വിഷാദ രോഗം - Part 1

വിഷാദ രോഗം - Part 1

എന്താണ് വിഷാദ രോഗം? ഇത് ഒരു രോഗം ആണോ? ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ, ഈ ഒരു അവസ്ഥ മൂലം ഛിന്നഭിന്നമായി പോകുന്ന കുടുംബങ്ങളുടെ കണക്ക് ഇത് ഒരു അവഗണിക്കേണ്ട കാര്യമല്ല എന്നു വ്യക്തമാക്കുന്നു. പല തരത്തിലുള്ള വിഷാദരോഗഅവസ്ഥകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടെ നമ്മൾ ചിന്തിക്കുന്നത് പ്രത്യേകമായും സ്ത്രീകളും അവരുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വിഷാദരോഗാവസ്ഥയെ കുറിച്ചുമാണ്. 

അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ, സ്വന്തം ശരീരത്തിന്‍റെ മാറ്റങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണ, കുഞ്ഞിന്‍റെ ജനനത്തിന് ശേഷം ഉണ്ടാകുന്ന വിഷാദം, സെക്സ്, പ്രായം ചെല്ലുന്നതിനെകുറിച്ചുള്ള അസ്വസ്ഥതകൾ തുടങ്ങിയവയെല്ലാം വിഷാദവസ്ഥയ്ക്കുള്ള ചില കാരണങ്ങളാണ്. ഈ അവസ്ഥയെ കൈകാര്യം ചെയ്യുന്നതിലുള്ള അപാകത ആണ് കുടുംബജീവിതങ്ങളെ തകരാറിലാക്കുന്നത് ജീവിതത്തിന്‍റെ ഒരു ഭാഗമായി ഇതിനെ കണക്കാക്കി, ഇതുമായി ഒത്തുപോയാൽ സന്തോഷകരമായി ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കും. അതിനു ആദ്യമായി വേണ്ടത് ഈ അവസ്ഥയെക്കുറിച്ചുള്ള അറിവാണ്.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കാര്യങ്ങളാണ് ആർത്തവവും, പ്രസവവും (വേണ്ട എന്നു തീരുമാനിക്കുന്നവരെ കുറിച്ചല്ല) ആർത്തവവിരാമവും. ശരിയായ അറിവ് ഇല്ലാത്തതാണ് ഈ അവസ്ഥകളെ സ്വീകരിക്കുവാൻ ഒരുവളെ വിമുഖയാക്കുന്നത്. സാധാരണയായി അമ്മമാർ അല്ലെങ്കിൽ അധ്യാപകർ ആർത്തവവും പ്രായപൂർത്തി ആകുന്നതിന്നേക്കുറിച്ചും പെണ്‍ക്കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാറുണ്ട്. എന്നാൽ എത്രപേർക്ക് പ്രസവാനന്തര പ്രശ്നങ്ങളെ കുറിച്ച് ശരിയായ അവബോധം ലഭിച്ചിട്ടുണ്ട്.85% മുതൽ 90%വരെ സ്വന്തം അനുഭവങ്ങളിലൂടെ മാത്രം പഠിച്ചവരാണ്. ഇപ്പോൾ നിങ്ങളുടെ മനസ്സിലൂടെ പോകുന്നത് എന്തു പ്രശ്നം എന്നായിരിക്കും. Post Natal Depression അഥവാ പ്രസവാനന്തര വിഷാദരോഗം എന്ന അവസ്ഥയെക്കുറിച്ചാണ് നാം ആദ്യം ചിന്തിക്കുന്നത്.

