പ്രത്യേകതകളിലൂടെ ശരീരവും മനസ്സും കടന്നു പോകുന്നു. സാധാരണയായി 40 മുതൽ 55 വയസ്സുവരെയുള്ള കാലഘട്ടത്തിൽ ആണ് ആർത്തവവിരാമം കണ്ടുവരുന്നത്. പലരിലും പല സമയത്തായിരിക്കും ഇത് ഉണ്ടാകുന്നത്. പെട്ടെന്ന് ഒരു ദിവസം സംഭവിക്കുന്ന ഒരു പ്രക്രിയ അല്ല ഇത്. ആർത്തവ വിരാമത്തിന് അഞ്ചുവർഷം മുമ്പ് മുതൽ ഹോർമോൺ വ്യതിയാനം ചിലരിൽ കണ്ടു വരാറുണ്ട്. അണ്ഡോൽപാദനം നിലക്കുകയും, ഹോർമോണുകളായ ഈസ്റ്റ്രോജെനും പ്രൊജെസ്റ്റെറോണും ഉല്പാദനം കുറയുകയും ചെയ്യുന്നതോടെ മാസം തോറുമുള്ള ആർത്തവം നില്‍ക്കുകയും ചെയ്യുന്നു. ഈ സമയത്ത് ശരീരവും മനസ്സും പല തരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഈ സമയത്ത് നല്ല ശ്രദ്ധ നമുക്ക് തന്നെ കൊടുക്കേണ്ടതുണ്ട്. ഈ ആഴ്ച ആര്‍ത്തവവിരാമം കാരണം സംഭവിക്കുന്ന ശാരീരിക ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങിനെ അതിനെ നേരിടാം എന്നും നോക്കാം.

സാധാരണയായി ആർത്തവവിരാമത്തിന് മുമ്പായി ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളും കാണിച്ചു തുടങ്ങും. ശരീരം പെട്ടെന്ന് ചൂടാകുക, രാത്രിയിലുണ്ടാകുന്ന അമിതമായ വിയർപ്പ്, ശരീരവേദന, ഭാരവർധന, ചർമവരൾച്ച, സെക്സിലുള്ള താല്പര്യകുറവ്, യോനി വരൾച്ച, തുടർച്ചയായ മൂത്രശങ്ക, ഉറക്കകുറവ്, രോമവളർച്ചയിലുള്ള വ്യത്യാസം തുടങ്ങിയവ ഇവയിൽ ചിലതാണ്. എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും ഉണ്ടാവണമെന്നില്ല. ശ്രദ്ധിക്കപ്പെടാതെ പോകാൻ പറ്റുന്ന വിധത്തിൽ ചെറിയതോതിൽ ലക്ഷണങ്ങളോടെ ആർത്തവവിരാമം ഉണ്ടാകുന്നവരും ഉണ്ട്.

ഇവയെ എങ്ങനെ നേരിടാം

              ഏറെക്കുറെ എല്ലാ ലക്ഷണങ്ങളും അസ്വസ്ഥതകളും ചില പൊടിക്കൈകൾ കൊണ്ടും നാടൻ ചികിൽസ കൊണ്ടും ഭേദമാക്കാവുന്നതാണ്. നല്ല ഭക്ഷണക്രമം, നല്ല വ്യായാമം, നല്ല വിശ്രമം, നല്ല ഉറക്കം, അമിതഭാരം വയ്ക്കാതിരിക്കുക എന്നിവ വളരെയേറെ സഹായിക്കും. ചിട്ടയായ ജീവിതചര്യകൾ അഭ്യസിക്കേണ്ടതും അത്യാവശ്യമാണ്. ജീവിത പങ്കാളിയോട് തുറന്നു സംസാരിക്കുകയും ജീവിതം ക്രമപ്പെടുത്താൻ ഒരുമിച്ച് ഒരു തീരുമാനം എടുക്കുകയും ചെയ്യുക. അസ്വസ്ഥത ഏറെയുണ്ടാകുന്ന ദിവസങ്ങളിൽ അതതു ദിവസത്തെ ജോലികൾ അല്പം മാറ്റിവെച്ചായാൽ പോലും വിശ്രമിക്കുക. ശാരീരിക അസ്വസ്ഥതകൾ വകവയ്ക്കാതെ ജോലികൾ തീർക്കാൻ ശ്രമിച്ചാൽ മുഴുമിപ്പിക്കാത്ത ജോലികൾ മാനസികാസ്വസ്തതയ്ക്ക് കാരണമാകുകയുള്ളൂ.

അടുത്ത ആഴ്ച്ചയില്‍ ആര്‍ത്തവവിരാമം കാരണം സംഭവിക്കുന്ന മാനസിക ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുക്ക് മനസ്സിലാക്കാം. അത് വരെ “ബി ഫിറ്റ്‌ ആന്‍ഡ്‌ ടേക്ക് കെയര്‍ ഓഫ് യുവര്‍സെല്‍ഫ്”.

ബിന്ദു കുരുവിള
അസോസിയെറ്റ് നേഴ്സ് യൂണിറ്റ് മാനേജര്‍ (ഓസ്‌ട്രേലിയ)

വിഷാദ രോഗം - Part 1, വായിക്കുവാനായി ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.