പോസ്റ്റ് നാറ്റൽ ഡിപ്രെഷൻ


എന്താണ് ഈ പോസ്റ്റ് നാറ്റൽ ഡിപ്രെഷൻ അഥവാ പ്രസവാനന്തര വിഷാദരോഗം? ഗർഭാവസ്ഥയും പ്രസവവും പ്രസവാനന്തര കാലവും ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലങ്ങളാണ്. സാധാരണ ജീവിതക്രമങ്ങൾ എല്ലാം താളം തെറ്റുന്ന ഒരു സമയം. ഉറക്കം,ഭക്ഷണം,ജോലി, ഇങ്ങനെ എല്ലാം തന്നെ വേറെ ഒരു തലത്തിലേക്ക് തള്ളപ്പെടുന്നു. ഒരു പുതിയ ജീവൻ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന്‍റെ സന്തോഷം,പുതിയ ജീവിതസാഹചര്യവുമായി പൊരുത്തപ്പെടാതെ വരുമ്പോൾ അല്ലെങ്കിൽ ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെ വരുമ്പോളൊക്കേയാണ് ഈ അസ്വസ്ഥത തലപ്പൊക്കുന്നത്. പ്രസവവും ആയി ബന്ധപ്പെട്ടുള്ള ഹോർമോൺ വ്യതിയാനവും ഇതിന് കാരണം ആകുന്നുണ്ട്. ഒരു പെര്‍ഫെക്റ്റ്‌ അമ്മ ആകാനുള്ള ആഗ്രഹവും ആകാംക്ഷയും അത് ആഗ്രഹിച്ച പോലെ നടക്കാതെ വരുമ്പോൾ ഉള്ള അസ്വസ്ഥതയും ജോലി ചെയ്തിരുന്നവർ ജോലിക്ക് പോകാൻ പറ്റാതെ ആകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളും കുടുംബത്തില്‍ നിന്നുള്ള പിന്തുണ കുറയുന്നതും എല്ലാം തന്നെ ഈ അവസ്ഥക്ക് കാരണമാകാറുണ്ട്. സ്ത്രീകളെ പോലെ തന്നെ പുരുഷൻമാർക്കും ഈ ഒരു അവസ്ഥ വരാറുണ്ടെങ്കിലും കൂടുതൽ കണ്ടു വരുന്നത് സ്ത്രീകളിലാണ്. ഹോർമോൺ മാറ്റം ഒഴികെ ബാക്കി എല്ലാ കാരണങ്ങളും പുരുഷൻമാർക്കും ബാധകമണല്ലോ.

ഈ ഒരു അവസ്ഥയുടെ ലക്ഷണങ്ങൾ സാധാരണയായി കാണുന്നത് :-

1. ഒന്നിലും താല്പര്യമില്ലായ്മ ,എപ്പോഴും വിഷമം, ഒന്നിലും പ്രതീക്ഷയില്ലാത്ത പോലെയുള്ള പെരുമാറ്റം.

2. ഉറക്കക്കുറവ്

3. എപ്പോഴും ക്ഷീണം

4. കുഞ്ഞുമായി ബന്ധം കാണിക്കാതിരിക്കുക

5. എന്നെ ഒന്നിനും കൊള്ളില്ല എന്ന ചിന്ത,

6. കുറ്റബോധം

7. ജീവിതപ്പങ്കാളിക്ക് തന്നെ വേണ്ട അല്ലെങ്കിൽ ഇഷ്ടമില്ല എന്ന ചിന്ത

8. ശ്രദ്ധക്കുറവ്

9. ജീവിതത്തോടുള്ള മടുപ്പ്

10. ഏറ്റവും രൂക്ഷമായ അവസ്ഥയിൽ ആത്മഹത്യ പ്രവണത

ഇതിനെ എങ്ങനെ നേരിടാം

പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനെ ഒരു രോഗമായി കണക്കാക്കാതെ ഇത് ജീവിതത്തിന്‍റെ അവിഭാജ്യ സമയം ആണെന്നും ഇതിനെ മറി കടക്കേണ്ടത് എന്‍റെ ആവശ്യം ആണെന്നും എനിക്കു അത് സാധിക്കും എന്ന ഉൾക്കരുത്ത് നേടേണ്ടതും ആണ് ആദ്യമായി ചെയ്യേണ്ടത്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഞാൻ മാത്രമല്ല ഈ അവസ്ഥയിൽ കൂടെ കടന്നു പോകുന്ന ആദ്യത്തെ വ്യക്തി എന്നും, സര്‍വ്വസാധാരണമായി കണ്ടു വരുന്ന ഒന്നാണെന്നും മനസ്സിലാക്കുകയാണ്. ജീവിതത്തിൽ പോസിറ്റിവിറ്റിയിലേക്കുള്ള സ്ഥാനം വളരെ വലുതാണ്. ഗർഭിണി ആണെന്ന് അറിയുന്ന നിമിഷം മുതൽ മനസ്സിനെ നന്നായി ഒരുക്കണം. മാറാൻ പോകുന്ന ജീവിത സാഹചര്യങ്ങളെ മനസ്സിൽ കണ്ടു അതിനെ ധരണംച്ചെയ്യുന്ന രീതികൾ ഓർത്ത് വയ്ക്കുക. തനിയെ ചെയ്യാൻ പറ്റിയതും അല്ലാത്തതുമായ കാര്യങ്ങൾ തരം തിരിക്കുക. ജീവിതപങ്കാളിയുമായോ അല്ലെങ്കിൽ സഹായത്തിനായി കൂടെ ഉള്ളവരുമായോ നിങ്ങളുടെ തീരുമാനങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ പങ്കുവെയ്ക്കുക. ഉത്തരവാദിത്വങ്ങൾ പങ്ക് വയ്ക്കുന്നത് പരസ്പരമുള്ള അടുപ്പം കൂട്ടാനും തളർച്ചയിൽ താങ്ങാൻ ആളുണ്ട് എന്ന ബോധ്യം നല്‍കുകയും ചെയ്യും. സഹായം ആവശ്യമെന്ന് തോന്നുന്ന കാര്യങ്ങൾക്കായി നേരത്തെ പ്ലാൻ തയ്യാറാക്കി വയ്ക്കുക. ഇനി ഉത്തരവാദിത്വങ്ങളിൽ സഹായിക്കാൻ സാധിക്കാത്ത പങ്കാളികൾ (ദൂരെ അല്ലെങ്കില്‍ വിദേശത്ത് ജോലിയിൽ ആയിരിക്കുന്നവർ) മാതാപിതാക്കളുടെയോ അതുപോലെ ആശ്രയിക്കാൻ പറ്റിയവരുമായോ സംസാരിച്ചു സഹായം ഉറപ്പു വരുത്താം.


ഇതൊരു മാറാരോഗം അല്ല. സാഹചര്യങ്ങൾ മാറ്റുന്നതിലൂടെ അല്ലെങ്കിൽ സഹായം നല്കുന്നതിലൂടെ 90% അസ്വസ്ഥതകളും മാറ്റുവാൻ സാധിക്കും. അല്ലാത്തവർക്ക് ചികിത്സയും ലഭ്യമാണ്. ഭരത്താവിന്‍റെ സാമീപ്യവും സാന്നിധ്യവും ആണ് ഏറ്റവും അവിഭാജ്യമായ ഘടകം. പല തരത്തിലുള്ള ചികിത്സാവിധികൾ ഉണ്ട്. ചികിത്സയ്ക്ക് ഏറ്റവും തടസ്സമായി നിൽക്കുന്ന കാര്യം “നാണക്കേട്” ആണ്. അങ്ങനെ ചികിത്സ സ്വീകരിക്കാതെ കുടുംബ ജീവിതം തകർന്നു നാശമായതിന് ശേഷം പരസ്പരം പഴിച്ചു ജീവിതം കഴിക്കുകയോ വിവാഹ മോചനത്തിൽ എത്തിച്ചേരുകയോ ചെയ്യുന്നു.

ഇത് ഒരു മാനസിക അസ്വസ്ഥത മാത്രമാണ്. ചികിത്സിച്ചാല്‍ മാറാവുന്ന സാധാരണ എല്ലാ അസുഖങ്ങളെയും പോലെ ഉള്ള ഒന്ന്. ഇത് പകരുന്ന രോഗവും അല്ല. അതിനാൽ ശരിയായ സമയത്ത് നല്കുന്ന ചികിത്സ നിങ്ങളുടെ കുടുംബത്തെ ആണ് രക്ഷിക്കുന്നതു. ചിലപ്പോൾ ഒരു കൌൺസിലിങ്ങിലൂടെ മാറാൻ മാത്രം ഉള്ളതായിരിക്കാം. താൻ തനിച്ചാണ് എന്ന ചിന്തയകറ്റി ദൈവാശ്രയബോധത്തോടെ ശ്രമിച്ചാൽ ഈ അവസ്ഥയെ മറികടക്കാൻ എല്ലാവർക്കും കഴിയും.

ബിന്ദു കുരുവിള

അസോസിയെറ്റ് നേഴ്സ് യൂനിറ്റ് മാനേജര്‍ (ഓസ്‌ട്രേലിയ)  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.